ഹമാസിന്റെ തടങ്കലിൽ മരിച്ച നേപ്പാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, October 20, 2025 11:48 PM IST
കാഠ്മണ്ഡു: ഹമാസ് ഭീകരരുടെ തടങ്കലിൽ മരിച്ച നേപ്പാൾ വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ഇന്നലെ ഇസ്രയേലിൽനിന്നു നേപ്പാളിലെത്തിച്ചു.
2023 ഒക്ടോബർ ഏഴിന് കിബ്ബുട്സ് അലുമിമിൽനിന്നാണ് ബിപിൻ ജോഷിയെ(23) ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. യുദ്ധത്തിന്റെ ആദ്യമാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രേലി സേനയുടെ നിഗമനം.
ഇന്നലെ ബിപിന്റെ മൃതദേഹം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ പ്രധാനമന്ത്രി സുശീല കർക്കി ആദരാഞ്ജലി അർപ്പിച്ചു. ഓരോ നേപ്പാളിയുടെയും ഹൃദയങ്ങളിൽ ബിപിൻ ജീവിക്കുമെന്ന് സുശീല കർക്കി പറഞ്ഞു. ബിപിന്റെ മൃതദേഹത്തിൽ നേപ്പാൾ ദേശീയപതാക പുതപ്പിച്ചു. പടിഞ്ഞാറൻ നേപ്പാളിലെ കഞ്ചൻപുർ സ്വദേശിയാണ് ബിപിൻ.