നിപ: വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ
Saturday, May 10, 2025 2:04 AM IST
മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിൽ നിപ ബാധിച്ച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന 42കാരിയുടെ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണ ആശുപത്രിയിലെ 25 പേർ നിരീക്ഷണത്തിലാണ്.
വളാഞ്ചേരിയിൽ രോഗിയുടെ വീടിന് അയൽപക്കത്തെ പൂച്ച ചത്ത സംഭവം ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പൂച്ചയിൽനിന്നു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.
പൂച്ചയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി, സാന്പിൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ച് നിപ ആന്റിബോഡി ഉണ്ടോയെന്ന് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമലതപ്പെടുത്തി.
നിപയെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറം കളക്ടറേറ്റിൽ കോർ കമ്മിറ്റി യോഗം ചേർന്നു. രോഗനിയന്ത്രണ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു.
ഏപ്രിൽ 25ന് പനിയെത്തുടർന്ന് നാൽപ്പത്തിരണ്ടുകാരിയായ വീട്ടമ്മ വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ ഈ മാസം ഒന്നിനു പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അഡ്മിറ്റായി. പനിയും തലവേദനയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതിനാൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത പരിശോധനകൾ നടത്തി. സംശയത്തെത്തുടർന്നാണ് സ്രവസാന്പിൾ പരിശോധനയ്ക്കയച്ച് രോഗം ഉറപ്പുവരുത്തിയത്.
രോഗി ഏപ്രിൽ 25ന് ശേഷം യാത്ര ചെയ്തയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും. നിപ ബാധിച്ച രോഗിയുടെ സന്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്നു മന്ത്രി അറിയിച്ചു. ഇതിൽ രോഗലക്ഷണങ്ങളുള്ള ആറു പേരുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചെറിയ രോഗലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം ജില്ലക്കാരിയായ സ്റ്റാഫ് നഴ്സും ഐസൊലേഷനിലാണ്. ഇവരുടെ സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം 45 പേർ ഹൈറിസ്ക് വിഭാഗത്തിലാണുള്ളത്. വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നു പേർ, വളാഞ്ചേരിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ ഒരാൾ, പെരിന്തൽമണ്ണ ആശുപത്രിയിൽ 25 പേർ, രണ്ട് ലാബുകളിലായി രണ്ട് പേർ, ഒരു മെഡിക്കൽസിൽ രണ്ട് പേർ എന്നിങ്ങനെ ആകെ 45 പേരാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. ലോ റിസ്ക് വിഭാഗത്തിൽ നാല് പേരും നിരീക്ഷണത്തിലുണ്ട്.
ആരോഗ്യവകുപ്പിനോടു വിവരങ്ങൾ പങ്കുവയ്ക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമം, പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം ജില്ലാ കളക്ടർ, ഡിഎംഒ എന്നിവർ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.