മസെരാട്ടി എംസിപൂര ഇന്ത്യയിൽ എത്തി
Friday, October 17, 2025 11:24 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇറ്റാലിയൻ ലക്ഷ്വറി കാർ ബ്രാൻഡായ മസെരാട്ടിയുടെ മിഡ് എൻജിൻ സൂപ്പർകാർ എംസി 20 മുഖം മിനുക്കി എംസിപൂര എന്ന പുതിയ പേരിൽ ഇന്ത്യൻ വിപണിയിൽ എത്തി. ഇറ്റാലിയൻ ഭാഷയിൽ ‘പൂര’ എന്ന വാക്കിന് അർഥം ‘ശുദ്ധമായ’ എന്നാണ്. ആഗോളതലത്തിൽ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് വാഹനം ഇന്ത്യയിലെത്തുന്നത്.
മെക്കാനിക്കൽ സൈഡിൽ മാറ്റമില്ലാതെ എക്സ്റ്റീരിയർ, ഇന്റീരിയർ, മെറ്റീരിയലുകൾ, ഫിനിഷുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയാണ് പൂര എത്തിയിരിക്കുന്നത്. എംസിപൂര കൂപ്പെ, എംസിപൂര സീലോ എന്നീ രണ്ട് പതിപ്പുകളിലാണ് ഈ സൂപ്പർകാർ ലഭ്യമാകുക. എംസിപൂര കൂപ്പെയ്ക്ക് 4.12 കോടി രൂപയും എംസിപൂര സീലോയ്ക്ക് 5.12 കോടി രൂപയുമാണ് എക്സ് ഷോറും വില.
റെയിൻബോ
പുതുതായി വികസിപ്പിച്ച എഐ അക്വാ റെയിൻബോ നിറത്തിലാണ് വാഹനം എത്തുക. സൂര്യപ്രകാശത്തിൽ നിറം മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. സൂര്യപ്രകാശത്തിന്റെ ചലനത്തിൽ വാഹനത്തിൽ മഴവില്ല് ഇഫക്റ്റ് സൃഷ്ടിക്കുന്നു. കൂപ്പെ പതിപ്പിന് മാറ്റ് ഫിനിഷും സീലോ പതിപ്പിന് ഗ്ലോസ് ഫിനിഷുമാണ് വരുന്നത്. ഡെവിൾ ഓറഞ്ച്, വെർഡെ റോയൽ, നൈറ്റ് ഇന്ററാക്ഷൻ എന്നിവയുൾപ്പെടെ 30ലധികം കളർ ഓപ്ഷനുകളിൽ വാഹനം കസ്റ്റമൈസേഷൻ ചെയ്യാം.
വേഗതയിൽ സഞ്ചരിക്കാൻ പ്രപ്തമാക്കുന്ന കാർബണ് ഫൈബർ ബോഡിയുള്ള എംസിപൂരയുടെ രണ്ടു പതിപ്പിലും ബട്ടർഫ്ലൈ ഡോറുകളാണ് വരുന്നത്. സീലോയ്ക്ക് പിറകോട്ട് നീങ്ങുന്ന ഗ്ലാസ് മേൽക്കൂരയാണുള്ളത്.
അൽകാന്റാര
രണ്ടു പതിപ്പിലും കാബിനിലെ മാറ്റം പുതിയ സ്റ്റിയറിംഗ് വീലും ലേസർ എച്ചിംഗ് ഉപയോഗിച്ച് 3ഡി ഇഫക്റ്റ് ഉള്ള അൽകാന്റാര സീറ്റുകൾ നൽകിയിട്ടുണ്ടെന്നുള്ളതുമാണ്. ടച്ച്സ്ക്രീൻ, വെർച്വൽ ക്ലസ്റ്റർ, ഡാഷ്ബോർഡ് ലേഒൗട്ട് എന്നിവ എംസി20ന് സമാനമാണ്.
എംസിപൂരയുടെ ഗ്രിൽ എംസി20ന്റേതു തന്നെയാണെങ്കിലും ബന്പർ കൂടുതൽ സ്ട്രീംലൈൻ ചെയ്തിട്ടുണ്ട്. ഹെഡ്ലാന്പുകൾക്ക് താഴെ വലിയ എയർ ഇൻടേക്കുകൾ ഉണ്ട്. മസെരാട്ടി ലോഗോയും ബാഡ്ജിംഗും ഗ്രിൽ, സി-പില്ലർ, വീൽ സെന്റർ ക്യാപ്പുകൾ എന്നിവയിൽ നീല മൈക്ക ഉപയോഗിച്ച് മജന്ത നിറത്തിൽ നൽകിയിരിക്കുന്നു.
നെറ്റുനോ
മസെരാട്ടി നെറ്റുനോ എന്ന് വിളിക്കുന്ന 630 ബിഎച്ച്പി പവറും 720 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ട്വിൻ-ടർബോ വി6 പെട്രോൾ എൻജിനാണ് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പിൻ ചക്രങ്ങളിലേക്ക് പവർ നൽകുന്നു.
2.9 സെക്കൻഡിനുള്ളിൽ വാഹനം 0-100 കിലോമീറ്റർ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 325 കിലോമീറ്ററാണ്. ആറ് കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്. ജിടി, സ്പോർട്, കോർസ, വെറ്റ് എന്നീ നാല് ഡ്രൈവിംഗ് മോഡുകൾ എംസിപൂരയിലുണ്ട്.
വില : 4.12 കോടി
മൈലേജ് : 6 കിലോമീറ്റർ