കവിതകൾ വിരിയുന്ന പെരിയാർ ടൈഗർ റിസർവ്
Thursday, September 16, 2021 8:36 PM IST
കുമളി: പെരിയാർ ടൈഗർ റിസർവിൽ കവിതകളും വിരിയുന്നു. മൊട്ടിട്ടു വിരിയുന്ന പൂത്തുലയുന്ന കവിതകൾ. വന്യജീവികളുടെ ആവാസ മേഖലയിൽനിന്നുയരുന്ന കവിതകൾക്ക് ഗ്രാമീണ ജീവിതത്തിന്റെ താളമാണ്.
ഫോറസ്റ്റ് വാച്ചർ വി.വി. അഗസ്റ്റിനാണ് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അൻപതിലധികം കവിതകൾക്ക് ജീവൻ പകർന്നത്. കുമളി കൊല്ലംപട്ടട വണ്ടൻപുറത്ത് അഗസ്റ്റിൻ വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനാണ്. വനത്തിലെ ഏകാന്തതയിലാണ് അഗസ്റ്റിന്റെ രചനകൾ.
കുഞ്ഞിക്കിളി എന്ന കവിത തേക്കടി തടാകത്തിൽ നീരാടി മരക്കൊന്പിൽ ഏകാന്തയായി ഇരുന്ന് തൂവലുകൾ മാടിയൊതുക്കുന്ന കിളിയേപ്പറ്റിയാണെങ്കിൽ ’ മരം പെയ്യുന്ന നേരം’ എന്ന കവിത തന്റെ ബാല്യത്തിലെ ദാരിദ്യ്രവും കഷ്ടപ്പാടുകളും സ്കൂൾ വിദ്യാഭ്യാസവുമാണ് പ്രതിപാദിക്കുന്നത്.
നന്നേ ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട അഗസ്റ്റിന്റെ ബാല്യകാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. പാട്ടും രചനകളും ഇഷ്ടപ്പെടുന്ന അഗസ്റ്റിന് കാട്ടിലെ ജോലിയും ജീവിതവും ഒരു താളമാണ്. താനെഴുതിയ കവിതകൾ ഈണത്തിൽ ടൂറിസ്റ്റകൾക്കായി പാടാനും അഗസ്റ്റിൻ സമയം കണ്ടെത്തുന്നു.
കഷ്ടപ്പാടുകൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള നേട്ടോട്ടത്തിലാണ് വാടക വീട്ടിൽ താമസിക്കുന്ന അഗസ്റ്റിൻ. ഭാര്യ: ആൻസി. രണ്ട് പെണ്മക്കൾ. മൂത്തമകൾ ചിപ്പി ചങ്ങനാശേരി അസംപ്ഷൻ കോളജിൽനിന്നും എംഎ സോഷ്യോളജി മികച്ച രീതിയിൽ പൂർത്തിയാക്കി. ഇളയ മകൾ അനു ഇതേ കോളജിൽ ബിഎ ലിറ്ററേച്ചർ പൂർത്തിയാക്കി.