ലെയോ: ആഴമായ അർഥതലങ്ങളുള്ള പേര്
Saturday, May 10, 2025 2:04 AM IST
മാത്യു ആന്റണി
“ഒരു പേരിൽ എന്താണുള്ളത്?” വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയർ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ ഉയർത്തുന്ന ചോദ്യമാണിത്. എന്നാൽ ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ പുതിയ പേര് സ്വീകരിക്കുന്നത് ചില സൂചനകൾ നല്കുന്നുണ്ട്. അദ്ദേഹം മാതൃകയാക്കാൻ ശ്രമിക്കുന്ന മുൻഗാമിയുടെ ഓർമ, പാരമ്പര്യം, ആദർശം ഇതൊക്കെ വെളിപ്പെടുന്നു.
പ്രിയപ്പെട്ട പേരുകൾ
ഏറ്റവും കൂടുതൽ മാർപാപ്പമാർ സ്വീകരിച്ച പേര് ജോൺ എന്നതാണ്. ഗ്രിഗറി, ബെനഡിക്ട്, ക്ലെമന്റ്, ലെയോ എന്നീ പേരുകളും മാർപാപ്പമാർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ പീറ്റർ, ജോസഫ്, ജെയിംസ്, തോമസ്, ആൻഡ്രൂ എന്നിവ ഒരിക്കലും ഉപയോഗിക്കാത്ത പേരുകളാണ്.
14 ലെയോ മാർപാപ്പമാർ
സിംഹം എന്നർഥമുള്ള ലെയോൺ എന്ന ഗ്രീക്ക് പദത്തിൽനിന്നുമാണ് ലെയോ എന്ന ലത്തീൻ വാക്കിന്റെ ഉത്ഭവം. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ, ലെയോ എന്ന പേരിൽ 14 മാർപാപ്പമാർ ഉണ്ട്. ഇതിൽ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. ലെയോ ഒന്നാമൻ, ലെയോ രണ്ടാമൻ, ലെയോ മൂന്നാമൻ, ലെയോ നാലാമൻ, ലെയോ ഒൻപതാമൻ എന്നിവരാണ് ആ വിശുദ്ധർ.
മഹാനായ ലെയോ
അഞ്ചാം നൂറ്റാണ്ടിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ലെയോ മാർപാപ്പ പലതരം പാഷണ്ഡതകളിൽനിന്നു സഭയെ സംരക്ഷിച്ചു. റോമാ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കാലയളവിൽ സഭയെ ധീരമായി നയിച്ചതു മഹാനായ ലെയോ ആണ്.
സാമൂഹിക പ്രബോധനങ്ങളിലെ സിംഹനാദം
കത്തോലിക്കാ സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ മൂലക്കല്ലായ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനം വഴി ലെയോ പതിമൂന്നാമൻ എക്കാലവും സ്മരിക്കപ്പെടുന്നു. വ്യവസായ വിപ്ലവം തൊഴിലാളികളുടെ ജീവിതത്തിൽ വരുത്തിയ വെല്ലുവിളികൾ ഈ ചാക്രികലേഖനം പ്രതിഫലിപ്പിച്ചു.
ഇന്ത്യയെ സ്നേഹിച്ച ലെയോ പതിമൂന്നാമൻ
‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ’ എന്ന ആഹ്വാനത്തോടെ ഇന്ത്യയോടുള്ള സ്നേഹം ലെയോ പതിമൂന്നാമൻ മാർപാപ്പ പ്രകടിപ്പിച്ചു. വരാപ്പുഴ വികാരിയാത്തിൽനിന്നു സുറിയാനി കത്തോലിക്കരെ വേർപെടുത്തി അവർക്കായി കോട്ടയം, തൃശൂർ വികാരിയാത്തുകൾ സ്ഥാപിച്ചുകൊണ്ട് സീറോമലബാർ സഭയുടെ ആധുനിക ചരിത്രത്തിനു വിത്തുപാകി. പിന്നീട് അവയെ ചങ്ങനാശേരി, എറണാകുളം, തൃശൂര് രൂപതകളായി പുനഃസംഘടിപ്പിച്ചതും അദ്ദേഹമാണ്.വരാപ്പുഴ വികാരിയാത്തിനെ അതിരൂപതയാക്കി ഉയർത്തിയതും കൊച്ചി രൂപതയെ പുനഃസ്ഥാപിച്ചതു ലെയോ പതിമൂന്നാമൻ മാർപാപ്പയാണ്.
പുതിയ മാർപാപ്പ ലെയോ പതിനാലാമൻ
ഒരു നൂറ്റാണ്ടിലേറെയായി മാർപാപ്പമാർ ലെയോ എന്ന പേര് സ്വീകരിച്ചിരുന്നില്ല. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ലെയോ പതിനാലാമൻ എന്ന പേര് തെരഞ്ഞെടുത്തതുവഴി സഭാചരിത്രവുമായുള്ള, പ്രത്യേകിച്ച് “റേരും നൊവാരും’’ എന്ന ചാക്രികലേഖനത്തിന്റെയും പേരിൽ ഓർമിക്കപ്പെടുന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുമായുള്ള സമ്പന്നമായ ബന്ധത്തെ തൊട്ടുണർത്തുന്നു.