ജയശങ്കറിന്റെ പരാമർശം: വിശദീകരിച്ച് മന്ത്രാലയം
Sunday, May 18, 2025 2:57 AM IST
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി'നെക്കുറിച്ച് എസ്. ജയശങ്കർ പറഞ്ഞതിനെതിരേയുള്ള ആരോപണങ്ങൾ വസ്തുതകൾ വളച്ചൊടിച്ചതുമൂലമാണെന്നു വിദേശകാര്യ മന്ത്രാലയം.
തുടക്കത്തിൽ നമ്മൾ പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകി എന്ന് മന്ത്രി പറഞ്ഞത് ഓപ്പറേഷൻ സിന്ദൂറിനു മുന്‍പുള്ള കാര്യമാണെന്നും ഇതാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
ഓപ്പറേഷന് സിന്ദൂര്‍ തുടങ്ങുന്ന ഘട്ടത്തില്‍തന്നെ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആക്ഷേപത്തെത്തുടർന്നാണ് വിശദീകരണം.
ആക്രമിക്കുന്നകാര്യം പാക്കിസ്ഥാനെ അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം പൊതുയിടത്തില്‍ സമ്മതിച്ചതാണെന്നും ഇതിന് ആരാണ് അധികാരം നല്‍കിയതെന്നും രാഹുല്‍ ഗാന്ധി എക്സ് പ്ലാറ്റ്ഫോമില്‍ ചോദിച്ചിരുന്നു.
വ്യോമസേനയുടെ എത്ര വിമാനങ്ങള്‍ ഓപ്പറേഷന് സിന്ദൂറില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ചോദിച്ചിരുന്നു.
ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യമന്ത്രി പറയുന്ന വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.