ആര്‍സിബിക്കു കനത്ത പ്രഹരം
Wednesday, May 14, 2025 10:57 PM IST
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് ശനിയാഴ്ച പുനരാരംഭിക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ്. കഴിഞ്ഞ 17 വര്‍ഷമായി ഐപിഎല്‍ ചാമ്പ്യന്മാരാകാന് സാധിക്കാതിരുന്ന ആര്‍സിബി, 2025 സീസണില്‍ കന്നിക്കിരീടത്തിനായുള്ള കുതിപ്പിലായിരുന്നു.
11 മത്സരങ്ങളില്‍ എട്ട് ജയത്തോടെ 16 പോയിന്റുമായി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സുമായി പോയിന്റ് തുല്യമാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്‍സിബി രണ്ടാം സ്ഥാനത്തായത്.
ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചശേഷം പുനരാരംഭിക്കുമ്പോള്‍ വിദേശ കളിക്കാരില്‍ പലരും ടീമുകള്‍ക്കൊപ്പം ഉണ്ടാകാന്‍ ഇടയില്ല. പ്ലേ ഓഫ് ഘട്ടം മുതലാണ് ഇത്തരത്തില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുക.
ആര്‍സിബി പ്ലേ ഓഫില്‍ എത്തിയാല്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ശരിക്കും ബാധിക്കും. ഏറ്റവും കൂടുതല്‍ സുപ്രധാന കളിക്കാര്‍ പ്ലേ ഓഫ് ഘട്ടത്തില്‍ ഉണ്ടാകില്ലാത്ത ടീമാണ് ആര്‍സിബി.
രാജ്യാന്തര ഡ്യൂട്ടിക്കു പോകുന്ന ജോഷ് ഹെയ്സല്‍വുഡ്, ലുന്‍ഗി എന്‍ഗിഡി, ഫില്‍ സാള്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍ എന്നീ ആറു കളിക്കാരെ ആര്‍സിബിക്കു പ്ലേ ഓഫ് ഘട്ടത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
മാത്രമല്ല, ദേവ്ദത്ത് പടിക്കല്‍ പരിക്കേറ്റു പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടിദാറിനും പരിക്കുണ്ട്.പുതിയ മത്സരക്രമം അനുസരിച്ച് സീസണില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടും ആര്‍സിബി ഹോം ഗ്രൗണ്ടിലാണ് കളിക്കുന്നത് എന്നതാണ് ടീമിന്റെ ഏക ആശ്വാസം.
ശനിയാഴ്ച കോല്ക്കത്തയ്ക്കെതിരേയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. ഇടവേളയ്ക്കുശേഷമുള്ള ഐപിഎല്ലിലെ ആദ്യമത്സരം ഇതാണ്.