ഇതിലേ പോയതു വസന്തം
<യ> ഗന്ധങ്ങൾ, മൂക്ക്, തലച്ചോറ്, ആത്മാവ് എന്നിവയെക്കുറിച്ച്!

വി.ആർ. ഹരിപ്രസാദ്

<ശ> അയ്യോ.. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടല്ലോ..
ഹൊ! എന്താ ഒരു മണ്ണെണ്ണയുടെ മണം..
എന്തോ കരിയുന്ന സ്മെല്ലു വരുന്നുണ്ടല്ലോ!..

മിക്കപ്പോഴും കേൾക്കുന്ന, വളരെ പരിചിതമായ സംഭാഷണങ്ങളാണെല്ലാം. ആദ്യത്തെ രണ്ടും ഒരുപക്ഷേ ജീവനെത്തന്നെ അപകടത്തിൽനിന്നു രക്ഷിക്കും. അവസാനത്തേതിന് ’’വിശന്നിട്ട് എന്റെ കുടലു കരിയുന്നതാടാ‘ എന്ന കളിയുത്തരം പറയാമെങ്കിലും, അതും ഒരു വലിയ തീപിടിത്തത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ മുന്നറിയിപ്പാകാം.

ഗന്ധങ്ങൾ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞിരിക്കുന്നു. മുന്നറിയിപ്പു ഗന്ധങ്ങൾ മാത്രമല്ല, സുഗന്ധങ്ങളും ദുർഗന്ധങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പൊതുവായി എന്താണുള്ളത് എന്നു ചിന്തിച്ചിട്ടുണ്ടോ? മൂക്ക്! എന്നാൽ മൂക്കു മാത്രം പോരാ. യഥാർഥത്തിൽ മൂക്കല്ല ഗന്ധങ്ങൾ അനുഭവിപ്പിക്കുന്നത്– തലച്ചോറാണ്. മൂക്കുപൊത്തി ഗന്ധങ്ങൾ ഉള്ളിൽക്കടക്കുന്നത് തടയാനും, മൂക്കുവിടർത്തി സുഗന്ധങ്ങളെ (പൊരിച്ച കോഴിയുടേതടക്കം) പരമാവധി ഉള്ളിലേക്കെടുക്കാനും കഴിയുമെന്നുമാത്രം.

ഗന്ധങ്ങൾ വെറുതെ മണംപിടിച്ചു കളയാനുള്ളതല്ല. ഇതാ, ഗന്ധങ്ങളുടെ ലോകത്തെ ഏതാനും വിശേഷങ്ങൾ:

തലച്ചോറില്ലെങ്കിൽ മണം തിരിച്ചറിയാൻ കഴിയില്ലെന്നു നേരത്തേ കണ്ടല്ലോ. എന്നാൽ മൂക്കിലെ സെൻസറുകൾക്ക് അരലക്ഷത്തിലേറെ വ്യത്യസ്തയിനം ഗന്ധങ്ങൾ പിടിച്ചെടുക്കാൻ കഴിവുണ്ട്. മനുഷ്യരുടെ മൂക്ക് അത്രം മോശം മൂക്കല്ല. ഏതാണ്ട് എല്ലാത്തരം ജീവികളുടെയും മൂക്കിനു തുല്യമാണത്– നായ്ക്കളുടേതിനുപോലും.

മനുഷ്യന്റെ സെന്റ് സെല്ലുകൾ ഓരോ നാലാഴ്ച കൂടുമ്പോഴും പുതുക്കപ്പെടുന്നുണ്ട്. അതായത് 28 ദിവസം കൂടുമ്പോൾ നിങ്ങൾക്ക് പുതിയ ’മൂക്കു’ കിട്ടും. പക്ഷേ, പ്രായം കൂടുംതോറും ഗന്ധങ്ങൾ അറിയാനുള്ള ശേഷി കുറയും.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഗന്ധങ്ങൾ അനുഭവിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം സെന്റുകടകളിൽ അവർക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നത്.

<ശാഴ െൃര=/ളലമേൗൃല/േീമ്യബ2016ഖൗഹ്യ13ംമ3.ഷുഴ മഹശഴി=ഹലളേ>

നിങ്ങളുടെ ശരീരത്തിന് അനന്യമായ ഒരു ഗന്ധമുണ്ട്– നല്ലതായാലും ചീത്തയായാലും. ചിലർ അടുത്തുവരുമ്പോൾ വിയർപ്പുമണംകൊണ്ടുതന്നെ ആളെ തിരിച്ചറിയാം. ഒരേപോലിരിക്കുന്ന ഇരട്ട സഹോദരങ്ങൾ ഉണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ ശരീരഗന്ധം നിങ്ങളുടേതിനു സാമ്യമുള്ളതാകാം. പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മമാരെ അവരുടെ ഗന്ധംകൊണ്ടു തിരിച്ചറിയാനുള്ള കഴിവുണ്ട്.

ഓരോ മനുഷ്യർക്കും സ്വന്തം ശരീരഗന്ധമുണ്ടെന്നപോലെതന്നെ, ഓരോരുത്തരും ഗന്ധങ്ങൾ തിരിച്ചറിയുന്നത് വ്യത്യസ്തരീതിയിലാണ്. അതായത് രണ്ടുപേർ ഒരു ഗന്ധം ഒരേപോലെയല്ല അനുഭവിക്കുന്നത്. ചിലർകക് ചിലതരം ഗന്ധം അനുഭവപ്പെടണമെന്നില്ല. റൂം ഫ്രെഷ്നറിന്റെ ഗന്ധം ഒരുപക്ഷേ നിങ്ങൾക്ക് മുല്ലപ്പൂവിന്റെയാണെന്നു തോന്നാമെങ്കിലും നിങ്ങളുടെ ഭാര്യയ്ക്ക് അത് ആയുർവേദ മരുന്നിന്റെയായി തോന്നാം. രണ്ടുപേരെയും തെറ്റുപറയാൻ പറ്റില്ല.

ഓർമകൾക്കെന്തു സുഗന്ധം എന്നു സാഹിത്യകാരന്മാരും ബുദ്ധിജീവികളും പറയും. അതേസമയം സുഗന്ധങ്ങൾക്ക് ഓർമകളെ ഉണർത്താൻ കഴിയുമെന്നത് പരമാർഥമാണ്. കുട്ടിക്കാലത്ത് അനുഭവിച്ച സുഗന്ധങ്ങൾ വർഷങ്ങൾക്കുശേഷം പിന്നീടറിയുമ്പോൾ ഓർമകൾ ഇരമ്പിയാർത്ത് എത്തും. പുതിയ ഉടുപ്പിന്റെ, പുതിയ പുസ്തകത്തിന്റെ, കൈതപ്പൂവിന്റെ, നോട്ടുബുക്കിൽ കുടഞ്ഞിട്ട ക്യുട്ടിക്കുറ പൗഡറിന്റെ... ഒപ്പം മറന്നുകൂടാത്ത ഒരു ഗന്ധംകൂടിയുണ്ട്– പുതുമഴയുടെ.

വല്ലാതെ പേടിച്ചിരിക്കുന്ന ഒരാളെ അയാളുടെ വിയർപ്പുമണംകൊണ്ട് തിരിച്ചറിയാം. ഏറെയിഷ്‌ടപ്പെടുന്ന വളരെയടുത്ത പങ്കാളിയുടെ സന്തോഷം, മറ്റു ശാരീരികാവസ്‌ഥകൾ എന്നിവയും അയാളുടെ ഗന്ധം പറഞ്ഞുതരും. പലപ്പോഴും സ്നേഹത്തിന്റെ കാര്യത്തിലും ഗന്ധത്തിനു പ്രാധാന്യമുണ്ട്. മാനസിക ഐക്യമുള്ളവർക്കുമാത്രം ബാധകമാകുന്ന കാര്യങ്ങളാണിവ.

ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിവുകുറഞ്ഞവരുണ്ട്. അവർ താരതമ്യേന കൂടുതൽ വിഷാദാവസ്‌ഥയുള്ളവരാകും. ഗന്ധം അറിയാതിരിക്കുന്ന അവസ്‌ഥയെ ഡൈസോസ്മിയ എന്നാണ് വിളിക്കുന്നത്. അമിത ഘ്രാണശേഷിയെ ഹൈപ്പറോസ്മിയ എന്നും.

നല്ല മണങ്ങൾ നിങ്ങളെ കൂടുതൽ സന്തോഷമുള്ളവരാക്കും. ഇഷ്‌ടഗന്ധത്തിനു നടുവിൽ നിൽക്കുമ്പോൾ മനസ് പോസിറ്റീവ് ആവും. അതുകൊണ്ടുതന്നെ ഒരു തുള്ളി സുഗന്ധതൈലം നിങ്ങളുടെ മേശപ്പുറത്തു വയ്ക്കൂ– ജോലിയിലെ വിരസതപോലും ഇല്ലാതാകും.

തുടർച്ചയായി വിവിധയിനം ഗന്ധങ്ങൾ അനുഭവിക്കുന്നത് മൂക്കിനെ കുഴപ്പത്തിലാക്കും. അതുകൊണ്ടുതന്നെ പെർഫ്യൂം വാങ്ങാൻ പോകുമ്പോൾ ശ്രദ്ധിക്കണം. ഓരോ ഗന്ധവും അനുഭവിക്കുന്നതിനു മുമ്പ് മൂക്കിനു വിശ്രമം അനുവദിക്കണം. എങ്ങനെയെന്നല്ലേ? നിങ്ങളുടെ തൂവാലയോ വസ്ത്രമേ അല്പനേരം മണത്തുനോക്കുക. മൂക്ക് തനിയേ റീസെറ്റ് ആയിക്കൊള്ളും (തൂവാലയിൽ സെന്റ് പൂശുന്ന പതിവുള്ളവർ ശ്രദ്ധിക്കുമല്ലോ).

ഗർഭിണികൾക്ക് ചില സാധാരണ ഗന്ധങ്ങൾ അരോചകമായിത്തോന്നാം. അരി തിളച്ചുവരുന്ന മണം ഒട്ടും സഹിക്കാൻ കഴിയാത്ത സ്ത്രീകളുണ്ട്. ചില ഭക്ഷണപദാർഥങ്ങളുടെ ഗന്ധവും അവരിൽ മനംപുരട്ടലുണ്ടാക്കും. ഗർഭിണികൾക്ക് ഗന്ധം അറിയാനുള്ള ശേഷി വളരെ കൂടുതലാവുന്നതാണു കാരണം. അതുകൊണ്ടുതന്നെ വിചിത്രമായ ചില ഗന്ധാനുഭവങ്ങളാണ് അവർക്കു ലഭിക്കുന്നത്. അതുവരെ ഇഷ്‌ടമില്ലാത്ത ഭക്ഷണമാവും ഗർഭകാലത്ത് ഒരുപക്ഷേ അവർക്കു കഴിക്കാനാവുക.

അതേസമയം ചൂടോടെ കിട്ടുന്ന പ്രഭാതഭക്ഷണത്തിന്റെ സുഗന്ധമാണ് പുരുഷന്മാർക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടതത്രേ. എന്നാൽ നവജാത ശിശുക്കളുടെ സുഗന്ധമാണ് സ്ത്രീകൾക്ക് പ്രിയതരം. സ്വന്തം കുഞ്ഞുങ്ങളാണെങ്കിൽ പറയുകയുംവേണ്ട.


88 ശതമാനം സ്ത്രീകളും പെർഫ്യൂം ഉപയോഗിക്കുന്നത് സ്വയം സന്തോഷിപ്പിക്കാനാണ്. നല്ല മൂഡ് സൃഷ്‌ടിക്കാനുള്ള ഉപാധിയായി 55 ശതമാനം സ്ത്രീകൾ പെർഫ്യൂമിനെ കാണുന്നു.

ആംബെർഗ്രിസ് എന്ന പദാർഥമാണ് സുഗന്ധദ്രവ്യ വ്യവസായത്തിലെ ഏറ്റവും അമൂല്യമായ അസംസ്കൃതവസ്തു. അതിഗംഭീരമായ സുഗന്ധമാണരതേ ഇതിന്. എവിടെനിന്നാണ് ഇതെടുക്കുന്നത് എന്നുകേട്ടാൽ പക്ഷേ, പല മുഖങ്ങളും ചുളിയും– തിമിംഗലത്തിന്റെ കുടലിൽനിന്ന്. ഇപ്പോൾ ഇതെടുക്കാൻ നിയമം അനുവദിക്കാത്തതിനാൽ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.

പെർഫ്യൂമുകൾ ഉണ്ടാക്കുന്നതിന് രണ്ടു രീതികളുണ്ട്. പൂക്കളിൽനിന്നും പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളിൽനിന്നും സത്തയെടുക്കുന്നതാണ് രണ്ടു രീതിയിലും ചെയ്യുന്നത്. മൂന്നുമാസക്കാലം പൂക്കളും മറ്റും പ്രത്യേകയിനം മെഴുകിൽ ചേർത്തുവയ്ക്കുകയാണ് ആദ്യത്തെ രീതി. പിന്നീട് ആൽക്കഹോൾ ഉപയോഗിച്ച് മെഴുക് മാറ്റിക്കളയും. രണ്ടാമത്തെ രീതിയിൽ പൂക്കൾ വെള്ളത്തിലിട്ട് തിളപ്പിക്കും. അപ്പോഴുണ്ടാകുന്ന നീരാവിയിൽനിന്ന് സെന്റ് ഉണ്ടാക്കുക. രണ്ടു രീതിയിലും നിരവധി തവണ അരിക്കൽ പ്രക്രിയ വേണ്ടിവരും. ഏറ്റവും മികച്ച സുഗന്ധം അങ്ങിനെയാണ് ശേഖരിക്കുന്നത്. ഇന്നുപക്ഷേ, മിക്കവാറും ജനപ്രിയമായ പെർഫ്യൂമുകളിൽ (ഡിയോഡറന്റ് ബോഡി സ്പ്രേകളിൽ പ്രത്യേകിച്ചും) രാസപദാർഥങ്ങളാണ് അടങ്ങിയിരിക്കുന്നത്.

ഗന്ധം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നവർക്ക് പെർഫ്യൂം വ്യവസായത്തിൽ വലിയ സ്‌ഥാനമുണ്ട്. ലോകത്താകമാനം ആയിരത്തിൽത്താഴെ ’മണപ്പിക്കൽ വിദഗ്ധ’രേയുള്ളൂ. നിരവധി വർഷങ്ങളുടെ പരിശീലനത്തിനു ശേഷമാണ് ഇവർ ഈ രംഗത്തെത്തുന്നത്. പണ്ട് ഫ്രഞ്ച് പെർഫ്യൂമറായ ജീൻ കാൾസ് തന്റെ മൂക്ക് പത്തുലക്ഷം ഡോളറിന് ഇൻഷ്വർ ചെയ്തിരുന്നത്രേ. മൂക്കുപോയാൽ കാര്യം പോക്കാണല്ലോ.

ലോകത്തെ മികച്ച പെർഫ്യൂമുകൾ ഉണ്ടാക്കാൻ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ വേണ്ടിവരാറുണ്ട്.

യൂ ഡി കൊളോൺ പോലുള്ള ചില സുഗന്ധദ്രവ്യങ്ങൾ പുരുഷന്മാർക്കു മാത്രമായാണ് നിർമിക്കുന്നത്. സ്ത്രീകൾക്കുവേണ്ടി പ്രത്യേകം തയാറാക്കുന്ന പെർഫ്യൂമുകളുമുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമത്തിന്റെ ഘടനയിലുള്ള വ്യത്യാസമനുസരിച്ചാണ് ഈ തരംതിരിവ്. ഓരോ പെർഫ്യൂമും വ്യത്യസ്തമായ സുഗന്ധമായിരിക്കും ഓരോരുത്തരിലും സൃഷ്‌ടിക്കുക. ചർമത്തിലെ കെമിക്കൽ പ്രോപ്പർട്ടികളാണ് അതു നിർണയിക്കുന്നത്.

പെർഫ്യൂം മുടിയിൽ തളിക്കുന്നതാണ് കൂടുതൽ സുഗന്ധമുണ്ടാകാൻ നല്ലതത്രേ. എന്നാൽ ആൽക്കഹോൾ അംശമുള്ള പെർഫ്യൂമുകൾ മുടിക്കു കേടുവരുത്താതെ ശ്രദ്ധിക്കണം.

<യ> പെർഫ്യൂം വന്ന കാറ്റുവഴി

പുരാതന ഈജിപ്തുകാരാണ് ലോകത്താദ്യമായി പെർഫ്യൂം ഉണ്ടാക്കിയത്. മതപരമായ ചടങ്ങുകളുടെ ഭാഗമായായിരുന്നു അത്. ഏതാണ്ട് 4000 വർഷങ്ങൾ പഴക്കമുള്ള പെർഫ്യൂം ഫാക്ടറികളെപ്പറ്റി പഠനങ്ങളിൽ പറയുന്നുണ്ട്. അവശിഷ്‌ടങ്ങൾ കുഴിച്ചെടുത്തതിൽനിന്നാണ് ഈ നിഗമനം.

ജൂലിയസ് സീസറെ ആകർഷിക്കാനായി ക്ലിയോപാട്ര വീപ്പക്കണക്കിന് സുഗന്ധ എണ്ണകൾ തേച്ചിരുന്നുവത്രേ. പുരാതന റോമാക്കാർ വീടിനകത്ത് സുഗന്ധദ്രവ്യങ്ങൾ വിതറാറുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് വിവിധയിനം പെർഫ്യൂമുകൾ നിർമിച്ചവരാണ് പുരാതന ഗ്രീക്കുകാർ. താൻ വീട്ടിലെത്തുന്നതിനു മുമ്പ് കുളിക്കരുതെന്ന് കാമുകിയായ ജോസഫൈനോട് ആവശ്യപ്പെടാറുണ്ടരതേ ചരിത്രപുരുഷനായ നെപ്പോളിയൻ ബോണപ്പാർട്ട്. ജോസഫൈന്റെ ശരീരഗന്ധം അദ്ദേഹം അത്രയ്ക്ക് ഇഷ്‌ടപ്പെട്ടിരുന്നു. അവരെ ഒരു സെന്റിനും അദ്ദേഹം വിട്ടുകൊടുത്തിരുന്നില്ല.

അപകടങ്ങളിൽനിന്നു രക്ഷിക്കാനും ഓർമകൾ ഉണർത്താനും മാത്രമല്ല, യഥാർഥ ജീവിതപങ്കാളിയെ കണ്ടെത്തിത്തരാനും ഗന്ധം സഹായിക്കുന്നുണ്ടെന്നു വ്യക്‌തമായല്ലോ. ലോകത്ത് പെർഫ്യൂം വ്യവസായം ശതകോടികളുടെ കിലുക്കവുമായി കണ്ണുംമൂക്കുമില്ലാതെ മുന്നോട്ടു പോകുന്നതിന്റെ കാരണവും വേറൊന്നല്ല. സിനിമാ, സ്പോർട്സ് താരങ്ങൾ സ്വന്തം പേരിലുള്ള പെർഫ്യൂമുകളുമായി രംഗത്തുവരുന്നതിന്റെ രഹസ്യവും പിടികിട്ടിയല്ലോ!..

പെർഫ്യൂമടിക്കുമ്പോൾ ഒരുകാര്യംകൂടി ഓർക്കുക: ആദ്യം സ്രപേ ചെയ്യുമ്പോൾ മാത്രമേ നിങ്ങളുടെ മൂക്കിന് ആ മണം പിടിച്ചെടുക്കാൻ പറ്റൂ. പിന്നെ ബോധപൂർവം നോക്കിയാലേ മണംകിട്ടൂ. അല്ലാത്തപ്പോൾ അത് അനുഭവപ്പെടില്ല. സുഗന്ധംപോരാ എന്നുകരുതി കൂടുതൽ വാരിപ്പൂശരുത്. മറ്റുള്ളവരുടെ മൂക്കിന്റെ കാര്യം കട്ടപ്പുകയാക്കരുത്. അല്ലെങ്കിലും സ്വർണത്തിനെന്തിനു സുഗന്ധം!

<യ> പുതുമഴയുടെ ഗന്ധം

നിലംതൊടുന്നതിനു മുമ്പ് മഴത്തുള്ളി വെറും വെള്ളമാണ്. നിറമോ മണമോ ഇല്ലാത്ത വെള്ളം. എന്നാൽ പുതുമഴയായി നിലത്തുവീണാൽ അത് മഴയുടെ സുഗന്ധം പടർത്തും. ആ സുഗന്ധത്തിന് ഒരു പേരുണ്ട്– പെട്രിക്കോർ!

വർഷങ്ങളായി ശ്രമിച്ചിട്ടും പുതുമഴയുടെ ഗന്ധത്തിനു പിന്നിലുള്ള കാരണം കണ്ടുപിടിക്കാൻ ശാസ്ത്രജ്‌ഞന്മാർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരു ബാക്ടീരിയയാണ് ആ മണമുണ്ടാക്കുന്നതെന്ന് പിന്നീടു വ്യക്‌തമായി.

<യ> വിലകേട്ടാൽ മണമറിയില്ല

ഏതാനും മില്ലികൾക്ക് പതിനായിരങ്ങൾ വിലയുള്ള സെന്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ലോകത്തെ ഏറ്റവും വിലയുള്ള പെർഫ്യൂമുകളിൽ മുൻനിരയിലാണ് ഇംപീരിയൽ മജെസ്റ്റി (ക്ലീവ് ക്രിസ്റ്റ്യൻ). 500 മില്ലി ലിറ്ററിന് 2,15,000 അമേരിക്കൻ ഡോളറാണ് വില. 18 കാരറ്റ് സ്വർണക്കോളറും, അഞ്ചു കാരറ്റ് ഡയമണ്ടും പതിപ്പിച്ച ക്രിസ്റ്റൽ ബോട്ടിലിലാണ് അതു വാങ്ങാൻ കിട്ടുക.

ഒരു പാട്ടിന്റെ സുഖമുള്ള മണംകൂടി കേട്ട് അവസാനിപ്പിക്കാം..

ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസര സ്വപ്നത്തിൻ തോഴിമാര്...

<ശാഴ െൃര=/ളലമേൗൃല/േീമ്യബ2016ഖൗഹ്യ13ംമ4.ഷുഴ മഹശഴി=ഹലളേ>