കോടീശ്വരൻ ക്രിസ്റ്റ്യാനോ
Saturday, May 17, 2025 12:00 AM IST
റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി ഒന്നാം സ്ഥാനത്ത്. 2025ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്സ് പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
275 മില്യണ്‍ ഡോളറാണ് (ഏകദേശം 2354 കോടി രൂപ) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് ഫോബ്സിന്റെ വെളിപ്പെടുത്തല്‍. കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാന പട്ടികയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്, ആകെ അഞ്ചാം പ്രാവശ്യവും.
വനിതകള്‍, ഇന്ത്യക്കാര്‍ ഇല്ല
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന 50 കായിക താരങ്ങളുടെ പട്ടികയില്‍ ഒരു വനിതപോലും ഇല്ലെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍നിന്നുള്ള കായിക താരങ്ങള്‍ക്കും ഇടം പിടിക്കാന്‍ സാധിച്ചില്ല.
അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന മെസിയുടെ വാര്‍ഷിക വരുമാനം 135 മില്യണ്‍ ഡോളറാണ് (ഏകദേശം 1155 കോടി രൂപ).
കൂടുതല്‍ പ്രതിഫലം
(താരം, കായിക ഇനം, തുക കോടി രൂപയില്‍)
1. ക്രിസ്റ്റ്യാനോ / ഫുട്ബോള്‍ / 2354 കോടി
2. സ്റ്റീഫന്‍ കറി / ബാസ്കറ്റ് / 1335 കോടി
3. ടൈസണ്‍ ഫ്യൂരി / ബോക്സിംഗ് / 1249 കോടി
4. ഡാക് പ്രെസ്കോട്ട് / എന്‍എഫ്എല്‍ / 1172 കോടി
5. ലയണല്‍ മെസി / ഫുട്ബോള്‍ / 1155 കോടി
6. ലെബ്രോണ്‍ ജയിംസ് / ബാസ്കറ്റ് / 1145 കോടി
7. ജുവാന്‍ സോട്ടോ / ബേസ്ബോള്‍ / 975 കോടി
8. കരിം ബെന്‍സെമ / ഫുട്ബോള്‍ / 890 കോടി
9. ഷൊഹി ഒഹ്താനി / ബേസ്ബോള്‍ / 877 കോടി
10. കെവിന് ഡ്യൂറന്റ് / ബാസ്കറ്റ് / 867 കോടി