ഇറാക്കിൽ ഐഎസ് ഭീകരർ നശിപ്പിച്ച രണ്ടു പള്ളികൾ വിശ്വാസികൾക്കായി തുറന്നു
Monday, October 20, 2025 11:48 PM IST
ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നശിപ്പിച്ച മാർ തോമ്മ, അൽ-തഹിറാ എന്നീ രണ്ടു പുരാതന പള്ളികൾ പുനർനിർമിച്ച് വിശ്വാസികൾക്കായി വീണ്ടും തുറന്നു.
നിനവെ ഗവർണർ അബ്ദുൾ ഖാദർ അൽ ദാഖിൽ ഉദ്ഘാടനം നിർവഹിച്ചു. കൽദായ പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, ആഗോള സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഈ പള്ളികൾ നമ്മുടെ വേരുകളും ചരിത്രവുമാണെന്നും നമുക്ക് അവയെ ജീവനോടെ നിലനിർത്തണമെന്നും പള്ളികളുടെ പുനഃപ്രതിഷ്ഠാച്ചടങ്ങിൽ ഇറാക്കിലെ കൽദായ സഭയുടെ തലവൻ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു.
ഏതാനും പതിറ്റാണ്ടുകൾക്കുമുമ്പ് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറും രണ്ടുലക്ഷം വിശ്വാസികൾ മാത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് ഒരിക്കലും വിശ്വാസവും പ്രത്യാശയും കൈമോശം വന്നിട്ടില്ലെന്നും എല്ലാം പ്രത്യാശയിൽ അധിഷ്ഠിതമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഒന്നിന് മൊസൂളിലെ അൽ-താഹെറ എന്നറിയപ്പെടുന്ന അമലോത്ഭവമാതാ പള്ളിയും ഡൊമിനിക്കൻ മോണസ്ട്രിയോടു ചേർന്നുള്ള പരിശുദ്ധ ദൈവമാതാവിന്റെ പള്ളിയും നവീകരണത്തിനുശേഷം ഇറാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു.
2014ൽ ഐഎസ് വടക്കൻ ഇറാക്ക് കീഴടക്കിയപ്പോൾ അവർ ഇറാക്കിന്റെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിനെ അവരുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഇതോടെ ക്രൈസ്തവർ, യസീദികൾ തുടങ്ങി നിരവധി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും ആയിരങ്ങൾ പലായനം ചെയ്യുകയുമുണ്ടായി.
2017ൽ നഗരം മോചിതമായപ്പോൾ തിരിച്ചെത്തിയവർ കണ്ടത് പൊളിഞ്ഞ വീടുകളും തകർന്ന പള്ളികളും മാത്രമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച മാർ തോമ്മ പള്ളി ഐഎസിന്റെ കാലത്തു തടവറയായി ഉപയോഗിച്ചിരുന്നു. ഈ പള്ളിക്കുള്ളിലുണ്ടായിരുന്ന പുരാതന ശില്പങ്ങളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
പള്ളികളുടെ പുനർനിർമാണ പദ്ധതിക്ക് നേതൃത്വം നൽകിയത് ലോകമെമ്പാടുമുള്ള സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ അലിഫ് ഫൗണ്ടേഷനായിരുന്നു.