അറ്റാദായത്തിൽ 12.8% വർധനവ് ; കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്
Friday, October 17, 2025 11:24 PM IST
മുംബൈ: 2025-26 സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 12.8 ശതമാനം വർധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്ഫോംസ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്.
വർധിച്ച ഡേറ്റ ഉപയോഗവും ഉയരുന്ന വരിക്കാരുടെ എണ്ണവുമാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായത്തിൽ വർധനവുണ്ടാ ക്കിയത്. ജിയോ എയർ ഫൈബർ വരിക്കാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി.
മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകളുടെ മാതൃ കന്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.6 ശതമാനം വർധനയോടെ 36,332 കോടി രൂപയിലെത്തി. മുൻ വർഷം രണ്ടാം പാദത്തിൽ ഇത് 31,709 കോടി രൂപയായിരുന്നു.
2025 സാന്പത്തികവർഷത്തിലെ രണ്ടാം പാദത്തിലെ മൊത്തത്തിലുള്ള വരുമാനം 42,652 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.9 ശതമാനമാണ് വർധന.
പ്രതി ഉപഭോക്താവിൽ നിന്നുള്ള വരുമാനം (എആർപിയു) 8.4 ശതമാനം വർധിച്ച് 211.4 രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ എആർപിയു 195.1 രൂപയായിരുന്നു.