മുഹൂർത്തമെത്തി; ഇനി നിക്ഷേപം
Tuesday, October 21, 2025 12:58 AM IST
മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള മുഹൂര്‍ത്ത വ്യാപാര പ്രതീക്ഷയിൽ നിക്ഷേപകര്‍. ഓഹരി വിപണിയിൽ എല്ലാ വർഷവും ദീപാവലി ദിനത്തിൽ നടക്കുന്ന മുഹൂർത്ത വ്യാപാരം ഇത്തവണ ദീപാവലി ക്കു ശേഷമാണ്.
ഹിന്ദു കലണ്ടർപ്രകാരമുള്ള പുതിയ സാമ്പത്തിക വര്‍ഷമായ സംവത് 2082 ന്റെ തുടക്കമായ ദീപാവലി ദിനത്തിൽ നിക്ഷേപം നടത്തുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി സായാഹ്നത്തിനു മുന്‍പാണ് ഇന്നത്തെ മുഹൂര്‍ത്ത വ്യാപാരം.
സാധാരണ ദിവസങ്ങളിലെപ്പോലെതന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. എന്നാൽ, സമയം ഒരു മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം.
ദീപാവലി ദിനത്തില്‍ നടക്കുന്ന ഈ ഒരു മണിക്കൂര്‍ പ്രത്യേക വ്യാപാരം പുതിയ നിക്ഷേപങ്ങളുടെ ശുഭാരംഭമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ഹ്രസ്വകാല വ്യാപാരത്തേക്കാള്‍ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളോടെ സമീപിക്കാനാണ് സാന്പത്തിക വിദഗ്ധരുടെ ഉപദേശം.
മുഹൂര്‍ത്ത വ്യാപാരത്തിന്റെ സമയക്രമം: മുന്‍കൂട്ടിയുള്ള വ്യാപാരം ഉച്ചയ്ക്ക് 1.30 മുതല്‍ 1.45 വരെയും, പ്രധാന വ്യാപാര സമയം 1.45 മുതല്‍ 2.45 വരെയും ആയിരിക്കും. തുടര്‍ന്ന് 3.05 വരെ ക്ലോസിംഗ് സെഷനാണ്. നാളെ ബലിപ്രതിപാദ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയായിരിക്കും.
മുഹൂർത്ത വ്യാപാരത്തിൽ സ്വർണത്തിനും വെള്ളിക്കുമൊപ്പം ബാങ്കിംഗ് ഫിനാൻസ് ഓഹരികളിലും നിക്ഷേപകർ നോട്ടമിടുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ഓഹരി വിപണിക്ക് കുതിപ്പേകിയ ദിനമായിരുന്നു ദീപാവലി. നിഫ്റ്റി 133.30 പോയിന്റ് ഉയർന്ന് 25843.15 പോയിന്റിലും സെൻസെക്സ് 411.18 പോയിന്റ് കയറി 84363.37ലുമാണ് വ്യാപാരം അവസാനിച്ചത്.