പാരീസിലെ കവർച്ചക്കാർ കാണാമറയത്ത്
Tuesday, October 21, 2025 10:18 PM IST
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്.
കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്. എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക.
അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.
മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും.
സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്. ഇതിനു മുൻപും ഈ സംഘം സമാന കവർച്ച നടത്തിയിട്ടുണ്ടാകാമെന്നും ആർതർ ബ്രാൻഡ് ചൂണ്ടിക്കാട്ടുന്നു.
മോഷ്ടാക്കളുടെ ഒരു മേൽക്കുപ്പായവും ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്നും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ തെളിവുകളാവും മോഷ്ടാക്കളെ പിടികൂടുന്നതിലേക്ക് നയിക്കുകയെന്നും ബ്രാൻഡ് പറയുന്നു.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾക്ക് ഏകദേശം 13.4 ദശലക്ഷം ഡോളർ വില വരുമെന്ന് ഓൺലൈൻ ജ്വല്ലറിയായ 77 ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ടോബിയാസ് കോർമിൻഡ് പറയുന്നു. രത്നങ്ങൾ നീക്കം ചെയ്യാൻ ഒരു വിദഗ്ധന്റെയും, കല്ലുകൾ മാറ്റാൻ പ്രഫഷണൽ ഡയമണ്ട് കട്ടറിന്റെയും സഹായം വേണ്ടിവരും.
പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ചെറിയ കല്ലുകൾ അവർക്ക് വിൽക്കാൻ കഴിഞ്ഞേക്കുമെന്നും ടോബിയാസ് കോർമിൻഡ് പറഞ്ഞു. ഫ്രാൻ സിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു മോഷ്ടിക്കപ്പെട്ടത്.