മെസിമോഹം പൊലിഞ്ഞു
Saturday, May 17, 2025 12:00 AM IST
ബുവാനോസ് ആരീസ്: സൂപ്പര്‍ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റൈന്‍ പുരുഷ ഫുട്ബോള്‍ ടീം ഇന്ത്യയില്‍ കളിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം അര്‍ജന്റീന രാജ്യാന്തര സൗഹൃദങ്ങള്‍ക്കായി ചൈനയിലേക്കാണ് യാത്ര തിരിക്കുക.
ഒക്ടോബറില്‍ ചൈനയില്‍ രണ്ടു സൗഹൃദ മത്സരം കളിക്കും. ആദ്യ മത്സരം ചൈനീസ് ദേശീയ ടീമിനെതിരേയാണ്. ചൈനയിലെ രണ്ടാം സൗഹൃദ മത്സരത്തില്‍ റഷ്യ, ദക്ഷിണകൊറിയ, ജപ്പാന് ടീമുകളില്‍ ഒന്നായിരിക്കും എതിരാളികള്‍.
നവംബറില്‍ ആദ്യം അങ്കോളയ്ക്കെതിരേ ഇറങ്ങും. അര്‍ജന്റീനയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം. തുടര്‍ന്ന് ഖത്തറിലെ 2022 ലോകകപ്പ് സ്റ്റേഡിയമായ ലൂസാനില്‍ അമേരിക്കയ്ക്കെതിരേയും അര്‍ജന്റൈന്‍ ടീം ഇറങ്ങും.
ഒക്ടോബര്‍-നവംബറില്‍ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ എത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുവന്നിരുന്നു.