പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം ; ബഹുകക്ഷി സംഘം വിദേശത്തേക്ക്
Saturday, May 17, 2025 2:06 AM IST
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’ലും ഇന്ത്യ-പാക് അതിർത്തി സംഘർഷത്തിലും വിശദീകരണം നൽകാനും പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയിൽ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്താനും ബഹുകക്ഷി പ്രതിനിധികളുടെ സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്നു.
വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് പ്രതിപക്ഷ പാർട്ടികളിൽനിന്നടക്കമുള്ള എംപിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും നയതന്ത്രജ്ഞരുടെയും സംഘത്തെയാണ് അയയ്ക്കുക.
ഈമാസം 22 മുതൽ പത്തു ദിവസത്തേക്കാണ് എംപിമാർ സംഘങ്ങളായി തിരിഞ്ഞു വിവിധ രാജ്യങ്ങൾ സന്ദർശിക്കുക. ഓരോ സംഘത്തിലും ഏഴു മുതൽ എട്ടു വരെ എംപിമാരുണ്ടാകും. സന്ദർശനം കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ് റിജിജു ഏകോപിപ്പിക്കും.
കോൺഗ്രസിൽനിന്ന് നാല് എംപിമാർ സംഘത്തിലുണ്ടാകും. യുഎസിലേക്കുള്ള സംഘത്തെ ശശി തരൂർ നയിക്കും. ശശി തരൂരിനെക്കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ് എന്നിവരുമുണ്ടാകും.
തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള എംപിമാരുടെ സംഘത്തെ നയിക്കുക മുൻ വിദേശകാര്യ മന്ത്രിയായ സൽമാൻ ഖുർഷിദ് ആണ്. യൂറോപ്പിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ ഉള്ള സംഘത്തെ മനീഷ് തിവാരി നയിക്കും. കേരളത്തിൽനിന്ന് ശശി തരൂരിനു പുറമെ, ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരും സംഘാംഗങ്ങളാണ്.
മുൻ കേന്ദ്രമന്ത്രിയും ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ്, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, സിപിഎം എംപി ജോൺ ബ്രിട്ടാസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി തുടങ്ങിയവരും പ്രതിനിധിസംഘാംഗങ്ങളാണ്. ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി(എസ്പി), ജെഡി-യു, ബിജെഡി, ശിവസേന(യുബിടി), സിപിഎം, എഐഎംഐഎം എന്നീ പാർട്ടികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.
പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് പട്ടിക തയാറാക്കിയത്. തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ ധരിപ്പിക്കുവാനും ലോകത്തിനുമുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുവാനും നയതന്ത്രനീക്കംകൊണ്ടു സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
പ്രതിനിധിസംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ടാകുമെന്നു സ്ഥിരീകരിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ഓപ്പറേഷൻ സിന്ദൂറിനെ ബിജെപി രാഷ്ട്രീയലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും വിമർശിച്ചു.
1994ലും 2008ലും
അതിർത്തി കടന്നുള്ള തീവ്രവാദം തുറന്നുകാട്ടുവാനും കാഷ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അറിയിക്കുവാനും കേന്ദ്രം ഇതിനുമുന്പും വിവിധ പാർട്ടികളിൽനിന്നുള്ള പ്രതിനിധിസംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
1994ൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയി, ഫറൂഖ് അബ്ദുള്ള, സൽമാൻ ഖുർഷിദ്, യുഎന്നിന്റെ ഇന്ത്യൻ അംബാസഡർ ഹമീദ് അൻസാരി തുടങ്ങിയവരടങ്ങിയ സംഘത്തെ ജനീവയിൽ നടന്ന യുഎൻ സമ്മേളനത്തിലേക്ക് അയച്ചിട്ടുണ്ട്.
കാഷ്മീർ വിഷയം യുഎന്നിൽ ഉയർത്തിക്കാട്ടാനും വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാക്കിസ്ഥാന്റെ പ്രമേയം പരാജയപ്പെടുത്താനുമായിരുന്നു ഇത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ ഭീകരബന്ധം തുറന്നു കാട്ടുവാൻ മൻമോഹൻ സർക്കാരും വിവിധ രാജ്യങ്ങളിലേക്കു ബഹുകക്ഷി പ്രതിനിധികളെ അയച്ചിരുന്നു.
അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കുന്നതിന് പ്രതിനിധിസംഘത്തെ അയയ്ക്കുന്നതിൽ പിന്തുണ നൽകിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തിനും പാർലമെന്റിൽ പ്രത്യേക സമ്മേളനം കൂടുന്നതിലും കേന്ദ്രസർക്കാർ സമ്മതം അറിയിക്കാത്തതിനെ കോണ്ഗ്രസ് വിമർശിച്ചിട്ടുണ്ട്.
ബിജെപി ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും എന്നാൽ ഞങ്ങൾക്ക് രാജ്യമാണ് ആദ്യം വരുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു.