നൂർഖാൻ എയർ ബേസ് ആക്രമണം ശരിവച്ച് പാക് പ്രധാനമന്ത്രി
Sunday, May 18, 2025 2:57 AM IST
ന്യൂഡൽഹി: കഴിഞ്ഞ പത്തിന് നൂർഖാൻ എയർബേസിലും മറ്റു ചില മേഖലകളിലും ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീർ, ആക്രമണം നടന്ന അന്നു പുലർച്ചെ 2.30ന് വിളിച്ചറിയിച്ചതായി ഇസ്ലാമാബാദിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ ഷെരീഫ് വ്യക്തമാക്കി.
ആക്രമണം നടന്നതിനെക്കുറിച്ച് ഷെരീഫ് സംസാരിക്കുന്ന വീഡിയോ ബിജെപി ഐടി സെൽ ദേശീയ കണ്‍വീനർ അമിത് മാളവ്യ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവച്ചു.
പാക് വ്യോമസേനയുടെ തന്ത്രപ്രധാന കേന്ദ്രമാണ് റാവൽപിണ്ടിക്കും ഇസ്ലാമാബാദിനും ഇടയിൽ സ്ഥിതിചെയ്യുന്ന നൂർഖാൻ വ്യോമതാവളം.
ഇവിടെ ഇന്ത്യ ഏൽപ്പിച്ച പ്രഹരം പാക്കിസ്ഥാനെ കുലുക്കിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല."ഓപ്പറേഷൻ സിന്ദൂറി’നു പിന്നാലെ ഇന്ത്യൻ അതിർത്തികളിൽ പാക്കിസ്ഥാൻ അഴിച്ചുവിട്ട ഡ്രോണ്‍ ആക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടി വാർത്താസമ്മേളനങ്ങളിൽ സൈന്യംതന്നെ കൃത്യമായി വ്യക്തമാക്കിയിരുന്നു.
അതിൽ നൂർഖാൻ വ്യോമത്താവളമടക്കം തന്ത്രപ്രധാനമായ 13 ഇടങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി വ്യോമസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) എ.കെ. ഭാരതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യക്കുനേരേ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ലെന്നാണ് സൈന്യം സ്ഥിരീകരിച്ചത്.