മീൻ ജീവിതം
മീൻ ജീവിതം
കുട്ടിയായി അമ്മയുടെ വയറ്റിൽ ഏഴു മാസം പിന്നിടുമ്പോൾ അച്ഛൻ കുടുംബത്തെയാകെ ഉപേക്ഷിച്ചുപോയ കഥയാണ് സലിയുടേത്. ജനിച്ചു വീണതേ കഷ്‌ടപ്പാടിന്റെ അറ്റംകാണാക്കയങ്ങളിൽ..! മക്കളെ വളർത്താൻ മീൻപിടിക്കാനിറങ്ങിയ അമ്മയുടെ മകൾ. അന്നു കൂലിവള്ളത്തിൽ പകൽ മുഴുവൻ കായലിലും പാടശേഖരങ്ങളിലും അലഞ്ഞുപിടിച്ചിരുന്ന മീൻ വൈകുന്നേരം മാർക്കറ്റിലിട്ട് വിറ്റ് ആ കാശിന് അരിയും വാങ്ങി വീട്ടിലെത്തി അത് ഊതിവേവിച്ചു തരുന്ന അമ്മ. പത്തും പതിനൊന്നും മണിയൊക്കെയാവും കഞ്ഞിവേവാൻ. തളർന്ന് ഉറക്കം തൂങ്ങുന്ന അഞ്ചു കുഞ്ഞുങ്ങൾ...! കഴിച്ചെങ്കിലായി അല്ലെങ്കിലായി... ഉണ്ണാതുറങ്ങിയ ഒരുപാട് രാവുകൾ.

അമ്മയുടെ പങ്കപ്പാടുകൾ കണ്ടറിഞ്ഞ് വളർന്ന സലി ഇന്നു മീനും തേടി രാവിന്റെ നടുയാമങ്ങളിൽ പോലും ആകാശത്തിന്റെ അനന്തതയെ സാക്ഷിനിർത്തി കായലിന്റെ അപാരതകളിലൂടെ യമഹ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഒഴുകിയോടുന്നു. മിക്കപ്പോഴും ഭർത്താവ് വിനോദ് കൂട്ടിനുണ്ട്. ചില അവസരങ്ങളിൽ തനിയെ പോകും, പരിചിതരായ വള്ളക്കാരും വലക്കാരും തനിക്ക് സഹായത്തിനുണ്ടെന്ന വിചാരത്തോടെ. വേമ്പനാട്ടു കായലിൽ രാത്രി മീൻപിടിക്കാൻ പോകുന്ന ഒരേയൊരു വനിത സലി വിനോദ്.

കുമരകം അട്ടിപ്പീടികയിൽ കരിയിൽ പാലം കയറിയിറങ്ങിച്ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം കാണുന്ന വീടാണ് സലിയുടേത്. സിമന്റിഷ്‌ടിക കെട്ടിയ തേക്കാത്ത കൊച്ചുവീട്. അവിടെ സലിയും വിനോദും രണ്ടു പെൺമക്കളും. ഒപ്പം പ്രഷറും ഗുരുതരമായ പ്രമേഹവും ബാധിച്ച് അരയ്ക്കു കീഴ്പോട്ട് ചലനശേഷി നഷ്‌ടപ്പെട്ട വിനോദിന്റെ അമ്മയും പിന്നെ, പ്രായമായ അച്ഛനും. ഈ ചെറിയ വീട് വിനോദും സലിയും രാവും പകലും കായലിലും പാടത്തെ വെള്ളത്തിലും കഷ്‌ടപ്പെട്ട് കക്ക വാരിയും മീൻപിടിച്ചും കിട്ടുന്ന പണംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. പഞ്ചായത്തിും മറ്റും നിന്ന് ഒരു സഹായവും ലഭിച്ചില്ല.

സലിയുടെ പതിനെട്ടാം വയസിൽ അയലത്തു തന്നെയുള്ള വിനോദ് ഇഷ്‌ടപ്പെട്ടു കല്യാണം കഴിച്ചതാണ്. ദുഃഖങ്ങൾ നിറഞ്ഞ തന്റെ ജീവിതത്തിൽ നിന്ന് ഇല്ലായ്മകൾ വച്ചുവിളമ്പുന്ന മറ്റൊരിടത്തേക്ക് സലി മാറ്റപ്പെട്ടെന്നേയുള്ളൂ. അന്നു ചെറിയ ഷെഡിലായിരുന്നു താമസം. മഴക്കാലമായാൽ പെയ്യന്നതത്രയും അകത്തേക്കായിരുന്നു. കുട നിവർത്തിവച്ച് കുഞ്ഞുങ്ങളെ കിടത്തിയിട്ട് ഉറങ്ങാതെ കഴിച്ചുകൂട്ടിയ എത്രയോ രാത്രികൾ! എത്ര കഷ്‌ടപ്പെട്ടിട്ടും ഒന്നിനുമാവാത്ത അവസ്‌ഥ. വേറെ പലയിടത്തും ജോലിക്കുപോയി നോക്കി. കിട്ടുന്നതൊന്നും ഒന്നിനും തികയുന്നില്ല. വീടില്ല, ശുചിമുറിയില്ല.. ഒന്നുമില്ല. അങ്ങനെ 23–ാം വയസിൽ സലി കായലിലേക്കിറങ്ങി, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ...

ഇന്ന് 34 വയസുണ്ട് സലിക്ക്, വേമ്പനാട് കുമരകം കായലുമായി ഇഴുകിച്ചേർന്നു എന്നാണ് സലി പറയുന്നത്. അതുകൊണ്ട് ഇപ്പോൾ ഭയമേതുമില്ല. പ്രത്യേക സുരക്ഷയൊന്നുമില്ല, ദൈവംതന്നെ ശരണം. കായൽ പരപ്പും ആഴങ്ങളും അതിന്റെ പ്രത്യേകതയുമൊക്കെ സലിക്ക് സുപരിചിതമാണ്. ചിലയിടങ്ങളിൽ രണ്ടുമൂന്നാൾ ആഴമുണ്ട്. ഓളം കൂടുന്നിടത്ത് താഴ്ച കാണുന്നില്ല. ശാന്തത ഉണ്ടെങ്കിൽ അവിടെ ആഴംകൂടുതലാവും. കായലിൽ കൊഞ്ച്, കരിമീൻ, പുല്ലനൊക്കെയാണുള്ളത്. പാടത്ത് ചെമ്പല്ലി, കാരി, വരാൽ തുടങ്ങിയവയും.

മീനുള്ളയിടം എങ്ങനെ മനസിലാക്കും..?

മീൻ കിടക്കുന്നയിടത്ത് നുരകൾ പൊങ്ങിവരും. അവിടമാകെ മീനിന്റെ ഉളുമ്പുമണവും കാണും.

എങ്ങനെയാണ് അവയെ പിടിക്കുന്നത്?

ഇരുട്ടത്ത് മീൻ കിടക്കുന്നയിടത്തേക്ക് ശക്‌തിയുള്ള ടോർച്ച് തെളിക്കും. നമ്മുടെ കണ്ണിൽ വെട്ടമടിച്ചാൽ അസ്വസ്‌ഥതയില്ലേ... അതുപോലെ മീനിനുമുണ്ട്. ആ സമയംനോക്കി പിടിക്കും. വലയെങ്കിൽ വല, കുത്തിപ്പിടിക്കുന്നെങ്കിൽ അങ്ങനെ, ഇനി കൈയെങ്കിൽ അങ്ങനെയും... മീൻ കണ്ടാൽ പിടിച്ചിരിക്കും... ഭാവവ്യത്യാസമൊന്നുമില്ലാതെ സലി പറഞ്ഞു. ഒരു സ്‌ഥലത്തുനിന്നു പിടിച്ചാൽ പിന്നെ ഒരാഴ്ച കഴിഞ്ഞേ അങ്ങോട്ടുപോകൂ.. വീണ്ടും മീനുകൾ താവളം കൂട്ടാൻ ഒരാഴ്ചയെടുക്കും.


രാത്രിയിൽ പോയാൽ പത്തു പന്ത്രണ്ട് കിലോ മീനൊക്കെ കിട്ടും. രാവിലെ അത് ചേർത്തല മാർക്കറ്റിൽ കൊണ്ടുപോയി മൊത്തവിലക്കാർക്കു കൊടുക്കും. പിന്നെ പതിവായി മീനെടുക്കുന്ന കോൾഡ് സ്റ്റോറേജുകാരുമുണ്ട്. മീൻ അധികം കിട്ടാത്ത ദിവസങ്ങളുമുണ്ട്.

രണ്ടു ദിവസം കായലിൽ പോയാൽ ഒരു ദിവസം വിശ്രമമാണ്. തുടർച്ചയായി ഉറക്കമിളച്ചാൽ കുഴപ്പമല്ലേ... കുഞ്ഞുങ്ങളെ വളർത്തണ്ടേ; വട്ടായാൽ എന്തുചെയ്യും... എന്നാണു സലിയുടെ ചോദ്യം.

ഒരു പെണ്ണ് രാത്രിയിൽ കായലിൽ തനിയെ...
ആരും ഒന്നും പറഞ്ഞില്ല...?

ആദ്യകാലത്തെ ഒരനുഭവമുണ്ട്. രാത്രി പന്ത്രണ്ട്, ഒരു മണി ആയിട്ടുണ്ടാവും. മീനും പിടിച്ച് ആശാരിശേരി, മുത്തേരിമട തോട് കടക്കുമ്പോൾ കരയിൽ കുറെ ചെറുപ്പക്കാർ വന്നു. അവിടെയൊരു വീട്ടിൽ പിറ്റേന്നു കല്യാണമാണ്. അവർ മദ്യപിച്ചിട്ടുമുണ്ട്. വള്ളത്തിൽ വിനോദിനൊപ്പം സലിയെക്കണ്ട ചെറുപ്പക്കാർ ബഹളംകൂട്ടിക്കൊണ്ടിരുന്നു. അനാശാസ്യത്തിനു വന്നവരെന്ന് അവർ കരുതി. അവളെ ഇറക്കിവിടെടാ എന്നെല്ലാം ആക്രോശിച്ചു.

വള്ളത്തിൽ മീനാണ്, ജീവിക്കാൻ വേണ്ടി മീൻപിടിക്കാൻ വന്നതാണ് എന്നൊക്കെ അവരോടു പറഞ്ഞു. പിന്നെ സൈഡ് നോക്കി ഇടത്തോടു കയറി എങ്ങനെയൊക്കെയോ പാഞ്ഞുപോന്നു. ഇന്ന് കായലിൽ എവിടെച്ചെന്നാലും തന്നെ എല്ലാവർക്കുമറിയാം എന്ന് സലി പറയുന്നു. ഭർത്താവ് സ്‌ഥലത്തില്ലാതിരുന്ന ഒരു രാത്രിയിൽ സലി തനിയെ കായലിലേക്കു പോയി. അന്നു തനിക്ക് ചാകരയായിരുന്നുവെന്ന് അവർ പറഞ്ഞു. അയ്യായിരം രൂപയുടെ മീനാണ് നേരം വെളുക്കുമ്പോഴേക്കും കിട്ടിയത്. ആ കാശിനാണ് വീട്ടിൽ ശുചിമുറി പണിതത്. സലിയുടെ വാക്കുകളിൽ ദൃഢത കൂടുന്നു, അഭിമാനവും.

സലിയുടെ പെൺമക്കളിൽ മൂത്തവൾ ദിവ്യ എസ്എസ്എൽസി എഴുതി നിൽക്കുന്നു. ഇളയവൾ ദീപ ആറാം
ക്ലാസിലും. വള്ളം തുഴയാനും മീൻപിടിക്കാനുമൊക്കെ അവർക്കും അറിയാം. ഏറെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങൾ അത് മനസിലാക്കണം. ഇതുപോലെ കഷ്‌ടപ്പെടാൻ അവരെക്കൊണ്ടാവില്ല. പഠിപ്പിക്കണം എന്നാണാഗ്രഹം. മക്കളെപ്രതി സലിയുടെ പ്രതീക്ഷകൾ വലുതാണ്. യമഹവച്ച വള്ളം കായൽപരപ്പിലൂടെ ഓടിച്ചുപോകും സലി വിനോദ്. തുഴകൊണ്ട് അമരം പിടിക്കുംപോലെ പിടിച്ചോണ്ടിരിക്കണം. എല്ലാ തടസവും മാറ്റി മുന്നോട്ടു പോകണം. നിങ്ങളൊക്കെ സ്കൂട്ടർ ഓടിക്കില്ലേ.. അതുപോലെ...

അധ്വാനത്തിന്റെ ശക്‌തി മനസിലാക്കിയ ജീവിതമാണ് സലിയുടേത്. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ നിന്ന നിൽപ്പിൽ സലി വന്നു. വേറെ ഒരൊരുക്കവും വേണ്ട. ഇങ്ങനല്ലേ മീൻ പിടിക്കാൻ പോണത് എന്നുപറഞ്ഞ്... അപ്പോഴേക്കും കണ്ണിലിത്തിരി കൺമഷി പുരട്ടിയെന്നു തോന്നുന്നു. മീൻപിടിക്കുന്നതിനിടയിൽ രാത്രിയെക്കണ്ട്, നക്ഷത്രങ്ങളെ കണ്ട്, കായലിന്റെ തലോടലിൽ ചന്ദ്രക്കലയുടെ താരാട്ടുകേട്ട് വള്ളത്തിലുലഞ്ഞ് കുറച്ചുനേരമൊക്കെ കിടന്നുറങ്ങാറുണ്ട് സലി. നക്ഷത്രറിസോർട്ടുകളിലെ ഹൗസ്ബോട്ടുകളിൽ പതിനായിരങ്ങൾ മുടക്കി രാത്രി ചെലവഴിക്കാനെത്തുന്നവരെക്കാൾ സുഖമായി ഗാഢമായുള്ള ഉറക്കം. സോളാർ വനിതകളും സ്ത്രീശാക്‌തീകരണക്കാരും തൊഴിലന്വേഷിച്ച് വർഷങ്ങൾ കളയുന്നവരുമൊക്കെ കണ്ടുപഠിക്കേണ്ട കരുത്തുറ്റ ജന്മം, അതാണ് സലി വിനോദ്.

<ആ>ആൻസി സാജൻ