സനായ് തകായ്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
Tuesday, October 21, 2025 10:18 PM IST
ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനായ് തകായ്ചി. ഷിഗേരു ഇഷിബയുടെ പിൻഗാമിയായാണ് തീവ്ര യാഥാസ്ഥിതിക നേതാവായ തകായ്ചി (64) തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈയിൽ പാർലമെന്റ് ഉപരിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത പരാജയം നേരിട്ടതിനെത്തുടർന്നായിരുന്നു ഇഷിബയുടെ രാജി.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന അധോസഭയിൽ തകായ്ചി 237 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ പാർട്ടി നേതാവായ യോഷികോകോ നോഡയ്ക്ക് 149 വോട്ടുകളാണ് ലഭിച്ചത്. പ്രധാനമന്ത്രിപദത്തിലെത്തിയെങ്കിലും തകായ്ചിയുടെ സഖ്യത്തിനു പാർലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല.
അതിനാൽ നിയമനിർമാണത്തിനായി മറ്റു കക്ഷികളെ ആശ്രയിക്കേണ്ടിവരും. മുൻ സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന തകായ്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യയാണ്. അഞ്ച് വർഷത്തിനിടെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് തകായ്ചി.