കോഹ്ലിയെ പുകച്ചുചാടിച്ചു
Thursday, May 15, 2025 10:58 PM IST
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ വിരമിക്കലിലേക്കു മനപ്പൂര്‍വം തള്ളിവിടുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ആര്. അശ്വിന്, രോഹിത് ശര്‍മ എന്നിവര്‍ക്കു പിന്നാലെ കോഹ്ലിയും വിരമിക്കാനുള്ള വഴി ബിസിസിഐ തുറന്നിടുകയായിരുന്നു എന്നും ആരോപണം.
തികച്ചും അപ്രതീക്ഷിതമായി ഈ മാസം 12നാണ് കോഹ്ലി സോഷ്യല്‍ മീഡിയ വഴി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ എവേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോഹ്ലി ആഭ്യന്തര പടലപ്പിണക്കങ്ങളുടെ പേരില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ക്യാപ്റ്റനാക്കാമെന്നു വാഗ്ദാനം
ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയത്തിലേക്കു (40) നയിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. ഡിസംബര്‍-ജനുവരിയില്‍ ടീം ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്നതിനിടെ, ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തണമെന്ന് കോഹ്ലിയോട് ടീം വൃത്തങ്ങളിലുള്ളവര്‍ സൂചിപ്പിച്ചിരുന്നു.
അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടതിനുശേഷമായിരുന്നു അത്. ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തുന്നതില്‍ കോഹ്ലിക്കു മടിയില്ലായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ടീമിനെ രക്ഷിക്കാന്‍ മുതിര്‍ന്ന കളിക്കാരന് ക്യാപ്റ്റന്‍സി സന്നദ്ധത അറിയിച്ചതായി അന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീം വാര്‍ത്ത ചോര്‍ത്തിയെന്ന പേരില്‍ അന്നു പരിശീലന സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായര്‍, ടി. ദിലീപ് എന്നിവരെ ബിസിസിഐ കഴിഞ്ഞ മാസം പുറത്താക്കിയെന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.
അഡ്ലെയ്ഡിനു ശേഷം കോഹ്ലിക്കു ക്യാപ്റ്റന്‍സി നല്‍കാമെന്നായിരുന്നു ചില കേന്ദ്രങ്ങളിലെ ധാരണയെങ്കിലും പിന്നീട് അതില്‍നിന്നു പിന്നോട്ടുപോയി. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനം ബിസിസിഐ എടുത്തതോടെയായിരുന്നു അത്.
രഞ്ജി കളിപ്പിച്ചു
ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ചെയ്ത ശ്രദ്ധേയ നീക്കം രഞ്ജി ട്രോഫി കളിക്കുക എന്നതായിരുന്നു.
നീണ്ട 12 വര്‍ഷത്തിനുശേഷമായിരുന്നു കോഹ്ലി രഞ്ജി ട്രോഫി കളിച്ചത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കാനുള്ള ചിന്ത കോഹ്ലിക്കും രോഹിത്തിനും ഇല്ലായിരുന്നു എന്നതാണ്. ബിസിസിഐ നിർദേശത്തെത്തുടർന്നായിരുന്നു ഇരുവരും രഞ്ജി ട്രോഫി കളിച്ചത്.
ഡല്‍ഹി രഞ്ജി ട്രോഫി ടീമില്‍ കളിക്കുന്നതിനിടെ, ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടിലധികം സെഞ്ചുറി അടിക്കണമെന്ന മോഹം കോഹ്ലി വെളിപ്പെടുത്തിയതായി ഡല്‍ഹി ടീം കോച്ചായ സരന്ദീപ് സിംഗ് വെളിപ്പെടുത്തി.
ഇന്ത്യ എക്കൊപ്പം കളിക്കാനും തയാര്‍
ഈ മാസം അവസാനം ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ എ ടീമിനൊപ്പം കളിച്ച്, ഇംഗ്ലീഷ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കോഹ്ലി മാനസികമായി തയാറെടുത്തിരുന്നു എന്നും സരന്ദീപ് സിംഗ് വെളിപ്പെടുത്തി. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരം എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു കോഹ്ലി നടത്തിയത്.
എന്നാല്‍, ഇതിനിടെയാണ് ഇംഗ്ലണ്ട് പര്യടനത്തിലും ക്യാപ്റ്റന്‍സിയിലേക്കു പരിഗണിക്കില്ലെന്നും ടീമിനുള്ളില്‍ ഫിറ്റല്ലെന്നുമുള്ള വിവരം ബിസിസിഐ കോഹ്ലിയെ അറിയിച്ചത്. അതോടെയാണ് സൂപ്പര്‍ താരം വിരമിക്കല്‍ എന്ന കടുത്ത തീരുമാനമെടുത്തതെന്നാണ് വിവരം.