ചെമ്പിൽനിന്നും അശോകൻ
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വേഷങ്ങളിലൂടെ ഏറെ ആരാധകരെ സൃഷ്‌ടിച്ച താരമാണ് ചെമ്പിൽ അശോകൻ. സത്യൻ അന്തിക്കാട് സിനിമകളിലെ ഒരു സ്‌ഥിരം സാന്നിധ്യമാണ് മമ്മൂട്ടിയുടെ നാട്ടുകാരനായ ചെന്പിൽ അശോകൻ. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയതാരത്തിൻറെ വിശേഷങ്ങൾ.

മിമിക്രിയിൽനിന്നു സിനിമയിലേക്ക്

ചെറുപ്പം മുതൽ അഭിനയത്തിലായിരുന്നു താത്പര്യം. ഈ താത്പര്യം മിമിക്രിയിൽ എത്തിച്ചു. മുൻപ് ഒട്ടേറെ സ്‌ഥലങ്ങളിൽ ഉത്സവത്തിനും പെരുന്നാളിനുമെല്ലാം മിമിക്രി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ബഹദൂർ, ആലുംമ്മൂടൻ ഒക്കെ ആയിരുന്നു മിമിക്രിയിലൂടെ അവതരിപ്പിച്ചിരുന്ന താരങ്ങൾ. മിമിക്രി പിന്നീട് നാടകത്തിലേക്ക് വഴിതെളിച്ചു. പോൾ വെങ്ങോലയുടെ ഒരു നാടകത്തിൽ ഒരു വശം തളർന്ന ചേരിയിലെ ഒരു പയ്യൻറെ വേഷം ഉണ്ടായിരുന്നു. എറണാകുളം പച്ചാളത്തായിരുന്നു സ്ക്രീനിംഗ്. എൻറെ രൂപം കണ്ടാണെന്നു തോന്നുന്നു എനിക്ക് ആ വേഷം ലഭിക്കുകയായിരുന്നു. അങ്ങനെ നാടകത്തിലേക്ക് എത്തി. പിന്നീടിങ്ങോട്ട് 18 വർഷം തുടർച്ചയായി നാടകങ്ങളിൽ സജീവമായി തുടർന്നു. 200 ലധികം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. കേരളത്തിലെ ഒട്ടമിക്ക സ്‌ഥലങ്ങളിലും നാടകവുമായി എത്തി. പല നാടകങ്ങൾ പല വേഷങ്ങൾ. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ നാടകം സമ്മാനിച്ചു.

വഴിത്തിരിവായത് മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അയൽക്കാരനാണ് ഞാൻ. വൈക്കം ചെമ്പിൽ മമ്മൂട്ടിയുടെ തറവാട് വീടിന്റെ വളരെ അടുത്താണ് വീട്. അവധി സമയങ്ങളിൽ മമ്മൂക്ക ചെമ്പിലെ വീട്ടിൽ എത്തുമായിരുന്നു. 1998 ലാണ് സംഭവം. ഒരു തവണ അവധിക്കാലത്ത് പതിവുപോലെ വീട്ടിലെത്തി. മമ്മൂക്ക വന്നതറിഞ്ഞ് അദ്ദേഹത്തെ കാണാൻ വീട്ടിൽ പോയി. തന്നെ കണ്ട മമ്മൂക്ക പറഞ്ഞു, നാടകം കാണാറുണ്ടെന്നും നന്നായിട്ടുണ്ടെന്നും. ആ വർഷം തനിക്കു മികച്ച സഹനടനുള്ള കെസിബിസി അവാർഡൊക്കെ ലഭിച്ചിരുന്നു. മമ്മൂക്ക അന്ന് പറഞ്ഞു, നാടകം മാത്രം പോരാ സിനിമയിലേക്ക് ഒക്കെ നോക്ക് എന്നൊക്കെ. മമ്മൂക്ക പറഞ്ഞ ആ വാക്ക് ഞാൻ വിശ്വസിച്ചു. മമ്മൂക്ക വിളിക്കും എന്നു പ്രതീക്ഷിച്ച് പിന്നീട് ഒരു വർഷത്തോളം കാത്തിരിപ്പായിരുന്നു. വിളി ഒന്നും വന്നില്ല. ഒരു വർഷം കഴിഞ്ഞ് വീണ്ടും പതിവുപോലെ മമ്മൂക്ക അവധിക്കാലത്ത് വീട്ടിലെത്തി. അതറിഞ്ഞ് പോയി അദ്ദേഹത്തെ കണ്ടു. അശോകാ നാടകമൊക്കെ എങ്ങനെ എന്നായിരുന്നു അദ്ദേഹത്തിൻറെ ആദ്യത്തെ പ്രതികരണം. മമ്മൂക്കയുടെ ചോദ്യം കേട്ട് ഒന്നു വിഷമിച്ചെങ്കിലും കാര്യം പറഞ്ഞു. മമ്മൂക്ക പറഞ്ഞതുകൊണ്ട് നാടകം നിർത്തി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക തന്നോട് സിനിമയിലേക്ക് നോക്കാൻ പറഞ്ഞ കാര്യം മറന്നുപോയിരുന്നു. മമ്മൂക്കയുടെ വാക്ക് കേട്ട് ഞാൻ കാത്തിരിക്കുകയാണെന്നതു കേട്ട് അദ്ദേഹത്തിന് ആകെ വിഷമമായി. ഉടൻ തന്നെ അദ്ദേഹത്തിൻറെ സഹോദരൻ ഇബ്രാഹിംകുട്ടിയെ വിളിച്ച് അശോകനെക്കൂടി തിരുവനന്തപുരത്ത് കൊണ്ടുപോയി സിനിമാ സീരിയൽ രംഗത്തുള്ളവരെ പരിചയപ്പെടുത്തിക്കൊടുക്കാൻ നിർദേശിച്ചു. അങ്ങനെ അദ്ദേഹം തന്നെ നിർമിച്ച ജ്വാലയായി എന്ന സീരിയലിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് സീരിയലിൽ എത്തി. ഈ സംഭവമാണ് തൻറെ ജീവിതത്തിൽ വഴിത്തിരിവായത്. പീന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. അരനാഴികനേരം, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങി നിരവധി സീരിയലുകൾ. മുരളി, രതീഷ്, ശ്രീവിദ്യ തുടങ്ങി മൺമറഞ്ഞുപോയ അഭിനേതാക്കളുടെ കൂടെയും സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ ഏകദേശം മുപ്പതോളം സീരിയലുകളിൽ അഭിനയിച്ചു.


ഭാഗ്യവുമായി ഭാഗ്യദേവത

സീരിയലുകളിലെ വേഷങ്ങൾ കണ്ട് സത്യൻ അന്തിക്കാട് തൻറെ സിനിമയായ ഭാഗ്യദേവതയിലേക്ക് വിളിക്കുകയായിരുന്നു. അങ്ങനെ ഭാഗ്യദേവത എൻറെ ജീവിതത്തിലും ഭാഗ്യവുമായി എത്തുകയായിരുന്നു. തുടർന്ന് സത്യൻ അന്തിക്കാടിൻറെ തന്നെ കഥ തുടരുന്നു എന്ന സിനിമ ചെയ്തു. സ്നേഹവീട്, പുതിയതീരങ്ങൾ തുടങ്ങി സത്യൻ അന്തിക്കാട് സിനിമകൾ. അന്നു മുതൽ ഇതുവരെ 130 ന് മുകളിൽ സിനിമകൾ ചെയ്തു. വെള്ളിമൂങ്ങ, മണിരത്നം, ലൈഫ് ഓഫ് ജോസൂട്ടി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ.

സൂപ്പർതാരങ്ങൾക്കൊപ്പവും സിനിമകളിൽ വേഷമിടാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. സിനിമയിലേക്ക് വരാൻ കാരണമായ മമ്മൂക്കയ്ക്കൊപ്പം തോപ്പിൽ ജോപ്പൻ, മോഹൻലാലിനൊപ്പം സ്നേഹവീട്, പുലിമുരുകൻ എന്നീ സിനിമകൾ ചെയ്തു. മണിരത്നം, ലൈഫ് ഓഫ് ജോസൂട്ടി, കമ്മട്ടിപ്പാടം എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ ലഭിച്ചു. ഏറെ പ്രശംസ നേടിത്തന്ന കഥാപാത്രങ്ങളായിരുന്നു അവ.

കുടുംബം

വൈക്കം ചെന്പിൽ തന്നെയാണ് ചെമ്പിൽ അശോകൻറെ താമസം. ഭാര്യ വീട്ടമ്മയായ ഗിരിജ, മക്കൾ വിദ്യാർഥികളായ അരുൺ ശങ്കർ, ആനന്ദ് ശങ്കർ.

ജീവിതം പഠിപ്പിച്ചത്

എന്തു ജോലി ചെയ്യാനും മടികാണിക്കാൻ പാടില്ല എന്നാണ് ജീവിതം പഠിപ്പിച്ചത്. ചെയ്യുന്ന തൊഴിൽ സത്യസന്ധമായി ചെയ്താൽ വിജയം തേടിവരും. ആദ്യകാലത്ത് നാടകത്തിൽ വന്ന കാലത്ത്, പകൽ ഒരു ഓട്ടോമൊബൈൽ കന്പനിയുടെ റെപ്രസെൻറേറ്റീവ് ആയി ജോലി ചെയ്തിരുന്നു. ബൈക്കിലായിരുന്നു ഈ ജോലിക്കായുള്ള യാത്ര. രാത്രി നാടകത്തിനുശേഷം പകൽ ഈ ജോലിക്കു പോകുന്പോൾ ഉറങ്ങിപ്പോകുമെന്ന ഘട്ടം വന്നപ്പോൾ അത് വിട്ടു.നാടകങ്ങൾ ഇല്ലാത്ത സമയത്ത് പെയിൻറിംഗ് ജോലിക്കായും മറ്റും പോയിട്ടുണ്ട്്. ചില ഇൻറർവ്യൂ ഒക്കെ വരുന്പോൾ ചോദിക്കും പെയിൻറിംഗിന് പോയ കാര്യമൊക്കെ കൊടുക്കണോ എന്ന്. എന്നാൽ എല്ലാ ജോലിക്കും അതിൻറേതായ അന്തസുണ്ട്. അതു തുറന്നുപറയാൻ മടിക്കേണ്ട കാര്യമില്ല. ഈ സത്യസന്ധതയും തനിമയും തന്നെയാണ് ചെന്പിൽ അശോകൻ എന്ന നടൻറെ കഥാപാത്രങ്ങളിലും കാണുന്നതും അതുതന്നെയാണ് അദ്ദേഹത്തിൻറെ വിജയവും.

ഇനിയും പുറത്തിറങ്ങാനുള്ള ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാണ് ചെന്പിൽ അശോകൻ. ഗ്രാമീണ കഥാപാത്രങ്ങളെ അതിൻറെ തനിമയോടെ അവതരിപ്പിക്കുന്നതിൽ ചെന്പിൽ അശോകനുള്ള പ്രാവീണ്യം തന്നെയാണ് അദ്ദേഹത്തെ തേടി മികച്ച കഥാപാത്രങ്ങളെത്താൻ കാരണം. ഇനിയും ഏറെ നല്ല കഥാപാത്രങ്ങളിലൂടെ ചെന്പിൽ അശോകനെ നമുക്ക് തിരശീലയിൽ കാണാം.

–അരുൺ സെബാസ്റ്റ്യൻ