സ്ലോവാക്യൻ പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചയാൾക്ക് 21 വർഷം തടവ്
Tuesday, October 21, 2025 10:18 PM IST
ബ്രാട്ടിസ്ലാവ: സ്ലോവാക്യയിലെ ജനകീയ പ്രധാനമന്ത്രിയായ റോബർട്ട് ഫികോയ്ക്കു നേരേ വധശ്രമം നടത്തിയ പ്രതിയെ 21 വർഷത്തെ തടവിനു കോടതി വിധിച്ചു. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള അവസരമുണ്ട്.
2024 മെയ് 15നാണ് ജുരജ് സിന്റുല (72)എന്നയാൾ ഹാൻഡ്ലോവ പട്ടണത്തിൽ വച്ച് പ്രധാനമന്ത്രിക്കു നേരേ വെടിയുതിർത്തത്. അക്രമത്തിന് പിന്നാലെ അധികം വൈകാതെ അക്രമി പിടിയിലായിരുന്നു.
അടിവയറ്റിൽ വെടിയേറ്റ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏഴു മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.