തീവ്രവാദം അതിരുവിടുന്ന ഉറി
Thursday, September 22, 2016 3:00 AM IST
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന്നനിലയിൽ ആഹ്ലാദവും ആവേശവും അണപൊട്ടിയ നിമിഷങ്ങളായിരുന്നു അത്. അതേ മണ്ണിലാണ് ഇക്കഴിഞ്ഞ ദിവസം 18 ഇന്ത്യൻ പട്ടാളക്കാരുടെ ചോരവീണു കുതിർന്നത്. ഉറിയിൽ മാത്രമല്ല, ഇന്ത്യയും പാക്കിസ്‌ഥാനും അതിർത്തി പങ്കിടുന്ന സമസ്തമേഖലയിലും ഏതുനിമിഷവും സംഭവിക്കാവുന്ന കാര്യം.
ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ലാത്ത ആ കാഷ്മീർ യാത്രയുടെ സാഹസികതയും അമ്പരപ്പും അനുഭവങ്ങളും ഒരു പാഠപുസ്തകമായിരുന്നു. ആ സംഘയാത്രയിലെ ഏതൊരു പത്രപ്രവർത്തകനും എഴുതാൻ കഴിവുള്ള കാലത്തോളം സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം. കാഷ്മീരിനെക്കുറിച്ച് അക്കാലമത്രയും വായിച്ചതിലേറെ അറിവ് ആ ഒരൊറ്റ യാത്ര സമ്മാനിച്ചു. കാരണം ദാൽ തടാകത്തിലും സുരക്ഷിതമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലെ മഞ്ഞുമലകളിലെ കളികളിലും ഒതുങ്ങുന്നതായിരുന്നില്ല ആ യാത്ര. സാധാരണ യാത്രക്കാർക്കു പോകാൻ എളുപ്പമല്ലാത്ത തന്ത്രപ്രധാനമേഖലകളിലൂടെയാണ് കടന്നുപോയത്.
താഴ്വരയുടെ വേദനകളത്രയും അടക്കിപ്പിടിച്ചാണ് ത്സലം നദി ഇരുരാജ്യങ്ങൾക്കുമിടയിലൂടെ തലതല്ലിയൊഴുകുന്നതെന്ന് നിയന്ത്രണരേഖയുടെ ഓരം ചേർന്നുള്ള യാത്രയിൽ ബോധ്യമാകും. ഉറിയിലെ പട്ടാളക്കാരോടൊപ്പം ഞങ്ങൾ മൂന്നു മണിക്കൂർ ചെലവഴിച്ചു. പട്ടാളക്കാർ അവരുടെ ട്രക്കിന്റെ പിന്നിൽ കയറ്റിയിരുത്തി ക്യാമ്പിലൂടെ കൊണ്ടുനടന്നു. കാന്റീനിൽനിന്നു വില കുറച്ച് സാധനങ്ങൾ വാങ്ങാൻ കൂട്ടുവന്നു. എല്ലാം കഴിഞ്ഞ് ആ പട്ടാളക്കാർ വിളമ്പിതന്ന ചോറും ഉണ്ടിട്ടാണ് ഞങ്ങൾ ശ്രീനഗറിലേക്കു മടങ്ങിയത്. ഇപ്പോഴിതാ ഹിമക്കാറ്റിൽ തണുത്തുറഞ്ഞ ഉറിയിലെ മലഞ്ചെരിവിലുള്ള ആ ക്യാമ്പിൽ ആ സൈനികരുടെ പ്രാണൻ വീണുടഞ്ഞിരിക്കുന്നു. ഉദരത്തിലൊരു കാളൽ.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളും സാധാരണക്കാരുമൊക്കെ ചർച്ച ചെയ്യുകയാണ്. വേണം. പരിഹാരമാർഗം കണ്ടെത്താൻ അതാവശ്യമാണ്.
ഇതുപക്ഷേ, യുദ്ധം വേണോ വേണ്ടയോ എന്നുള്ള ചർച്ചയല്ല. ഒരു യാത്രാക്കുറിപ്പാണ്. നമ്മൾ ഈ പറയുന്ന ഉറിയിലെ ചില നേർക്കാഴ്ചകളാണ്. അതിർത്തി കടന്നുള്ള ആക്രമണത്തിനു മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാട്ടുകാര്യങ്ങൾ. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തല്ല ഇപ്പുറത്താണ് ശത്രുവെന്നും ഒളിത്താവളങ്ങളിൽ മാത്രമല്ല, കാഷ്മീരിലെ യുവാക്കളുടെ മസ്തിഷ്കത്തിലും അവർ താമസമുറപ്പിച്ചുകഴിഞ്ഞെന്നും അറിയുന്നതാണ് ഒന്നാമത്തെ പാഠം.

ജമ്മു വഴിയടച്ച ദിവസം
2014 ഫെബ്രുവരിയിലായിരുന്നു ആ യാത്ര. ജമ്മുവിൽനിന്നു ശ്രീനഗറിലേക്കുള്ള യാത്രയിൽതന്നെ കാഷ്മീരിന്റെ സൗന്ദര്യവും മുറിവുകളും കണ്ടു. മഞ്ഞുവീണ് ഏതു നിമിഷവും മൂടിപ്പോകാവുന്ന റോഡാണ് ശ്രീനഗറിലേക്കുള്ളത്. നിർഭാഗ്യവശാൽ ഞങ്ങൾ ജമ്മുവിൽനിന്നു രാവിലെ യാത്രയ്ക്കിറങ്ങിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള റോഡ് യാത്ര നിരോധിച്ചിരുന്നു. മഞ്ഞുവീഴ്ച ദിവസങ്ങളോളം തുടരാനിടയുണ്ട്. അടുത്തദിവസവും ഈ സ്‌ഥിതി തുടർന്നേക്കാം. കാത്തിരുന്നിട്ടു കാര്യമില്ല. പട്ടാളക്കാർ വാഹനം തടഞ്ഞെങ്കിലും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരെ വിളിച്ച് അന്നുതന്നെ സൈനികരുടെ അകമ്പടിയോടെ ശ്രീനഗറിലേക്കു പോകാൻ അനുമതി നേടി. ആ യാത്രയാകട്ടെ മറക്കാനാവാത്തതാകുകയും ചെയ്തു.
മുന്നിലും പിന്നിലും പട്ടാളത്തിന്റെ അകമ്പടി. നിശ്ചിത ദൂരം കഴിയുമ്പോൾ സൈനികർ അടുത്ത സംഘത്തിനു ഞങ്ങളെ കൈമാറിക്കൊണ്ടിരുന്നു. യാത്ര നിരോധിച്ചിരുന്നതുകൊണ്ട് ആർമിയുടെ ട്രക്കുകളും ചില പ്രാദേശിക യാത്രക്കാരുമല്ലാതെ ആരുമില്ല വഴിയിൽ. ഉദംപൂർ, പാറ്റ്നിടോപ്, റമ്പാൻ, ബനിഹാൾ എന്നിവിടങ്ങൾ കടന്ന് ജവഹർ ടണൽ കടക്കുമ്പോഴേക്കും കാഷ്മീർ താഴ്വരയായി. വിശദീകരിക്കാൻ വാക്കുകളില്ലാത്തത്ര സുന്ദരമായ കാഴ്ചകൾ. അടർന്നുനിലത്തുവീണ വെൺമേഘങ്ങളെപ്പോലെ മലനിരകൾ മഞ്ഞുമൂടിക്കിടന്നു. ഹിമാലയത്തിന്റെ മരവിച്ച താഴ്വരകളിലും പാതയോരങ്ങളിലും നിർവികാരമായ മുഖങ്ങളോടെ കാഷ്മീരികൾ. കിലോമീറ്ററുകളോളം ജനവാസമില്ലാത്ത പ്രദേശങ്ങൾ പിന്നിലേക്ക് ഓടിമറയുകയാണ്. ഇടയ്ക്കെത്തുന്ന ചെറു പട്ടണങ്ങളിൽ മാത്രമാണ് ചായക്കടകൾപോലും ഉള്ളത്. സന്ധ്യയോടെ ബനിഹാളിലെത്തി ഈരണ്ടു ചായയും കുടിച്ചു ചൂടു റൊട്ടിയും തിന്നു ഞങ്ങൾ വാനിലേക്കു കയറിയപ്പോൾ പുറത്തു മഞ്ഞുപെയ്യുകയായിരുന്നു.
‘ഐ ആം നോട്ട് എ ടെററിസ്റ്റ്’
തണുത്തു തളർന്ന് കരിമ്പടങ്ങൾക്കുള്ളിൽ കയറിയ യാത്രക്കാരുടെ തലമാത്രം തലേന്നത്തെ പത്രങ്ങളിലെ തലക്കെട്ടുപോലെ പുറത്തുകാണാം. ഇടയ്ക്കു ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ മുഹമ്മദ് സക്കീർ ഭൂതാവേശിതനെപ്പോലെ ഹിമാലത്തിലെ ദുർഘടമായ ചുരങ്ങളിലൂടെ വണ്ടി പായിച്ചുകൊണ്ടിരുന്നു. ഭയചകിതരായതു യാത്രക്കാർ മാത്രമല്ല, പുറത്ത് അകമ്പടിയായി നീങ്ങിക്കൊണ്ടിരുന്ന സൈനികർകൂടിയാണ്. പലതവണ അവർ സക്കീറിനു താക്കീതു നല്കി. ജമ്മുവിൽനിന്നു പുറപ്പെടുമ്പോൾ ശാന്തനായിരുന്ന ഡ്രൈവർ എന്തുകൊണ്ടാണ് സമനില തെറ്റിയവനെപ്പോലെ പെരുമാറുന്നത്? വാനിന്റെ മുൻസീറ്റിലിരുന്നുകൊണ്ട് ആ ചോദ്യം അയാളോടുതന്നെ ചോദിച്ചു. അപ്പോൾ രാത്രി 11 മണി.
അയാൾ പൊട്ടിത്തെറിച്ചു. ‘ഐ ആം നോട്ട് എ ടെററിസ്റ്റ്.’ നടുങ്ങിപ്പോയെങ്കിലും നീ ടെററിസ്റ്റാണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോയെന്ന് ഓർമിപ്പിച്ചപ്പോൾ നിങ്ങൾ എന്നെ അങ്ങനെയാണു കരുതുന്നതെന്നായിരുന്നു മറുപടി. ‘ഞാൻ തീവ്രവാദിയാണെന്നാണ് നിങ്ങൾ കരുതുന്നത്. എന്നെ ശത്രുവായിട്ടാണ് നിങ്ങൾ കരുതുന്നത്. നിങ്ങളുടെ സംസാരവും മുന്നിലും പിന്നിലുമുള്ള പട്ടാളക്കാരെയുമൊക്കെ കണ്ട് എനിക്കൊന്നും മനസിലാകുന്നില്ലെന്നാണോ വിചാരിച്ചത്? നാളെമുതൽ നിങ്ങളുടെ ഡ്രൈവറായി ഞാനുണ്ടാവില്ല.’ ഞങ്ങൾ കേരളത്തിൽനിന്നുള്ള ടൂറിസ്റ്റുകളാണ്, കാഷ്മീരിനെക്കുറിച്ചു വെറുതെ ചർച്ച ചെയ്താണ് എന്നൊന്നും പറഞ്ഞിട്ട് അയാൾ വഴങ്ങിയില്ല. ഉറക്കം വരാതിരുന്നതിനാലും പത്രക്കാരുടെ കൗതുകത്തിലും കാഷ്മീരിനെക്കുറിച്ചുതന്നെയായിരുന്നു ചർച്ചകളത്രയും. തീവ്രവാദി, കാഷ്മീർ, പാക്കിസ്‌ഥാൻ, ആർമി തുടങ്ങിയ വാക്കുകളൊക്കെ മലയാളസംഭാഷണങ്ങളിൽനിന്ന് അയാൾ വേർതിരിച്ചെടുത്തു. കാഷ്മീരിയായ അയാൾ അതോടെ ഒറ്റപ്പെട്ടതായി സങ്കല്പിച്ചു. അതാണു പ്രശ്നം. പക്ഷേ, അയാളുടെ മറുപടി ഒരു തുടക്കം മാത്രമായിരുന്നു. അനന്ത്നാഗ് വഴി ശ്രീനഗറിലെത്തിയപ്പോഴേക്കും പാതിരാത്രിയായിരുന്നു. 300 കിലോമീറ്ററിന്റെ പകൽയാത്ര.
പിറ്റേന്നു പുലർച്ചെ മുതൽ മടങ്ങുവോളം ഞങ്ങൾ കണ്ടതത്രയും സക്കീർമാരെയായിരുന്നു. ശ്രീനഗറിലാകട്ടെ, ബാരമുള്ളയിലാകട്ടെ, ഉറിയിലാകട്ടെ ഒരാളും സൈനികരെ വിശ്വാസത്തിലെടുക്കുന്നില്ല. കല്ലെറിയാൻ കിട്ടുന്ന അവസരങ്ങളൊന്നും അവർ ഉപേക്ഷിക്കുന്നില്ല. ശ്രീനഗറിലെ പ്രഭാതം തന്നെ അതിന് അടിവരയിടുന്നതായിരുന്നു. ശ്രീനഗറിലെ ഡൗൺ ടൗണിലുള്ള ഹോട്ടൽ സിറ്റി ഗ്രേസിന്റെ കവാടത്തിൽനിന്നു പുറത്തേക്കു നോക്കി. തെരുവിലെങ്ങും പട്ടാളക്കാർ നിരനിരയായി നില്ക്കുന്നു. ഓരോ ഇരുപതു മീറ്ററിലെങ്കിലും തോക്കുമായി നില്ക്കുന്ന ഒരു പട്ടാളക്കാരൻ ഉണ്ടായിരിക്കും.
ശത്രുവിന്റെ മധ്യത്തിലൂടെ നടക്കേണ്ടിവരുന്നവരെപ്പോലെയാണ് ഓരോ കാഷ്മീരി സ്ത്രീയും പുരുഷനും കുഞ്ഞും കടന്നുപോകുന്നത്. അതിലേറെ വിഷമമാണ് സൈനികർക്ക്. തങ്ങളെ വെറുക്കുന്നവർക്കു മധ്യേ അന്യഥാബോധം പേറി തൂണുകൾപോലെ നില്ക്കുന്ന മനുഷ്യർ. ഇവിടെ അല്ലായിരുന്നെങ്കിൽ ഇരുകൂട്ടരും സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവർ.
ശ്രീനഗറിലെ രാപ്പകലുകൾ
വൈകിട്ട് ഏഴുമണിയോടെ ശ്രീനഗറിലെ തെരുവുകൾ വിജനമായിക്കഴിഞ്ഞു. പിന്നെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. എന്നിട്ടും ശ്രീനഗറിലെ അഞ്ചുദിവസ ജീവിതത്തിനിടെ ഒരു രാത്രിയിൽ പുറത്തിറങ്ങി നടന്നു. ധൈര്യമുണ്ടായിട്ടല്ല, നിർബന്ധിതമായി മനസിനെ ഒരുക്കി നടന്നതാണ്. കാഷ്മീരിനെ തൊട്ടറിയാൻ സോനാമാർഗിലും പഹൽഗാമിലും ദാൽതടാകത്തിലും ചുറ്റിത്തിരിഞ്ഞാൽ മതിയാവില്ല. അതൊക്കെ വെറും പിക്നിക്. ജീവിതം അതിനുപുറത്താണ്.
സൗഹൃദത്തിന്റെയും ശത്രുതയുടെയും നോട്ടങ്ങളാണ് ആ രാത്രിയിൽ നേരിടേണ്ടിവന്നത്. ആ രാത്രിയിൽ പരിചയപ്പെട്ട ഗാലിബ് എന്ന അറുപതുകാരൻ ഇരുട്ടിൽ വഴികാട്ടിയായി ഒപ്പം നടന്നു. കാമറയിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനെത്തിയ കടയിലെ ചെറുപ്പക്കാർ പട്ടാളക്കാരോടൊപ്പമുള്ള ഫോട്ടോകണ്ട് സംശയം നിറഞ്ഞ കണ്ണുകളോടെ ചോദ്യം ചെയ്തതും ഓർക്കുമ്പോൾ വിറയ്ക്കുന്നു. ഇന്ത്യൻ സൈനികരോടുള്ള അവരുടെ രോഷം അണപൊട്ടാൻ ചെറിയ കാരണം മതിയെന്നു ഇത്തരം നിരവധി അനുഭവങ്ങളിലൂടെ മനസിലാക്കി. ഇരുട്ടും ഭയവും ഒരുപോലെ തോളിലിരുന്ന ആ രാത്രിയിൽ ഹോട്ടലിലേക്കുള്ള പ്രധാന പാതയിലെത്തുവോളം ഗാലിബ് ദൈവദുതനായി ഒപ്പം നടന്നു. ഈ യാത്രക്കാരൻ കൂടെ കൂടിയില്ലായിരുന്നെങ്കിൽ ഒന്നര മണിക്കൂർ മുമ്പ് അയാൾക്കു വീട്ടിലെത്താമായിരുന്നു.
ഞങ്ങൾ സംസാരിച്ച കാഷ്മീരികളെല്ലാം സൈനികരോടുള്ള അവരുടെ വെറുപ്പ് മറച്ചുവച്ചില്ല. കേന്ദ്രസർക്കാർ അവരെ അടിച്ചമർത്തുകയാണെന്നും കാഷ്മീർ സ്വന്തമായി തന്ന് തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞുകൊണ്ടേയിരുന്നു. അത്തരം വാദങ്ങൾ ആവർത്തിച്ചുകേട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ശ്രീനഗറിലെ ഹോട്ടൽ സിറ്റി ഗ്രേസിന്റെ കവാടത്തിൽ അതിരാവിലെ ഒരു ടൂറിസ്റ്റ് ബസ് വന്നുനിന്നത്. മാധ്യമപ്രവർത്തകരെ ഉറിയിലേക്കു കൊണ്ടുപോകുന്നതിന് എത്തിയതാണ്. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിർദേശപ്രകാരം എത്തിയ ബസിൽ സിവിലിയൻ വേഷത്തിൽ ആയുധധാരികളായ പട്ടാളക്കാർ മുൻ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.
എല്ലാവരും കയറിക്കഴിഞ്ഞ ഉടൻ ഉന്നത സൈനിക ഉദ്യോഗസ്‌ഥൻ എഴുന്നേറ്റുനിന്ന് അതിർത്തിയിലേക്കുള്ള യാത്രയിൽ പാലിക്കേണ്ട കാര്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും പറഞ്ഞു. ശ്രീനഗറിൽനിന്ന് ഉറിയിലേക്കും അവിടെനിന്നു നിയന്ത്രണരേഖയിലേക്കുമുള്ള യാത്ര 105 കിലോമീറ്റർ ഉണ്ട്. യാത്രയിലൊരിടത്തും വാഹനം നിർത്തുന്നതല്ല. ഒത്തിരി ശബ്ദം വയ്ക്കുകയോ വഴിയിൽ കാണുന്നവരെ പ്രകോപിതരാക്കുകയോ ചെയ്യരുത്. ബസ് നിർത്തിയിടേണ്ടിവന്നാൽപോലും പുറത്തുള്ളവരുമായി സംസാരംപോലും പാടില്ല. മൂത്രമൊഴിക്കാൻപോലും ബസ് നിർത്തില്ലായെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ബസിനുള്ളിൽ നിശബ്ദത പരന്നു. അടുത്ത നിമിഷം ബസ് ശ്രീനഗർവിട്ടു. ഇരുവശത്തും കൈകൂപ്പി നില്ക്കുന്ന പോപ്ലാർ മരങ്ങൾക്കിടയിലൂടെ ബസ് അതിവേഗം നീങ്ങി. (തുടരും)
–ജോസ് ആൻഡ്രൂസ്