ടീമുകള്‍ പരിശീലനം തുടങ്ങി
Tuesday, May 13, 2025 5:44 PM IST
അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന അറിയിപ്പു ലഭിച്ചതോടെ ടീമുകള്‍ മുന്നൊരുക്കം തുടങ്ങി.
നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പരിശീലനം ആദ്യം പുനരാരംഭിച്ചത്. ടീം തിങ്കളാഴ്ച മുതല്‍ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ മുഹമ്മദ് സിറാജ്, സായ് സുദര്ശന്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോഡ് തുടങ്ങിയവരെല്ലാം ഗ്രൗണ്ടിലെത്തി.
ലീഗ് റൗണ്ടില്‍ 11 മത്സരങ്ങളില്‍നിന്ന് എട്ടു ജയത്തിലൂടെ 16 പോയിന്റാണ് ഗുജറാത്ത് ടൈറ്റന്‍സിന്. ഇത്രതന്നെ പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (+0.482) നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് (+0.793) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ലീഗില്‍ മൂന്നു മത്സരങ്ങള്‍ ഗുജറാത്തിനു ബാക്കിയുണ്ട്. ഡല്‍ഹി ക്യാപ്പിറ്റൽസിന് എതിരേ ഞായറാഴ്ച ഡല്‍ഹിയിലാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.