അവിടെ മാതാപിതാക്കളായ ശിവദാസനും ചന്ദ്രികയും പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് സഹോദരന്മാരുമുണ്ട്. കുട്ടിക്കാലം മുതല്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു അഖിലിന്റെ താമസം.
പത്തു മാസത്തെ പഠനശേഷം തുടർപഠനത്തിനു ജര്‍മനിയിലേക്ക് പോകാന്‍ ആറു ലക്ഷം രൂപയെങ്കിലും വേണം. ഇതിനുള്ള പണം കണ്ടെത്താനായി നിലവിൽ പണയത്തിലുള്ള ആ വീടും സ്ഥലവും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ശിവദാസന്‍.
മുത്തശിയുടെ മാല പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് ഇതുവരെയുള്ള ഫീസ് അടച്ചതെന്ന് അഖില്‍ വിഷമത്തോടെ പറഞ്ഞു. ശിവദാസന്‍ വീടിനടുത്തുള്ള ഒരു ചായക്കടയിലാണ് ജോലി ചെയ്യുന്നത്.
അതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുചെലവുകള് നടത്തുന്നത്. എല്ലാ കടവും വീട്ടണം. അതിനു പഠിച്ച് ജോലി വാങ്ങണം. ജര്‍മനിയില്‍ മൂന്നു വര്‍ഷം പഠിച്ചാലെ പഠനം പൂര്‍ത്തിയാകൂ. അതിനുശേഷമേ ജോലി കിട്ടൂ.
അതുകൊണ്ടുതന്നെ പഠനം അല്ലാതെ മറ്റു മാര്‍ഗമൊന്നും തന്റെ മുന്നിലില്ലെന്ന് അഖില്‍ പറയുന്നു. പ്ലസ്ടു പഠനശേഷം 2018ല്‍ എറണാകുളത്ത് കോള്‍ സെന്ററില്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവായി മൂന്നു വര്‍ഷം അഖില്‍ ജോലി ചെയ്തിരുന്നു.
പിന്നീട് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തശേഷം പാലക്കാട്ടെ ഒരു ആശുപത്രിയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി. പക്ഷേ ജീവിതം മുന്നോട്ടു പോകില്ലെന്ന അവസ്ഥ വന്നപ്പോള്‍ വീണ്ടും എറണാകുളത്തേക്ക് വണ്ടി കയറി.
സൊമാറ്റോ വിതരണക്കാരന് എന്ന ജോലിക്കൊപ്പം പാര്‍ട്ട് ടൈമായി വിദേശത്തുപോകാനുള്ള പഠനവും തുടങ്ങി. കടവന്ത്രയിലെ ഗ്ലാന്സെന്ഡ് അക്കാഡമിയിലാണ് പഠനം. നാല് ലെവലായുള്ള പഠനത്തിന് 45,000 രൂപയാണ് ഫീസ്.
പരീക്ഷ ഫീസ് 25,000 രൂപയ്ക്ക് മുകളില്‍ വരും. ലോണിനായി പല ബാങ്കുകളിലും കയറിയിറങ്ങിയിട്ട് നിരാശയായിരുന്നു ഫലം.ക്ലാസ് കഴിഞ്ഞെത്തി വൈകുന്നേരം നാലിനുശേഷമാണ് അഖില്‍ ജോലിക്കു പോകുന്നത്.
മാക്സിമം അഞ്ച് ഓർഡറുകളൊക്കെ മാത്രമാണ് അഖിലിനു കിട്ടുന്നത്. ഓർഡറുകള്‍ കൂടുതല്‍ കിട്ടിയാല്‍ അതനുസരിച്ച് ഇന്‍സെന്റീവും കിട്ടും. കഴിഞ്ഞയാഴ്ച അറുനൂറ് രൂപയാണ് കിട്ടിയത്.
വീഡിയോ വന്നതിനുശേഷം പലരും വിളിച്ച് ചെറിയ സഹായമൊക്കെ അഖിലിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോണ്സര്ഷിപ്പില് പഠനം പൂര്‍ത്തിയാക്കാമെന്ന് ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംസാരിച്ചു നില്ക്കുന്നതിനിടയില് അഖിലിന്റെ ഫോണ്‍ ബെല്ലടിച്ചു. മറുതലയ്ക്കല്‍ അമ്മയാണെന്നു പറഞ്ഞ്, സ്ക്രീന്‍ പൊട്ടിപ്പോയി റബര്‍ ബാന്റിട്ട ഫോണിലെ കോള്‍ അഖില്‍ അറ്റന്‍ഡ് ചെയ്തു.
ചില്ലൊക്കെ പൊട്ടിയെങ്കിലും പുതിയതൊന്നു വാങ്ങാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. ഫോണിലേക്ക് നോക്കി അഖില്‍ പറഞ്ഞു നിര്‍ത്തി.
സീമ മോഹന്‍ലാല്‍