ജയിച്ചാൽ ആർസിബിക്കു പ്ലേ ഓഫ്, തോറ്റാൽ കെകെആർ ഔട്ട്
Saturday, May 17, 2025 12:00 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് പുനരാരംഭിക്കുന്ന ഇന്ന് ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തോൽവി വഴങ്ങിയാൽ പുറത്താകുമെന്ന ഘട്ടത്തിൽ ജീവന്മരണ പേരാട്ടത്തിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സും കളത്തിൽ. ബംഗളൂരുവിന്റെ സ്വന്തം തട്ടകത്തിൽ രാത്രി 7.30നാണ് 18-ാം സീസണിലെ 58-ാമത് മത്സരം.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബംഗളൂരുവിന് ഇനിയുള്ള മൂന്നു മത്സരങ്ങളിൽ ഒരു ജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം, ആറാം സ്ഥാനത്തുള്ള കോൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്നു മികച്ച ജയം അനിവാര്യം. മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാകും കെകെആറിന്റെ മുന്നോട്ടുള്ള യാത്ര.
വിരാട് കോഹ്ലി കളത്തിൽ
ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ചശേഷം വിരാട് കോഹ്ലി ആദ്യമായി കളത്തിലെത്തുന്ന മത്സരമാണ് ഇന്നത്തേതെന്നതും ശ്രദ്ധേയം.
ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമനാകാൻ ആറ് റണ്‍സ് മാത്രം ആവശ്യമുള്ള റണ്‍ മെഷീൻ വിരാട് കോഹ്ലിയിലാണ് ബംഗളൂരുവിന്റെ ബാറ്റിംഗ് കരുത്ത്. 11 മത്സരങ്ങളിൽനിന്ന് 505 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. പരിക്കേറ്റ ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗർവാളിനെ ബംഗളൂരു ടീമിൽ ഉൾപ്പെടുത്തി. പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ രജത് പാട്ടിദാർ പരിശീലനം ആരംഭിച്ചത് ശുഭസൂചനയാണ്.
12 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റ് നേടിയ സ്പിന്നർ വരുണ്‍ ചക്രവർത്തിയാണ് ഇംപാക്ട് ഉണ്ടാക്കാൻ സാധ്യതയുള്ള കോൽക്കത്തൻ ബൗളർ. ക്വിന്റൻ ഡികോക്ക് തിരിച്ചെത്തിയെങ്കിലും മൊയീൻ അലി പിന്മാറി. ആന്ദ്രേ റസലിന്റെ ഓൾറൗണ്ട് മികവാണ് ടീമിന്റെ കരുത്തുകളിൽ ഒന്ന്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമും ടീമിന് ആശ്വാസമാണ്.
മഴയ്ക്കു സാധ്യത
ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 25 ഡിഗ്രി സെൽഷസ് ആയിരുന്നു ഇന്നലത്തെ താപനില.