ഹമാസിന്റെ നിരായുധീകരണം; കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
Tuesday, October 21, 2025 10:18 PM IST
റിയാദ്: വെടിനിർത്തലിനു ശേഷവും ഗാസയിൽ അസമാധാനം വിതയ്ക്കുന്ന ഹമാസിനെതിരേ കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ.
ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസയുടെ പുനർനിർമാണത്തിൽ പങ്കുചേരില്ലെന്ന് സൗദി അറേബ്യയും യുഎഇയും ബഹറിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംയുക്തമായി അറിയിച്ചതെന്ന് ഇസ്രേലി പത്രമായ ഇസ്രയേൽ ഹയോൺ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിനെ പ്രകോപിപ്പിക്കുംവിധം വെടിനിർത്തൽ ലംഘനം നടത്തിയതും ഗാസയിലെ എതിർ ഗോത്രവിഭാഗങ്ങളെ പരസ്യമായി വധിക്കുന്ന വിവരവും പുറത്തുവന്നതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ കടുത്ത നിലപാടെന്ന് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
ഹമാസിനെ നിരായുധീകരിക്കുന്നതിൽ ഇടനിലക്കാരായ ഈജിപ്തും ഖത്തറും മൃദുസമീപനം കാണിച്ചാൽ വെടിനിർത്തൽ തകരുമെന്ന് കരാറിനു രൂപം നൽകിയ അമേരിക്കയിലെ മധ്യപൂർവ ദേശത്തിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കൊറെ കുഷ്നർ എന്നിവരെ മൂന്നു രാജ്യങ്ങളും അറിയിച്ചു.
നിരായുധീകരണവുമായി ഹമാസ് നിസഹകരിക്കുന്ന പക്ഷം വെടിനിർത്തൽ പരാജയപ്പെടുമെന്നും മൂന്ന് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ഗാസയിലെ എതിർ ഗോത്രവിഭാഗക്കാരെ ഹമാസ് ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്നും മൂന്നു രാജ്യങ്ങളും ആരോപിച്ചു.
ഹമാസാണ് ഗാസയെ നശിപ്പിച്ചതെന്നും ഹമാസിന്റെ കൈകളിൽ ഒരൊറ്റ കലാഷ്നിക്കോവ് തോക്ക് ഉള്ളിടത്തോളം കാലം തങ്ങൾ പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും സൗദിയിലെ ഒരു മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇസ്രയേൽ ഹയോൺ പത്രറിപ്പോർട്ടിലുണ്ട്.
അമേരിക്കയുടെ നിർണായക ഇടപെടലും മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ സമീപനത്തിൽ മാറ്റവും ഉണ്ടായില്ലെങ്കിൽ സമാധാന പദ്ധതിയുടെ തുടർചർച്ചകളുമായി സഹകരിക്കില്ലെന്ന് സൗദി നയതന്ത്ര പ്രതിനിധി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
സമാധാനപദ്ധതിയുടെ ഭാഗമായി ഹമാസ് നിലവിലെ അവസ്ഥയിൽ തുടരുകയാണെങ്കിൽ ഗാസ പ്രശ്നത്തിനോ പലസ്തീൻ പ്രശ്നത്തിന് പൊതുവിലോ ഉടനൊന്നും പരിഹാരമാകില്ല. പലസ്തീൻ ജനതയ്ക്ക് വലിയ ദോഷമാണ് ഹമാസ് വരുത്തിവച്ചത്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ഗാസ മുനമ്പിന്റെ സർവനാശത്തിനും കാരണമായ ഒരു യുദ്ധം അവർ വിളിച്ചുവരുത്തി -സൗദി നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.
ഹമാസിന്റെ നിയന്ത്രണത്തിലല്ലാത്ത, ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയുടെ പുനർനിർമാണത്തിൽ മാത്രമേ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് യുഎഇ അറിയിച്ചതായും 1948ലെ അറബ്-ഇസ്രയേൽ യുദ്ധത്തേക്കാൾ വലിയ ദുരന്തം വരുത്തിവച്ച് ഹമാസ് ഗാസയെ നശിപ്പിക്കുകയാണെന്നും സൗദി നയതന്ത്ര പ്രതിനിധി പറഞ്ഞതായും ഇസ്രേലി പത്രം റിപ്പോർട്ട് ചെയ്തു.