ലെയോ പതിനാലാമന്റെ അടിത്തറ
റവ. ഡോ. ഷാജി ജെർമൻ
Sunday, May 18, 2025 12:45 AM IST
“മഹത്തായ സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുന്നു. നമുക്ക് പാപ്പായെ ലഭിച്ചിരിക്കുന്നു.” കർദിനാൾ ഡോമിനിക് മാംബെർത്തിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് ലോകം സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം പറഞ്ഞ പുതിയ പാപ്പായുടെ പേര് എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു - കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്.
അതിനേക്കാൾ അവിശ്വസനീയമായ പേരാണ് അദ്ദേഹം സ്വീകരിച്ചത്. ലെയോ 14-ാമൻ. ലത്തീൻ ഭാഷയിൽ ലെയോ എന്ന പേരിനർഥം സിംഹം എന്നാണ്. പ്രതീകാത്മകമായി ലെയോ ശക്തി, ധൈര്യം, നേതൃപാടവം എന്നിവയെ സൂചിപ്പിക്കുന്നു. മർക്കോസ് സുവിശേഷകന്റെ പ്രതീകവും സിംഹമാണല്ലോ. ഫ്രാൻസിസ് അസീസിയുടെ അടുത്ത സുഹൃത്തിന്റെ പേരും ലെയോ എന്നായിരുന്നു. താൻ സ്വീകരിച്ചിരിക്കുന്ന പേര് ലെയോ പതിമൂന്നാമനെ പിന്തുടരുന്നതിനാലാണെന്ന് പുതിയ പാപ്പാ വ്യക്തമാക്കുകയുണ്ടായി.
അദ്ദേഹം പറഞ്ഞു: “നിർമിതബുദ്ധിയിലൂടെ (AI) ഉരുവാകുന്ന രണ്ടാം വ്യവസായ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ ജീവനും മനുഷ്യമാഹാത്മ്യത്തിനും ഊന്നൽ നല്കുന്ന സാമൂഹിക പ്രബോധനങ്ങൾ നല്കാനായി, പ്രഥമ വ്യവസായ വിപ്ലവകാലത്ത് ‘റേരും നൊവാരും’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ലോകത്തിനു വെളിച്ചം നല്കിയ ലെയോ 13-ാമനെ പിന്തുടരാൻ താൻ തീരുമാനിച്ചു.”
ലെയോ പതിമൂന്നാമൻ മാർപാപ്പ
ഇരുപത്തിയഞ്ച് വർഷമാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) സഭയെ നയിച്ചത്. സഭയിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്തപ്പെട്ട കാലഘട്ടമായിരുന്നു അത്. ‘റേരും നൊവാരും’ എന്ന സാമൂഹിക പ്രബോധനവും മരിയൻ പ്രബോധനങ്ങളുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. തൊഴിലാളികളുടെ പാപ്പാ എന്നും മരിയൻ പാപ്പാ എന്നും അദ്ദേഹം അറിയപ്പെടുന്നു. ബൗദ്ധിക പരിജ്ഞാനം കണക്കിലെടുത്ത് മഹാനായ ലെയോ എന്നും വിളിക്കാറുണ്ട്.
85 ചാക്രിക ലേഖനങ്ങൾ അക്കാലയളവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവശാസ്ത്രം, തത്വശാസ്ത്രം, സാമൂഹിക വിഷയങ്ങൾ, സഭയുടെ അധികാരം എന്നിവയെല്ലാം വിഷയങ്ങളായി. അവയിൽ ഏറെ പ്രാധാന്യമുള്ളവ ചുവടെ ചേർക്കുന്നു.
റേരും നൊവാരും
(തൊഴിലിന്റെ അവസ്ഥയെക്കുറിച്ച്, 1891)
ലെയോ 13-ാമനെ ചരിത്രപ്രസിദ്ധനാക്കിയ അപ്പസ്തോലിക പ്രബോധനമാണിത്. കത്തോലിക്കാ സഭയുടെ ആധുനിക സാമൂഹിക ദർശനങ്ങൾക്ക് ഈ ചാക്രികലേഖനം അടിസ്ഥാനമിട്ടു. തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലിന്റെ മഹത്വം, വ്യക്തിഗത വസ്തുവകകളുടെ പ്രാധാന്യം, രാഷ്ട്രങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളാണ് പാപ്പാ ചർച്ച ചെയ്തത്. സോഷ്യലിസത്തെയും നിയന്ത്രണമില്ലാത്ത മുതലാളിത്തത്തെയും നിശിതമായി വിമർശിച്ചു.
ഇമ്മൊർത്തായിലെ ദേയി
(രാഷ്ട്രങ്ങളിലെ ക്രിസ്തീയ അടിത്തറ, 1885)
സമൂഹത്തിൽ സഭയുടെ പങ്ക് വ്യക്തമായി വ്യാഖ്യാനിക്കുകയും സഭ രാഷ്ട്രത്തിന്റെ ഇടപെടലുകളിൽനിന്ന് സ്വതന്ത്രമായിരിക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തു. ഭരണകൂടങ്ങൾ ധാർമികതത്വങ്ങളെ മാനിക്കണമെന്നും ഓർമിപ്പിച്ചു.
ലിബെർത്താസ് പ്രെസ്താന്തീസിമും
(മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച്, 1888)
സ്വാതന്ത്ര്യം സത്യത്തെയും ധാർമികതയെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം. മോറൽ റിലേറ്റിവിസം, സെക്കുലർ ലിബറലിസം എന്നിവയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി.
എത്തേർണി പാത്രിസ്
(ക്രിസ്തീയ തത്വചിന്തയുടെ പുനരുദ്ധാരണം, 1879)
തോമസ് അക്വീനാസിന്റെ തത്വചിന്തയുടെ സ്വാധീനം സഭയിൽ കൂടുതൽ ശക്തമാക്കുന്നതിനായി പ്രയത്നിച്ചു. അദ്ദേഹമാണ് തോമസ് അക്വീനാസിനെ കത്തോലിക്കാ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും നെടുംതൂണാക്കിയത്.
പ്രൊവിദെന്തിസിമൂസ് ദേവൂസ്
(വിശുദ്ധ ഗ്രന്ഥങ്ങളുടെ പഠനം, 1893)
ഈ ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ ശാസ്ത്രീയ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ദൈവവചനത്തോടുള്ള ആധുനിക വിമർശനങ്ങളെ പ്രതിരോധിക്കുകയും സഭാ പാരന്പര്യങ്ങളെ സ്ഥിരീകരിക്കുകയും ചെയ്തു.
സപിയെൻസിയേ ക്രിസ്ത്യാനേ
(ക്രിസ്ത്യാനികൾ, നല്ല പൗരന്മാർ; 1890)
കത്തോലിക്കാ വിശ്വാസികളെ രാഷ്ട്രത്തിലെ നല്ല പൗരന്മാരായിരിക്കാനും അതേസമയം വിശ്വാസികളെന്ന നിലയിലുള്ള അന്തഃസത്ത കാത്തുസൂക്ഷിക്കാനും പരിശ്രമിക്കണമെന്ന് ഓർമിപ്പിച്ചു. പൊതുസമൂഹത്തിൽ സഭയുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
ആദ് എക്സ്ട്രേമാസ്
(ഭാരതത്തിലെ സഭയെക്കുറിച്ച്, 24 ജൂൺ 1893)
ഭാരതത്തെ അഭിസംബോധന ചെയ്ത് എഴുതപ്പെട്ട സഭയിലെ ആദ്യത്തെ ചാക്രിക ലേഖനമാണിത്. രാഷ്ട്രം ബ്രിട്ടീഷ് ആധിപത്യത്തിലായിരിക്കുന്പോൾ സഭയും വൈദേശിക മിഷണറിമാരുടെ നേതൃത്വത്തിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നാണ് ദീർഘവീക്ഷണമുള്ള, ഭാരതസഭയുടെ അമൂല്യമായ വിശ്വാസസന്പത്ത് തിരിച്ചറിഞ്ഞ പാപ്പാ ആഗ്രഹിച്ചത്. “ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളിൽ” എന്നു പ്രഖ്യാപിച്ചതും അദ്ദേഹം തന്നെ.
ഭാരതത്തിലെ സഭയുടെ ഭാവിക്ക് തദ്ദേശിയരായ പുരോഹിതരും സന്യസ്തരും ആവശ്യമാണ്. വൈദേശിക മിഷണറിമാർക്ക് അധികകാലം ഭാരതത്തിൽ തുടരാൻ സാധ്യമല്ല. തദ്ദേശീയരായ വിദ്യാർഥികൾക്ക് പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കും പരിശീലനം നല്കണം. അവർക്കു മാത്രമേ പ്രാദേശിക സംസ്കാരം ഉൾക്കൊള്ളാനും ജനത്തിനു മനസിലാകുന്ന ഭാഷ സംസാരിക്കാനും അവരുടെ ഹൃദയങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകർന്നുകൊടുക്കാനും സാധിക്കുകയുള്ളൂ. ഭാരതത്തിലെ മിഷണറി പ്രവർത്തനങ്ങളെ സഹായിക്കുന്നതോടൊപ്പം ഭാരതസഭ സ്വയംപര്യാപ്തത നേടണമെന്നും തദ്ദേശിയ സംസ്കാരത്തിൽ അടിയുറച്ചതായിരിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വിശ്വാസികൾ ഭാരതത്തിലെ വിശ്വസ്ത പൗരന്മാരായിരിക്കുകയും എന്നാൽ സഭാ വിശ്വാസത്തിന്റെ അന്തഃസത്ത കാത്തുപാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൂനയിലെ (തുടക്കം ശ്രീലങ്കയിലെ കാന്ഡിയിൽ) പേപ്പൽ സെമിനാരിയുടെ സ്ഥാപകന് ലെയോ 13-ാമന് മാർപാപ്പയാണ്.
ഭാരത ഹയരാർക്കി സ്ഥാപനം (1886)
ഭാരതസഭയുടെ കൃത്യമായ ക്രമവത്കരണത്തിനു കാരണക്കാരൻ ലെയോ 13-ാമൻ മാർപാപ്പയാണ്. തദ്ദേശിയ മെത്രാന്മാർ നേതൃത്വം കൊടുക്കുന്ന ഭാരതസഭയെ അദ്ദേഹം സ്വപ്നം കണ്ടു. 1886ലെ പോർച്ചുഗീസ് രാജ്യവുമായുള്ള ‘കൊൺകൊർദാത്തി’ലൂടെ പദ്രൊവാദോ-പ്രൊപ്പഗാന്ത സംഘർഷങ്ങൾ അവസാനിപ്പിച്ചു.
1886 സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ ‘ഹുമാനേ സലൂത്തിസ് അക്ത്തോർ’ എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷനിലൂടെ ഭാരത ഹയരാർക്കി ക്രമീകരിച്ചു. സഭയെ അതിരൂപതകളായും രൂപതകളായും തിരിച്ച് ഭൂപരിധി നിശ്ചയിച്ചു. അപ്പസ്തോലിക വികാരിയാത്തുകളെ രൂപതകളായി ഉയർത്തി. ഗോവ രൂപതയെ പാത്രിയാർക്കേറ്റായി പ്രഖ്യാപിച്ചു. ഗോവ, ആഗ്ര, മുംബൈ, വരാപ്പുഴ, കോൽക്കത്ത, മദ്രാസ്, പോണ്ടിച്ചേരി എന്നിവയായിരുന്നു അതിരൂപതകൾ. കൊച്ചി രൂപത ഗോവയുടെ കീഴിലും കൊല്ലം രൂപത വരാപ്പുഴ അതിരൂപതയുടെ കീഴിലുമായി. അപ്രകാരം ഭാരതസഭയെ വൈദേശിക ആധിപത്യത്തിൽനിന്നു സ്വതന്ത്രമാക്കാനും തദ്ദേശിയ മിഷണറിമാരുടെ പരിശീലനം ആരംഭിക്കാനും വ്യക്തമായ സ്വതന്ത്രഭരണം സാധ്യമാക്കാനും ലെയോ 13-ാമന് തുടക്കം കുറിച്ചു. സീറോ മലബാർ സഭാംഗങ്ങൾക്കുവേണ്ടി 1887ൽ കോട്ടയം, തൃശൂർ വികാരിയാത്തുകൾ സ്ഥാപിച്ചത് ലെയോ 13-ാമനാണ്. അദ്ദേഹം തന്നെ 1896ൽ ചങ്ങനാശേരി, എറണാകുളം, തൃശൂർ വികാരിയാത്തുകളായി സീറോ മലബാർ സഭയെ പുനഃസംവിധാനം ചെയ്തു.
ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം
വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇപ്രകാരമാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്:
“നിങ്ങൾക്ക് സമാധാനം! പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നല്കിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും അവർ എവിടെ ആയിരുന്നാലും എല്ലാ രാജ്യങ്ങളിലും ഭൂമി മുഴുവനും എത്താനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം...”
അവനിൽ നാമെല്ലാം ഒന്നാണ്
അവനിൽ നാമെല്ലാം ഒന്നാണ് (ഇൻ ഇല്ലൊ ഊനോ ഊനും) എന്നതാണ് പാപ്പായുടെ ആപ്തവാക്യം. അദ്ദേഹം പെറുവിലെ ചിക്ലായോ രൂപതയിൽ മെത്രാനായിരുന്നപ്പോൾ സ്വീകരിച്ച ആപ്തവാക്യമായിരുന്നു ഇത്. സങ്കീർത്തനം 127ന് വിശുദ്ധ അഗസ്തീനോസ് നല്കിയ വ്യാഖ്യാനത്തിൽനിന്നാണ് ഈ വാക്യം സ്വീകരിച്ചിട്ടുള്ളത്. എംബ്ലത്തിന്റെ ഒരു ഭാഗത്ത് കാണുന്നത് ലില്ലി പുഷ്പമാണ്. ‘മഡോണ ലില്ലി’ എന്നറിയപ്പെടുന്ന ഈ പുഷ്പം കന്യകമറിയത്തിന്റെ പരിശുദ്ധി, നിഷ്കളങ്കത, അമലോത്ഭവം എന്നിവയെ സൂചിപ്പിക്കുന്നു. താഴെ മറുഭാഗത്ത് അടഞ്ഞ ഗ്രന്ഥത്തിനു മുകളിൽ കുന്തത്താൽ തുളച്ചു കയറിയ ഹൃദയമാണ്. അഗസ്റ്റിന്റെ മാനസാന്തരത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ദൈവവുമായുള്ള കണ്ടുമുട്ടലിനെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ അഗസ്തീനോസ് എഴുതി, “അങ്ങയുടെ വചനംകൊണ്ട് എന്റെ ഹൃദയം കുത്തിപ്പിളർന്നു.” പരിശുദ്ധ അമ്മയുടെ പരിശുദ്ധിയും വിശുദ്ധ അഗസ്തീനോസിന്റെ മാനസാന്തര ചരിത്രവുമാണ് എംബ്ലത്തിൽ നിറഞ്ഞുനിൽക്കുന്നത്.
വിശ്വാസമാണ് ജീവിതത്തിന്റെ അർഥം
തന്റെ തെരഞ്ഞെടുപ്പിനു പിറ്റേന്ന് സിസ്റ്റെയിൻ ചാപ്പലിൽ അർപ്പിച്ച ആദ്യ ദിവ്യബലിയിൽ മാർപാപ്പ പറഞ്ഞു. “വിശ്വാസമില്ലെങ്കിൽ ജീവിതത്തിന്റെ അർഥം നഷ്ടപ്പെടും.” സഭയുടെ 267-ാമത് മാർപാപ്പയെ വളരെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. വരാപ്പുഴ, കോഴിക്കോട്, പൊള്ളാച്ചി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള പാപ്പാ കേരളത്തെ ഹൃദയത്തിൽ ചേർത്തുപിടിച്ചിട്ടുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം.