പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാത്തത് നിർഭാഗ്യകരം: സിപിഎം
Sunday, May 18, 2025 2:57 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും അതിനെത്തുടർന്നുള്ള ഇന്ത്യയുടെ നീക്കവും ചർച്ച ചെയ്യുന്നതിന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിസമ്മതിച്ചതു നിർഭാഗ്യകരമെന്ന് സിപിഎം.
പാർലമെന്റ് സമ്മേളനം വിളിക്കുന്നതിനുപകരം ബിജെപിയും എൻഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്"ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചു വിശദീകരിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്.
ദേശീയപ്രാധാന്യമുള്ള ഒരു വിഷയത്തിൽ ഇങ്ങനെ ചെയ്യുന്നത് വിവേചനപരമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടായിരിക്കണം. ഭരണകക്ഷിനേതാക്കളും സംസ്ഥാന മന്ത്രിമാരും സ്ഥിതിഗതികളെ വർഗീയവത്കരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉടൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും നിലവിലെ സാഹചര്യം ജനങ്ങളെ അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായും സിപിഎം പറഞ്ഞു.
കേന്ദ്രനയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നയതന്ത്ര പ്രതിനിധിസംഘത്തിന്റെ ഭാഗമാകും. വിദേശരാജ്യത്തേക്ക് അയക്കുന്ന സർവകക്ഷിസംഘത്തെക്കുറിച്ച് പാർട്ടിയുടെ രാജ്യസഭാകക്ഷി നേതാവിനെ അറിയിച്ചിട്ടുണ്ട്.