പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; യുട്യൂബർ അടക്കം ആറുപേർ അറസ്റ്റിൽ
Sunday, May 18, 2025 2:57 AM IST
ന്യൂഡൽഹി: രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനു ചോർത്തി നൽകിയെന്നാരോപിച്ച് വനിതാ യുട്യൂബർ ഉൾപ്പെടെ ആറുപേരെ ഹരിയാനയിലെ ഹിസാർ പോലീസ് അറസ്റ്റ് ചെയ്തു.
പാക്കിസ്ഥാൻ ഏജന്റുമാരും സാന്പത്തിക സഹായികളുമായി പ്രവർത്തിക്കുന്ന ഇവരുടെ ശൃംഖല ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചുകിടക്കുന്നതായും പോലീസ് പറഞ്ഞു. ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ യുട്യൂബർ.
2023 ൽ ഏജന്റ് മുഖേന വീസ നേടിയശേഷം പാക്കിസ്ഥാനിൽ ഇവർ സന്ദർശനം നടത്തിയതായും പോലീസ് പറയുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണു ജ്യോതിക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.
പാക്കിസ്ഥാൻ സന്ദർശനവേളയിൽ ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥ ഇഹ്സാനു റഹീം എന്ന ഡിനിഷുമായി ജ്യോതി അടുത്ത ബന്ധം സ്ഥാപിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ച അവർ സമൂഹമാധ്യമത്തിലൂടെ പാക്കിസ്ഥാന്റെ നല്ല വശങ്ങൾ പ്രചരിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.
ഗുസാല എന്ന 32കാരനാണ് മറ്റൊരു പ്രധാന പ്രതി. പഞ്ചാബിലെ മലേർകോട്ല സ്വദേശിയായ ഇയാൾ 2025 ഫെബ്രുവരി 27ന് പാക്കിസ്ഥാൻ വീസയ്ക്ക് അപേക്ഷിക്കാൻ പാക് ഹൈക്കമ്മീഷൻ സന്ദർശിച്ചിരുന്നു.
ഇയാളും ഡിനിഷുമായി സൗഹൃദമാകുകയും ഇന്ത്യയിലെ ചില സ്ഥലങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വാട്സ്ആപ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇവർ ബന്ധം പുലർത്തിയിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.
ഔദ്യോഗിക പദവിക്കു നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഡിനിഷിനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ കഴിഞ്ഞ 13ന് ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിനിഷുമായി ബന്ധപ്പെട്ട ആറുപേർകൂടി അറസ്റ്റിലാകുന്നത്. വിദ്യാർഥിയായ ദേവീന്ദർ സിംഗ് ധില്ലൻ, യമീൻ മുഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ.