നീറ്റ് പരീക്ഷാഫലം തടഞ്ഞ് മദ്രാസ് ഹൈക്കോടതിയും
Sunday, May 18, 2025 2:57 AM IST
ചെന്നൈ: മെഡിക്കൽ പ്രവേശനപരീക്ഷയായി നീറ്റ് യുജി -2025 ന്റെ ഫലപ്രഖ്യാപനം പ്രസിദ്ധപ്പെടുത്തുന്നതു മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
വൈദ്യുതി മുടങ്ങിയതിനാൽ ഉത്തരങ്ങൾ പൂർണമായും എഴുതാൻ കഴിഞ്ഞില്ലെന്നു കാട്ടി ചെന്നൈ ആവഡിയിലെ സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ ഏതാനും വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് വി. ലക്ഷ്മിനാരാണിന്റെ ഉത്തരവ്.
ഇതേത്തുടർന്ന് പുനഃപരീക്ഷ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷനല്‍ ടെസ്റ്റിംസ് ഏജന്‍സിയും മറുപടി നല്‍കുംവരെ ഫലം തടഞ്ഞതായി കോടതി വ്യക്തമാക്കുകയായിരുന്നു. 45 മിനിറ്റോളം വൈദ്യുതി തടസപ്പെട്ടുവെന്ന് വിദ്യാർഥികൾ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബഞ്ചും നീറ്റ് ഫലം പുറത്തുവിടുന്നതു തടഞ്ഞിട്ടുണ്ട്. വൈദ്യുതി തടസം മൂലം പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന ഹർജിയിലാണ് ഈ നിർദേശവും.