ജോസേട്ടൻ എത്തില്ല; പകരം കുശാൽ
Thursday, May 15, 2025 10:58 PM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് എട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ അവസാന ലാപ്പിലേക്കു കടക്കുന്പോൾ കിരീട പ്രതീക്ഷ പുലർത്തി പ്ലെ ഓഫ് ലക്ഷ്യമിട്ടിറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടി.
മികച്ച ഫോമിലുള്ള ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ രാജ്യാന്തര മത്സരങ്ങളുള്ളതിനാൽ ഗുജറാത്ത് ടീമിലേക്കു തിരികെ എത്തില്ല. പകരം ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തി.
ഗുജറാത്ത് ടൈറ്റൻസിന്റെ മൂന്നാം നന്പർ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ലർ 2025 സീസണിൽ 11 മത്സരങ്ങളിൽനിന്ന് 163.93 സ്ട്രൈക്ക് റേറ്റിൽ 500 റണ്‍സ് നേടിയിരുന്നു. ഓറഞ്ച് ക്യാപ്പിനുള്ള റണ്‍വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് താരം. 71.43 ശരാശരിയുള്ള ബട്ലറുടെ ബാറ്റിൽനിന്ന് അഞ്ച് അർധസെഞ്ചുറിയും പിറന്നു. 97 നോട്ടൗട്ടാ ണ് സീസണിലെ ഉയർന്ന സ്കോർ.
മേയ് 29ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമിൽ അംഗമായതിനാലാണ് ബട്ലർക്ക് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നത്. 15.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് സീസണിൽ താരത്തെ സ്വന്തമാക്കിയത്.
മുസ്തഫിസുർ വരില്ല
ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി എന്നു പ്രഖ്യാപിച്ച ബംഗ്ലാദേശ് ബൗളർ മുസ്തഫിസുര്‍ റഹ്മാൻ ഐപിഎല്ലിനായി എത്തില്ല. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. യുഎഇയിൽ നടക്കുന്ന ട്വന്റി-20 ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണെന്നതാണ് പ്രശ്നമായത്.