നിങ്ങൾ ശ്വസിക്കുന്നത് മരണവായു
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വപ്നങ്ങളും കൂടുതൽ വർണാഭമാകും. തൊട്ടിലിൽ കിടന്ന് കൈകാലുകൾ അടിക്കുന്നതും തിളക്കമാർന്ന കുഞ്ഞിക്കണ്ണുകളാൽ തന്നെ നോക്കി പൊന്നോമന പാൽപുഞ്ചിരി പൊഴിക്കുന്നതുമൊക്കെ അമ്മയുടെ കിനാവുകളിൽ നിറയും... പക്ഷെ, ആരോഗ്യമുള്ള കുഞ്ഞിനെ പ്രതീക്ഷിക്കുന്ന അമ്മയ്ക്ക് മറ്റൊന്നാണ് പ്രാപ്തമാകുന്നതെങ്കിലോ... പൂർണ വളർച്ചയെത്തുന്നതിനു മുന്പുള്ള ജനനം, വൈകല്യമുള്ള ജന്മം എന്നിവയൊക്കെയായാലോ... തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഈ ജീവിതദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും തോത് വർധിക്കുകയാണ്... ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ട് വർത്തമാന കാലത്തിൻറെ മാത്രമല്ല, വരുംനാളുകളിലെയും ആശങ്കാജനകമായ അവസ്‌ഥകളിലേക്ക് വിരൽ ചൂണ്ടുന്നു. അന്തരീക്ഷ മലിനീകരണം കുരുന്നുകളുടെ അകാലപ്പിറവിക്കു കാരണമാകുന്നതായാണ് റിപ്പോർട്ട്. ഗർഭാവസ്‌ഥയിൽ തന്നെ ഏകദേശം 15 ദശലക്ഷം കുരുന്നുകൾ മരണത്തെ പുൽകുന്നതിൻറെ പ്രധാന കാരണം മലിനീകരണമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പഠനങ്ങൾ പറയുന്നത്. മാത്രമല്ല, അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളിൽ പഠനവൈകല്യം, ദൃശ്യ–ശ്രാവ്യ വൈകല്യങ്ങൾ എന്നിവയ്ക്കും മലിനീകരണം ഇടയാക്കുന്നു.

പ്രശ്നം ഗുരുതരം

ഓരോ വർഷവും പിറന്നുവീഴുന്ന പത്തു കുഞ്ഞുങ്ങളിൽ ഒരെണ്ണം വീതം കാലമെത്ുന്നതിനു മുന്പേയുള്ള വരവാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ അടക്കമുള്ള ദക്ഷിണ ഏഷ്യയിലും ആഫ്രിക്കയിലുമാണ് സ്‌ഥിതി ഗുരുതരം. ഇത്തരം അകാലപ്പിറവികളിൽ അറുപതു ശതമാനവും ഇവിടെയാണ് സംഭവിക്കുന്നത്. യൂറോപ്പിൽ അകാലപ്പിറവിയുടെ തോത് നാലു മുതൽ അഞ്ചു ശതമാനം വരെയാണ്. ദാരിദ്ര്യം, രോഗബാധ, ലഹരിപദാർഥങ്ങളുടെ ഉപയോഗം, ശാരീരികമായ ശ്രദ്ധക്കുറവ് മുതലായവയൊക്കെ കുഞ്ഞുങ്ങളുടെ അകാലപ്പിറവിക്കു കാരണമായേക്കാം. ഇന്ത്യയിലും ചൈനയിലും വീടിനകങ്ങളിലും പുറത്തും വായു മലിനീകരിക്കപ്പെട്ട നിലയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യനെ ദോഷകരമായി ബാധിക്കുന്ന വായു മലിനീകരണത്തെക്കുറിച്ചാണ് ഗവേഷണങ്ങൾ നടന്നത്. നാം ശ്വസിക്കുന്പോൾ വായുവിലുള്ള 2.5 മൈക്രോമീറ്ററിലും താഴെയുള്ള തരികൾ ശ്വാസകോശത്തിൽ കടന്നുകൂടി പറ്റിപ്പിടിച്ചേക്കാം. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കു മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളും അതുവഴി സംഭവിക്കാനിടയുണ്ട്. ദക്ഷിണ ഏഷ്യയിൽ മാത്രം 1.6 ദശലക്ഷമാണ് അകാലപ്പിറവി നിരക്ക്.

ജനസംഖ്യയിൽ മുൻനിര പട്ടികയിലുള്ള ഇന്ത്യയെ അപേക്ഷിച്ച് ചൈനയിൽ മാസം തികയുന്നതിനു മുന്പുള്ള ജന്മങ്ങളുടെ തോത് കുറവാണ്. എങ്കിലും, അഞ്ചുലക്ഷത്തിലധികം ഗർഭസ്‌ഥകുഞ്ഞുങ്ങളാണ് വായു മലിനീകരണത്തിലൂടെ മാത്രമുള്ള ദോഷങ്ങൾക്ക് ചൈനയിൽ വിധേയരാകുന്നത്. 1990 മുതലുള്ള കാൽനൂറ്റാണ്ടുകാലത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയുടെ ഈ മേഖലയിലെ അവസ്‌ഥ വളരെ ആശങ്കാജനകമാണെന്ന് മനസിലാക്കാം. അന്പതു ശതമാനത്തോളമാണ് ഇക്കാലയളവിനുള്ളിലെ വർധന. ഗർഭവതിയുടെ ആരോഗ്യം അവർ ജീവിക്കുന്ന അന്തരീക്ഷം അടിസ്‌ഥാനമായിരിക്കും. ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ഗ്രാമങ്ങളിലെ അന്തരീക്ഷത്തെക്കാൾ ഗുരുതരമാണ് ഇന്ത്യയിലെയും ചൈനയിലെയും നഗരങ്ങളിലെ മലിനീകരണം. അകാലപ്പിറവിയുടെ കാര്യത്തിൽ ഇന്ത്യയാണ് മുന്നിൽ. ചൈന, നൈജീരിയ, പാക്കിസ്‌ഥാൻ, ഇൻഡോനേഷ്യ, അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കോംഗോ, ബ്രസീൽ എന്നിവയാണ് ഇന്ത്യയ്ക്ക് പിറകിലെ മറ്റു സ്‌ഥാനക്കാർ. ലോകമാകമാനമുള്ള 183 രാജ്യങ്ങളിലെ 3.4 ദശലക്ഷം ഗർഭസ്‌ഥകുഞ്ഞുങ്ങളുടെ മരണം വായുമലിനീകരണത്താലാണെന്ന് സ്റ്റോക്ക്ഹോം എൻവയോൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ടി (എസ്ഇഐ) ലെയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെയും കൊളറാ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനം വ്യക്‌തമാക്കുന്നു. മലിനീകരണം സംബന്ധിച്ച ദൂഷ്യവശങ്ങളെക്കുറിച്ച് മുൻകാലങ്ങളിലും പഠനങ്ങൾ നടന്നിട്ടുണ്ട്. 2010 മുതൽ 2015 വരെയുള്ള കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.


ജീവനൊടുക്കും ചൂട്

തീർത്തും അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ലോകത്തിലെ 92 ശതമാനം ജനതയും ജീവിക്കുന്നതെന്നും റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിധം വായു മലിനീകരണത്തിൻറെ തോത് വർധിക്കുകയാണെന്ന് ഹെൽത്ത് എഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉന്നതർ അഭിപ്രായപ്പെട്ടു. നാം ശ്വസിക്കുന്നത് വിഷവായുവാണ്. ദിവസം കുറഞ്ഞത് രണ്ടു പേർ വീതം ഈ വിഷവായു ശ്വസിക്കുന്നതിനാൽ മരണമടയുന്നുണ്ട്. ഇന്ത്യയാകമാനം പത്തു ലക്ഷത്തോളം ആളുകളുടെ മരണകാരണവും വായു മലിനീകരണമാണത്രെ. ആഗോളതലത്തിൽ ഈ സംഖ്യ 4.2 ദശലക്ഷമാണ്. വായു മലിനീകരണത്തിൻറെയും കാലാവസ്‌ഥാ വ്യതിയാനത്തിൻറെയും ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയിലെ അന്തരീക്ഷ മാലിന്യസാഹചര്യത്തിൽ പുക നിറഞ്ഞ മൂടൽമഞ്ഞും അനാരോഗ്യം ക്ഷണിച്ചുവരുത്തും. തൊഴിൽ രംഗത്തെ വരുമാനത്തിൽ 38 ദശലക്ഷം ഡോളറിൻറെ നഷ്‌ടത്തിനും ഇത് കാരണമായേക്കാമെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. 2030 വരെ ലോകത്തെ ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ അസഹനീയമായ ചൂട്, അതിസാരം, മലന്പനി, ശൈശവാവസ്‌ഥയിലെ പോഷകാഹാരക്കുറവ് എന്നിവ ഉൾപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നു. അതേസമയം, 2030 മുതൽ 2050 വരെയുള്ള കാലയളവിൽ ശക്‌തിയായ വേനലാണ് കൂടുതൽ പേരുടെ ജീവനെടുക്കുകയെന്നും പറയപ്പെടുന്നു. വികസിതരാജ്യങ്ങൾ മലിനീകരണം കുറയ്ക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുന്പോൾ വികസ്വരരാജ്യങ്ങളുടെ കാര്യം മറിച്ചാണ്. മലിനീകരണവുമായാണ് അവരുടെ മുന്നോട്ടുള്ള പ്രയാണം. പ്രകൃതിയെ പരമാവധി മലിനമാക്കി ജീവിക്കുമ്പോൾ നാളെയെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നാണ് അർഥം.

വിഷഭരിത നാളുകൾക്ക് പകരം പിൻഗാമികൾക്കായി ആരോഗ്യകരമായ ഭൂമി ഒരുക്കുന്നതിൽ ഇനിയും വൈകരുതെന്ന സന്ദേശവും ലോകാരോഗ്യ സംഘടനയുടെ ഈ പഠന റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

–ഗിരീഷ് പരുത്തിമഠം