ഹോങ്കോംഗിൽ ചരക്കുവിമാനം കടലിൽ പതിച്ചു
Monday, October 20, 2025 11:48 PM IST
ഹോങ്കോംഗ്: ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ചരക്കുവിമാനം റൺവേയിൽനിന്നു തെന്നി കടലിൽ പതിച്ച അപകടത്തിൽ രണ്ടു പേർ മരിച്ചു. ദുബായിൽനിന്നെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റൺവേയിൽനിന്നു തെന്നിനീങ്ങിയ വിമാനം വിമാനത്താവളത്തിലെ പട്രോൾ വാഹനത്തെയും ഇടിച്ച് കടലിലിട്ടു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരാണു മരിച്ചത്. രണ്ടായി ഒടിഞ്ഞ വിമാനത്തിലുണ്ടായിരുന്ന നാലു ജീവനക്കാരെ രക്ഷപ്പെടുത്തി.
സുരക്ഷയിൽ മുന്നിലുള്ള ഹോങ്കോംഗ് വിമാനത്താവളത്തിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കൃത്യമായ നിർദേശങ്ങൾ നല്കിയിരുന്നതായി വിമാനത്താവളം ജീവനക്കാർ പറഞ്ഞു.