ലൂവ്റ് മോഷ്ടാക്കൾക്കായി ഊർജിത തെരച്ചിൽ; അമൂല്യ രത്നങ്ങൾ മുറിച്ചുവിൽക്കുമെന്ന് ഭയം
Monday, October 20, 2025 11:48 PM IST
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു മോഷണം പോയ അമൂല്യ ആഭരണങ്ങൾ കണ്ടെത്താനായി ഊർജിത ശ്രമം. 60 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രബല ക്രിമിനൽ സംഘങ്ങളാണു കവർച്ചയ്ക്കു പിന്നിലെന്ന് അനുമാനിക്കുന്നു.
ഫ്രാൻസിന്റെ ചരിത്രവും പാരന്പര്യവുമായി അഭേദ്യബന്ധമുള്ള എട്ട് ആഭരണങ്ങളാണ് ഞായറാഴ്ച രാവിലെ ലൂവ്റിലെ അപ്പോളോ ഗാലറിയിൽനിന്നു മോഷ്ടിക്കപ്പെട്ടത്.
നെപ്പോളിയൻ ബോണപ്പാർട്ട് രണ്ടാം ഭാര്യ മേരി ലൂയിക്കു വിവാഹസമ്മാനമായി നല്കിയ മരതകം പതിച്ച മാല, കമ്മൽ, ബോണപ്പാർട്ടിന്റെ ആദ്യ ഭാര്യ ജോസഫൈൻ ചക്രവർത്തിനിയുടെ മുൻ വിവാഹത്തിലുള്ള മകൾ ഹോർട്ടൻസ് രാജ്ഞിയുടെയും ലൂയി ഫിലിപ്പ് ഒന്നാമൻ രാജാവിന്റെ ഭാര്യ മേരി അമേലി രാജ്ഞിയുടെയും മാല, കമ്മൽ, ശിരോമകുടം, നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ പത്നി യൂജീൻ രാജ്ഞിയുടെ ശിരോമകുടം, സൂചിപ്പതക്കം എന്നിവയാണു നഷ്ടപ്പെട്ടിരിക്കുന്നത്.
യൂജീൻ ചക്രവർത്തിനിയുടെ കിരീടവും മറ്റൊരാഭരണവും മോഷ്ടിച്ചെങ്കിലും രക്ഷപ്പെടാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ താഴെവീണ നിലയിൽ കണ്ടെത്തി. കിരീടത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നാലു പേരാണു മോഷണത്തിൽ പങ്കെടുത്തതെന്ന് അനുമാനിക്കുന്നു. യന്ത്രോപകരണങ്ങളുമായി അപ്പോളോ ഗാലറിയിൽ പ്രവേശിച്ച കള്ളന്മാർ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന പെട്ടി തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതിവിദഗ്ധരായ മോഷ്ടാക്കൾ കൃത്യമായ പദ്ധതിയോടെയാണു മോഷണം നടത്തിയതെന്നു ഫ്രഞ്ച് സാംസ്കാരികവകുപ്പ് മന്ത്രി റഷീദ ദാത്തി ചൂണ്ടിക്കാട്ടി.
മോഷണ സമയത്ത് മ്യൂസിയത്തിലെ അലാറം സംവിധാനം പ്രവർത്തിച്ചില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. മോഷണവസ്തുക്കൾ നേരിട്ടു വിൽക്കുക എളുപ്പമാവില്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. ആഭരണങ്ങളിലെ വിലപിടിപ്പുള്ള രത്നങ്ങൾ മുറിച്ചുവിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക. അതിനു മുന്പേ ആഭരണങ്ങൾ വീണ്ടെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോഷണത്തിന്റെ പശ്ചാത്തലത്തിൽ ലൂവ്റ് മ്യൂസിയം ഇന്നലെയും തുറന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നല്കുമെന്നാണ് അറിയിപ്പ്.