ഐപിഎല്‍ തുടരുമ്പോള്‍ തിളക്കം കുറയും
Tuesday, May 13, 2025 5:44 PM IST
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നു നിര്‍ത്തിവച്ച ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് പുനരാരംഭിക്കുമ്പോള്‍ ടീമുകള്‍ക്കൊപ്പം പല വിദേശ സൂപ്പര്‍ താരങ്ങളും ഉണ്ടാകില്ല. ദേശീയ ടീമുകള്‍ക്കൊപ്പം രാജ്യാന്തര ഡ്യൂട്ടി ഉള്ളതാണു കാരണം. പ്ലേ ഓഫ് കാണാതെ 18-ാം സീസണില്‍നിന്ന് ഇതിനോടകം പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് ഇതൊന്നും പ്രശ്മല്ല.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിദേശ താരങ്ങൾ അവരെ വിട്ടുപോകില്ലെന്നതും ശ്രദ്ധേയം. എന്നാല്‍, വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ബാക്കി ആറു ടീമുകളുടെയും ശക്തി ക്ഷയിപ്പിക്കും. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഐപിഎല്ലിന്റെ തിളക്കത്തിനു മങ്ങലേല്‍പ്പിക്കുന്ന സുപ്രധാന പോരാട്ടം. ജൂണ്‍ 11നു ലോഡ്സില്‍ നടക്കുന്ന ഫൈനലിനായുള്ള ടീം പ്രഖ്യാപനം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ നടത്തി.
ഐസിസി ലോക ടെസ്റ്റ് ഫൈനല്‍
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍, ഐപിഎല്ലില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന 13 താരങ്ങള്‍ രണ്ടു സംഘങ്ങളിലുമായി ഉള്‍പ്പെട്ടു. ഐപിഎല്‍ പ്ലേ ഓഫ് ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ഈ താരങ്ങള്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പ്.
മുംബൈ ഇന്ത്യന്‍സിന്റെ റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ലുന്‍ഗി എന്‍ഗിഡി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ട്രിസ്റ്റണ്‍ സ്റ്റബ്സ്, പഞ്ചാബ് കിംഗ്സിന്റെ മാര്‍ക്കോ യാന്സണ്, ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ എയ്ഡന്‍ മാക്രം, ഗുജറാത്ത് ടൈറ്റന്‍സിന്റെ കഗിസൊ റബാഡ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജോഷ് ഹെയ്സല്‍വുഡ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, പഞ്ചാബ് കിംഗ്സിന്റെ ജോഷ് ഇംഗ്ലിസ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരാണ് ഓസ്ട്രേലിയയുടെ ടീമിലുള്ളത്.
അതായത് മുംബൈ, ബംഗളൂരു, പഞ്ചാബ് ടീമുകളുടെ രണ്ടു കളിക്കാര്‍ വീതം ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിനെത്തുടര്ന്ന് പ്ലേ ഓഫ് ഘട്ടത്തില്‍ ഉണ്ടാകില്ല. ഐപിഎല്‍ പോയിന്റ് ടേബിളില്‍ രണ്ടും മൂന്നും നാലും സ്ഥാനക്കാരാണ് ബംഗളൂരു (16 പോയിന്റ്), പഞ്ചാബ് (15), മുംബൈ (14) ടീമുകള്‍ എന്നതും ശ്രദ്ധേയം.
മുന്‍നിശ്ചയിച്ചതു പ്രകാരമായിരുന്നെങ്കില്‍ മേയ് 25നായിരുന്നു ഐപിപിഎല്‍ ഫൈനല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11 മുതല്‍ നടക്കും. അതിനു മുമ്പ് ജൂണ്‍ മൂന്നു മുതല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്വെയുമായി ചതുര്‍ദിന പരിശീലന മത്സരവുമുണ്ട്.
ഇംഗ്ലണ്ടും ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ടീമിനെയും ഇന്നലെ പ്രഖ്യാപിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലര്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജേക്കബ് ബെഥേല്‍, ഫില്‍ സാള്‍ട്ട്, മുംബൈ ഇന്ത്യന്‍സിന്റെ വില്‍ ജാക്സ്, രാജസ്ഥാന് റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജാമി ഓവര്ട്ടണ് എന്നിവര്‍ ഇംഗ്ലണ്ടിന്റെ ടീമിലുണ്ട്. ഇതില്‍ ആര്‍ച്ചര്‍, ഓവര്ട്ടണ് എന്നിവരുടെ ടീമുകള്‍ക്കു മാത്രമാണ് നിലവില്‍ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത അസ്തമിച്ചിരിക്കുന്നത്.
രാജ്യാന്തര പോരാട്ടങ്ങള്‍
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മാത്രമല്ല ഐപിഎല്ലിന്റെ പുതിയ മത്സരക്രമത്തെ ബാധിക്കുക. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഉള്‍പ്പെടെ പുതിയ ഐപിഎല്ലിനിടെയാണ്. പുതിയ മത്സരക്രമം അനുസരിച്ച് മേയ് 29 മുതലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍, ജൂണ്‍ മൂന്നിന് ഫൈനലും നടക്കും. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ചതുര്‍ദിന മത്സരം മേയ് 30ന് ആരംഭിക്കും. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമാകുന്ന കളിക്കാര്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച്, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ സൂപ്പര്‍ താരങ്ങള്‍ ടെസ്റ്റില്‍നിന്നു വിരമിച്ച പശ്ചാത്തലത്തില്‍.
മറ്റു രാജ്യാന്തര മത്സരങ്ങള്‍:
വെസ്റ്റ് ഇന്‍ഡീസിന്റെ അയര്‍ലന്‍ഡ് പര്യടനം: മേയ് 21-ജൂണ്‍ 15വരെ.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം: മേയ് 29-ജൂണ്‍ 10.
ദക്ഷിണാഫ്രിക്ക Vs സിംബാബ്വെ ചതുര്‍ദിനം: ജൂണ്‍ 3.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ജൂണ്‍ 11.
ഈ താരങ്ങള്‍ ഉണ്ടാകില്ല
ഐപിഎല്‍ പ്ലേ ഓഫ് പോരാട്ട രംഗത്തുള്ള ടീമുകള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ അവസാനംവരെ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കളിക്കാര്‍(പോയിന്റ് ടേബിളില്‍ ടീമുകളുടെ നിലവിലെ സ്ഥാനം അനുസരിച്ച്).
ഗുജറാത്ത് ടൈറ്റന്‍സ്: ജോസ് ബട്ലര്, ഷെര്‍ഫാന്‍ റുഥര്‍ഫോഡ്, ജെറാള്‍ഡ് കോറ്റ്സി, കഗിസൊ റബാഡ.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: ജോഷ് ഹെയ്സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി, ഫില്‍ സാള്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍.
പഞ്ചാബ് കിംഗ്സ്: മാര്‍ക്കോ യാന്സണ്, ജോഷ് ഇംഗ്ലിസ്.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്സ്, റയാന് റിക്കല്‍ട്ടന്‍, കോര്ബിന് ബോഷ്, റീസ് ടോപ്ലി.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്: ട്രിസ്റ്റണ്‍ സ്റ്റബ്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആര്‍ക്കും രാജ്യാന്തര ഡ്യൂട്ടി ഇല്ല.
ലക്നോ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാക്രം, മാത്യു ബ്രീറ്റ്സ്കെ, ഷാമര്‍ ജോസഫ്.