ഗാസ വെടിനിർത്തൽ തുടരും
Monday, October 20, 2025 11:48 PM IST
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് വെടിനിർത്തൽ ലംഘിച്ചു എന്നാരോപിച്ച് ഇസ്രേലി സേന ഞായറാഴ്ച ഗാസയിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ പ്രാബല്യത്തിലാണെന്ന് ഇസ്രേലി സേനയും വെടിനിർത്തലിനു പ്രതിജ്ഞാബദ്ധമാണെന്നു ഹമാസും പറഞ്ഞു.
ഗാസയിൽ തുടരുന്ന ഇസ്രേലി സേനയെ ഹമാസ് ഭീകരർ ആക്രമിച്ചതിനെത്തുടർന്നാണ് ഇസ്രേലി സേന തെക്കൻ ഗാസയിലെ റാഫയിൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.
ഇതിനു മറുപടിയായി ഹമാസിന്റെ കേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തുകയായിരുന്നു. തുരങ്കങ്ങളടക്കം ആക്രമിക്കപ്പെട്ടു. 44 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യസംവിധാനങ്ങൾ അറിയിച്ചു.
ഹമാസ് ‘വിമതരുടെ’ നടപടികൾ വെടിനിർത്തലിനു ഭീഷണി ഉയർത്തുന്നതായി ട്രംപ് വിശദീകരിച്ചു. ഞായറാഴ്ചത്തെ സംഭവവികാസങ്ങൾക്കു കാരണം ഹമാസ് ‘വിമതർ’ ആകാമെന്നും ഹമാസ് നേതൃത്വം ആയിരിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും യുഎസ് പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇന്നലെ ഇസ്രയേലിലേക്കു തിരിച്ചു. വെടിനിർത്തൽ തുടരാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്താനാണു സന്ദർശനമെന്നു സൂചനയുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വരുംദിവസങ്ങളിൽ ഇസ്രയേലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.