ലെയോ മാർപാപ്പ ദിശാസൂചനകൾ
ഡോ. വർഗീസ് പുളിമരം
Sunday, May 18, 2025 12:58 AM IST
അമേരിക്കയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ എന്ന ചരിത്രപരമായ ദൗത്യവുമായാണ് ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് സ്ഥാനാരോഹണം ചെയ്യുന്നത്. അദ്ദേഹം തെരഞ്ഞെടുത്ത ലെയോ എന്ന പേരും പല സവിശേഷ മാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്. മുൻഗാമികളായ മാർപാപ്പമാരുടെ ശൈലി അതേപടി തുടരുമെന്ന് പാപ്പാസ്ഥാനത്തിന്റെ നൈരന്തര്യം അർഥമാക്കുന്നില്ല. അതേസമയം, സാമൂഹ്യപ്രശ്നങ്ങളോടുള്ള നിലപാടുകളിൽ സഭാ ദർശനം തുടരുകതന്നെ ചെയ്യും.
തന്റെ തെരഞ്ഞെടുപ്പിനുശേഷം ലെയോ മാർപാപ്പ തന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകരായ കർദിനാൾമാരെ അഭിസംബോധന ചെയ്തത് കഴിഞ്ഞ പത്തിനു രാവിലെയാണ്. അതിൽ അദ്ദേഹം എടുത്തുപറഞ്ഞ ഒരു കാര്യം പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനം സംഭവിച്ച വ്യവസായവിപ്ലവവുമായി കൃത്രിമബുദ്ധിയുടെ സമകാലിക വിപ്ലവത്തിനുള്ള സമാന്തരത്വമാണ്. ആദ്യവിപ്ലവം ഉയർത്തിയ വെല്ലുവിളികൾക്ക് സഭ ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രിക ലേഖനത്തിലൂടെ ഉത്തരം പറഞ്ഞു. രണ്ടാമത്തെ വിപ്ലവം മനുഷ്യമഹത്വത്തിനും നീതിക്കും തൊഴിലിനുമെതിരേ ഉയർത്തുന്ന വെല്ലുവിളികൾക്ക് സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ കലവറയിൽനിന്ന് ഉത്തരമേകാൻ സന്നദ്ധമാണെന്ന് ലെയോ മാർപാപ്പ പറയുന്നു.
ലെയോയുടെ മുന്ഗണനകൾ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന ശ്ലൈഹിക പ്രബോധനത്തിന്റെയും ചുവടുപിടിച്ച് മുന്നോട്ടു പോകാനുള്ള തന്റെ ബോധ്യം ലെയോ മാർപാപ്പ തുടർന്നു വ്യക്തമാക്കി. അവ വിദഗ്ധവും വ്യക്തവുമായ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രധാനാചാര്യ ശുശ്രൂഷയുടെ കാലഘട്ടത്തിൽ നിർണായകമായ ചില ആദർശങ്ങൾ തന്നെ നയിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സുവിശേഷപ്രഘോഷണത്തിൽ ക്രിസ്തുവിനുള്ള ഒന്നാം സ്ഥാനം, സഭാ സമൂഹത്തിന്റെ ആകമാനം പ്രേഷിതദൗത്യം, കൂട്ടായ്മയിലും സിനഡാത്മകതയിലുമുള്ള വളർച്ച, ഭക്താനുഷ്ഠാനങ്ങളിലൂടെയും മറ്റും പ്രകടമാകുന്ന വിശ്വാസബോധ്യത്തിനുള്ള പ്രഥമ പരിഗണന, ഏറ്റവും പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള സ്നേഹപൂർണമായ കരുതൽ, സമകാലിക ലോകത്തോടുള്ള ധീരവും വിശ്വാസപൂർവകവുമായ സംഭാഷണം എന്നിവ അവയിൽ ചിലതാണ്. പോൾ ആറാമൻ മാർപാപ്പ തന്റെ പ്രധാനാചാര്യ ശുശ്രൂഷയുടെ തുടക്കത്തിൽ പ്രകടിപ്പിച്ച പ്രത്യാശ ലെയോ മാർപാപ്പ പങ്കുവച്ചു: സന്മനസുള്ള എല്ലാ സ്ത്രീ-പുരുഷന്മാരിലും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ജ്വാല തെളിക്കാൻ സഭയ്ക്കു കഴിയട്ടെ.
പുതിയ മാർപാപ്പയുടെ മുൻഗണനകൾ ഈ പ്രഥമ പ്രസംഗത്തിൽത്തന്നെ വ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടിലേക്കു സഭയെ കൈപിടിച്ചു നടത്തിയ ലെയോ പതിമൂന്നാമൻ തന്നെയാണ് തന്റെയും മാതൃക. സാമൂഹ്യ യാഥാർഥ്യങ്ങളുടെയും സമകാലിക ലോകം ഉയർത്തുന്ന വെല്ലുവിളികളുടെയും നേരേ സഭ സ്തബ്ധമായി നിൽക്കാൻ പാടില്ല. തൊഴിലിന്റെ മഹത്വം മനുഷ്യമഹത്വത്തിൽ അധിഷ്ഠിതമാണ്. ഈ മഹത്വം ഉറപ്പുവരുത്തുന്നതിന് നീതി ഒരു അവശ്യഘടകമാണ്. വ്യവസായവിപ്ലവത്തിന്റെ ഫലമായി തൊഴിലവസരങ്ങൾ വർധിച്ചു. എന്നാൽ, തൊഴിലാളികൾ അടിമകളായി മാറി. ഈ സാഹചര്യത്തിലാണ് ലെയോ പതിമൂന്നാമൻ ‘റേരും നൊവാരും’ എഴുതിയത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഈ പുതിയ ലോകക്രമത്തിൽ മനുഷ്യമഹത്വത്തിനു നേരേ ഏറ്റവും വലിയ ചോദ്യമുയർത്തുന്നത് കൃത്രിമബുദ്ധിയാണെന്ന് ലെയോ പതിനാലാമൻ തിരിച്ചറിയുന്നു.
ലെയോ ഒന്നാമനും ലെയോ പതിമൂന്നാമനും
സംഘർഷഭരിതമായ ഒരു ലോകത്തിൽ വ്യക്തമായ ദിശാബോധത്തോടുകൂടി സഭയെ നയിക്കാനുള്ള മാർപാപ്പയുടെ ദൃഢനിശ്ചയമാണ് ലെയോ എന്ന പേരിനു പിന്നിലുള്ളതെന്ന് കർദിനാൾ ഫെർണാണ്ടോ ഫിലോണി പറയുകയുണ്ടായി. പുതിയ മാർപാപ്പ തെരഞ്ഞെടുത്ത ലെയോ എന്ന പേര് പല കർദിനാൾമാരെയും ആശ്ചര്യപ്പെടുത്തിയതായി അദ്ദേഹം ഇഡബ്ല്യുടിഎൻ മേധാവി മാത്യു ബർസണിനോടു വ്യക്തമാക്കി. ഈ പേരിന്റെ കാരണമെന്താണെന്നു മാർപാപ്പയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ഇക്കാലഘട്ടത്തിൽ സഭയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളാകണം പുതിയ മാർപാപ്പ എന്ന ഉത്തരം നൽകിയതായി കർദിനാൾ ഫിലോണി വെളിപ്പെടുത്തി. സാമൂഹ്യജീവിതം തൊഴിൽസംബന്ധമായ കാര്യങ്ങളുടെ ഫലമായി അസ്വസ്ഥമായിരുന്ന ഒരു സാഹചര്യത്തിലാണ് ലെയോ പതിമൂന്നാമൻ സഭയെ നയിച്ചത്.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ‘റേരും നൊവാരും’ തന്നെ. അതുകൊണ്ട് സാമൂഹ്യവിഷയങ്ങളുടെ മാർപാപ്പ എന്ന പേരും അദ്ദേഹത്തിനുണ്ടായി. അതുപോലെ അഞ്ചാം നൂറ്റാണ്ടിൽ സഭയെ നയിച്ച മഹാനായ ലെയോ ഒന്നാമൻ മാർപാപ്പയും അസാമാന്യ പ്രതിഭാശാലിയും മഹാപണ്ഡിതനുമായിരുന്നു. ഈശോമിശിഹായുടെ ദൈവ-മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള കാൽസിഡോൺ സൂനഹദോസിന്റെ പഠനങ്ങൾ ക്രോഡീകരിച്ചത് അദ്ദേഹമാണ്. ഹൂണന്മാരുടെ ആക്രമണത്തിൽനിന്ന് ഇറ്റലിയെ രക്ഷിച്ചതും ലെയോ ഒന്നാമൻതന്നെ.
തന്റെ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി സെന്റ് പീറ്റേഴ്സിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് ലെയോ പതിനാലാമൻ ഉച്ചരിച്ച വാക്കുകൾക്ക് ഏറെ പ്രതീകാത്മക മൂല്യമുണ്ട്: “സമാധാനം നിങ്ങളോടുകൂടെ.” ഉത്ഥാനം ചെയ്ത കർത്താവിന്റെ ആദ്യ ആശംസയായിരുന്നു ഇതെന്ന് അനുസ്മരിച്ച മാർപാപ്പ, ദുഃഖവെള്ളിയിലൂടെ കടന്നുപോകുന്ന ലോകജനതയ്ക്ക് സമാധാനം അത്യന്താപേക്ഷിതമാണെന്നും അതു സാമൂഹ്യമോ രാഷ്ട്രീയമോ ആയ ഒന്നു മാത്രമല്ലെന്നും ഓർമിപ്പിക്കുകയായിരുന്നു. സമാധാനം സ്ഥാപിക്കാനുള്ള തന്റെ അദമ്യമായ ആഗ്രഹം മാത്രമല്ല, ചുമതലാബോധവും ലെയോ പതിനാലാമന്റെ വാക്കുകളിൽ വായിച്ചെടുക്കാം.
ലെയോയെ സ്വാധീനിച്ചവർ
ലെയോ പതിനാലാമന്റെ ആദ്യ ആഴ്ചയിലെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഉദ്ധരിച്ച സഭാ പിതാക്കന്മാരും വിശുദ്ധരും പലരാണ്. ലെയോയെ സ്വാധീനിച്ച ആ ചരിത്രപുരുഷന്മാർ ആരൊക്കെയാണെന്നു നോക്കാം.
മേയ് എട്ടിന് സെന്റ് പീറ്റേഴ്സിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് ലെയോ മാർപാപ്പ പറഞ്ഞു: “ഞാനൊരു അഗസ്റ്റീനിയൻ സന്യാസിയാണ് - വിശുദ്ധ അഗസ്റ്റിന്റെ പുത്രൻ. അദ്ദേഹം ഒരിക്കൽ പറഞ്ഞു - ഞാൻ നിങ്ങളെപ്പോലെ ഒരു ക്രൈസ്തവനും നിങ്ങൾക്കുവേണ്ടി ഒരു മെത്രാനുമാണ്.” സെന്റ് അഗസ്റ്റിന്റെ മറ്റൊരു സുപ്രസിദ്ധ സൂക്തം മേയ് 12ന് അദ്ദേഹം ഉദ്ധരിച്ചു: “നമുക്ക് നന്നായി ജീവിക്കാം, കാലം നല്ലതാകും. ഇക്കാലം നമ്മൾ തന്നെയാണ്.” ലെയോ മാർപാപ്പയുടെ മുദ്രാവാചകവും സെന്റ് അഗസ്റ്റിനിൽനിന്നാണ്: “അവൻ ഒരുവനും നാം പലരും എന്നല്ല; പലരായിരിക്കുന്ന നാം ഏകനായ അവനിൽ ഒന്നാണ്.” ഇനിയും നാം പലതവണ ലെയോയിൽനിന്ന് സെന്റ് അഗസ്റ്റിനെ കേൾക്കും.
മേയ് ഒന്പതിന് കർദിനാൾമാരോടൊപ്പം അർപ്പിച്ച വിശുദ്ധ കുർബാനയിൽ ലെയോ മാർപാപ്പ അന്ത്യോഖ്യയിലെ രക്തസാക്ഷിയായ വിശുദ്ധ ഇഗ്നേഷ്യസിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ റോമാക്കാർക്കുള്ള ലേഖനത്തിൽനിന്ന് മാർപാപ്പ ഉദ്ധരിച്ചു. സാർവത്രികസഭയുടെമേൽ സ്നേഹത്തിലുള്ള അധ്യക്ഷപദമാണ് പത്രോസിന്റെ പിൻഗാമിയുടേത് എന്നതായിരുന്നു ആ ഉദ്ധരണി. ഇഗ്നേഷ്യസിനെ പീഡകർ അയച്ച വന്യമൃഗങ്ങൾ കൊന്നുതിന്നുകയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. അധികാരത്തിലുള്ളവർ അനുഭവിക്കേണ്ടിവരുന്ന സ്വയംശൂന്യമാകലിനെ ഇത്തരം മരണവുമായി മാർപാപ്പ താരതമ്യം ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗോറിയോസ് മാർപാപ്പയെയും അദ്ദേഹം അനുസ്മരിച്ചു.
പൗരസ്ത്യ ഗുരുക്കന്മാരും വിശുദ്ധരുമായ വിശുദ്ധ അപ്രേം മല്പാൻ, നിനിവേയിലെ വിശുദ്ധ ഇസഹാക്ക്, നവ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ശിമയോൻ എന്നിവരെയെല്ലാം, കിഴക്കൻ സഭകളോടു സംസാരിച്ചപ്പോൾ ലെയോ മാർപാപ്പ പരാമർശിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, വിശുദ്ധ പോൾ ആറാമാൻ മാർപാപ്പ എന്നിവരും വിശുദ്ധ പത്രോസ് ശ്ലീഹായും അവസാനമായി പരിശുദ്ധ കന്യകമറിയവും പരാമർശിക്കപ്പെട്ടു. നഗരത്തിനും ലോകത്തിനുമുള്ള പ്രഥമ ആശീർവാദത്തിനുമുന്പ് അദ്ദേഹം വിശ്വാസികളോടൊപ്പം മാതാവിന്റെ മാധ്യസ്ഥ്യം തേടി. ജനസാനോയിലെ മാതൃചിത്രത്തെ വണങ്ങാനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി റോമിനു പുറത്തേക്കു യാത്ര ചെയ്തത് എന്നതും സ്മരണീയമാണ്.