നാളികേര മേഖലയിൽ ആശങ്ക
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, October 20, 2025 12:28 AM IST
ദീപാവലി വേളയിൽ പ്രകാശം പരത്താൻ വെളിച്ചെണ്ണയ്ക്കായില്ല, നാളികേര മേഖല ആശങ്കയിൽ. തായ്ലൻഡിൽ ടാപ്പിംഗ് രംഗം സജീവം, യെന്നിന്റെ വിനിമയ മൂല്യത്തിലെ തളർച്ച നിക്ഷേപകരെ പിന്നാക്കം വലിച്ചത് ആഗോള റബർ വിലയെ ബാധിച്ചു. കുരുമുളക് വിലക്കയറ്റത്തിനിടയിൽ ചരക്ക് വിറ്റുമാറാൻ സ്റ്റോക്കിസ്റ്റുകൾ ഉത്സാഹിച്ചു. കുതിപ്പുകൾക്കുശേഷം ആഗോള സ്വർണവിപണിയിൽ മലക്കംമറിച്ചിൽ.
കുതിപ്പ് നഷ്ടപ്പെട്ട് വെളിച്ചെണ്ണ
ദീപാവലി വേളയിൽ നാളികേര വിപണിയിൽ പ്രകാശം പരത്തുന്ന വെളിച്ചെണ്ണയ്ക്ക് ഇക്കുറി തിളങ്ങാനായില്ല. ദക്ഷിണേന്ത്യൻ നാളികേര മേഖല ഏറെ പ്രതീക്ഷകളോടെയാണ് ദീപാവലിയെ വരവേൽക്കാൻ ഒതുങ്ങിയതെങ്കിലും ഭക്ഷ്യയെണ്ണ വിപണിയിൽ വെളിച്ചെണ്ണ ഇതര പാചകയെണ്ണകളുടെ വിലയെ അപേക്ഷിച്ച് ഉയർന്നുനിന്നത് വില്പനയെ ബാധിച്ചു. മൂന്ന് മാസം മുന്നേ കിന്റലിനു 40,000 രൂപ വരെ എണ്ണ വില ഉയർന്നതിനിടയിൽ വലിയ പങ്ക് ഉപഭോക്താക്കളും വില കുറഞ്ഞ ഇതര പാചകയെണ്ണകളിലേക്ക് ചുവടുമാറ്റിയത് കേരളത്തിലെ വിപണികളിൽ പോലും വെളിച്ചെണ്ണയ്ക്കുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെടാൻ ഇടയാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വില്പന നടക്കുന്നത് ദീപാവലി വേളയിലാണ്. ഇക്കുറി നിലക്കടല, പാം ഓയിൽ, സൂര്യകാന്തി, സോയ എണ്ണകൾക്ക് വിപണിയിൽ പ്രിയം വർധിച്ചപ്പോൾ കാലിടറിയ ഏക പാചകയെണ്ണ വെളിച്ചെണ്ണയാണ്.
കേരളത്തിൽ ക്വിന്റലിനു 36,000 രൂപയിൽ നീങ്ങുമ്പോൾ തമിഴ്നാട് 30,000 രൂപയ്ക്ക് ചരക്ക് വാഗ്ദാനം ചെയ്തിട്ടുപോലും വിപണിയിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണ്. എണ്ണ വില്പന ചുരുങ്ങിയത് കൊപ്രയ്ക്ക് ഡിമാൻഡ് കുറച്ചു, ഫലത്തിൽ നാളികേരത്തിനും ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവും.

നാളികേരത്തിന്റെ വിലയിടിവ് കണ്ട് തമിഴ്നാടിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പിനു കർഷകർ തിടുക്കം കാണിക്കുന്നുണ്ട്. മൂപ്പ് കുറഞ്ഞ തേങ്ങ കൂടുതലായി വിപണികളിൽ ഇറങ്ങിയാൽ വിലയിടിവിന്റെ ആക്കം വർധിക്കാം. ഇതിനിടയിൽ ഒരു ബഹുരാഷ്ട്ര കമ്പനി താഴ്ന്ന വിലയ്ക്ക് കൊപ്ര സംഭരണത്തിനു രംഗത്ത് ഇറങ്ങി.
വൻ വിലയ്ക്ക് വെളിച്ചെണ്ണ വില്പന നടത്തുന്ന അവർക്ക് എണ്ണവില കൂടുതൽ ഇടിയുന്നതിനോട് താത്പര്യമില്ല. ബ്രാൻഡ് നാമത്തിൽ ഒരു നിശ്ചിത വില നിലനിർത്തി വ്യാപാരം മുന്നോട്ട് കൊണ്ടുപോകാനായാൽ ലാഭം ഇരട്ടിക്കുമെന്ന നിലപാടിലാണവർ. ഇതിനിടയിൽ മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചർ വിലയിൽ വെള്ളിയാഴ്ച ഇടിവ് സംഭവിച്ചു. രാജ്യാന്തര വിപണിയിലെ ഈ തളർച്ച ഇന്ത്യൻ ഭക്ഷ്യയെണ്ണ വിലകളെ സ്വാധീനിക്കും. പാം ഓയിൽ ടണ്ണിന് 1068 ഡോളറായി താഴ്ന്നു.
റബറിനു പ്രതിസന്ധിയായി മഴ
കാലവർഷം നാലു മാസത്തിൽ ഏറെ മികച്ച പ്രകടനങ്ങൾക്കുശേഷം പടിയിറങ്ങിയതിനൊപ്പം തുലാവർഷം രംഗപ്രവേശനം നടത്തി. പിന്നിട്ട മാസങ്ങളിൽ കനത്ത മഴ നിലനിന്നതിനാൽ കണക്കുകൂട്ടലുകൾക്കൊത്ത് റബർ വെട്ടിനു സംസ്ഥാനത്തെ കർഷകർക്ക് അവസരം ലഭിച്ചില്ല. മഴമറ ഒരുക്കിയ തോട്ടങ്ങളിൽനിന്നു പോലും പല അവസരങ്ങളിലും ഉത്പാദകർ വിട്ടുനിൽക്കാൻ നിർബന്ധിതരായി.

ഇതിനിടയിൽ ന്യൂനമർദ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മഴ കനത്തതിനാൽ പുലർച്ചെ ടാപ്പിംഗിൽനിന്നും പിന്തിരിയാൻ ഉത്പാദകർ നിർബന്ധിതരായി. ടയർ വ്യവസായികൾ റബർ വില ഇതിനിടയിലും കുറച്ചു.വ്യാപാരം അവസാനിക്കുമ്പോൾ നാലാം ഗ്രേഡ് 18,600 രൂപയായും അഞ്ചാം ഗ്രേഡ് 18,300 രൂപയായും താഴ്ത്തി.
വിനിമയ വിപണിയിൽ ജാപ്പനീസ് നാണയമായ യെന്നിന്റെ ചാഞ്ചാട്ടം രാജ്യാന്തര റബർ വിലയിൽ പ്രതിഫലിച്ചു. ഒസാക്ക എക്സ്ചേഞ്ചിൽ വാരമധ്യം റബറിൽ വാങ്ങൽ താത്പര്യം ചുരുങ്ങിയതോടെ കിലോ 314 യെന്നിൽനിന്നും വാരാന്ത്യം 302ലേക്ക് ഇടിഞ്ഞു. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില കിലോ 182 രൂപയിൽ നിന്നും 176 രൂപയായി.
ഡിമാൻഡ് കുറയാതെ കുരുമുളക്, ഏലം
സുഗന്ധവ്യഞ്ജന വിപണിയിൽ ദീപാവലി ഡിമാൻഡിൽ കുരുമുളക് കരുത്തു നേടി. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്ത് സജീവമായത് ഉത്പന്ന വില നിത്യേന ഉയർത്തി. ദീപാവലി ഡിമാൻഡിൽ കുരുമുളക് വില ആകർഷകമായതിനിടയിൽ സ്റ്റോക്ക് വിറ്റുമാറാൻ കർഷകരും മധ്യവർത്തികളും ഉത്സാഹിച്ചു. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 68,400 രൂപയിൽനിന്നും 69,000 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8250 ഡോളർ.

ആഭ്യന്തര വിദേശ ഇടപാടുകാർ മുൻനിര ഏലക്ക ലേലത്തിൽ സജീവമായിരുന്നു. ഉത്പാദന മേഖലയിൽനിന്നും വില്പനയ്ക്ക് വന്ന ചരക്കിൽ വലിയ പങ്കും ഇടപാടുകാർ മത്സരിച്ച് വാങ്ങി. ക്രിസ്മസ് ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള വാങ്ങലുകളും പുരോഗമിക്കുന്നു. ശരാശരി ഇനങ്ങൾക്ക് കിലോ 2400 രൂപ റേഞ്ചിലും മികച്ചയിനങ്ങൾ 2900 രൂപയിലുമാണ്.

ആഗോള സ്വർണ വിപണിയിലെ കുതിച്ചുചാട്ടത്തിനു ശേഷം മഞ്ഞലോഹം തളർച്ചയിലേക്ക് തിരിഞ്ഞു. സംസ്ഥാനത്തെ ആഭരണ കേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് പുതുക്കി 97,360 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം പവന് 95,960 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 11,995 രൂപ.