എടിഎം കള്ളന്മാര്
Thursday, January 11, 2018 3:28 PM IST
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. എടിഎമ്മിൽ നിന്നു തുക പിൻവലിക്കാനെത്തുന്നവരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയതിന്റെ പേരിലാണ് ഇവർ പോലീസ് പിടിയിലായത്. വളരെ തന്ത്രപരമായാണ് ഇവരുടെ ഓപ്പറേഷൻ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അത്ര തിരക്കില്ലാത്ത എടിഎമ്മുകളിലാണ് മിക്കവാറും ഇവർ പ്രത്യക്ഷപ്പെടുക. ഒന്നോ രണ്ടോ പേർ മാത്രമുള്ള ക്യൂവിൽ തീർത്തും അപരിചിതരെപ്പോലെ മിശ്ര സഹോദരങ്ങളും ഇടം പിടിക്കും. ക്യൂവിൽ മുന്നിൽ നിൽക്കുന്ന വ്യക്തി എടിഎം കാർഡ് നിക്ഷേപിച്ച് പിൻ നന്പർ രേഖപ്പെടുത്തുന്പോൾ സതേന്ദ്രയോ ശിവബഹാദൂറോ ആ നന്പർ മനസിൽ കുറിച്ചിടും. എടിഎമ്മിൽ തുടർനടപടികൾക്ക് അയാൾ മുതിരുന്നതിനിടയിൽ മിശ്ര സഹോദരങ്ങൾ ഈ മെഷീൻ കേടായെന്നും മറ്റേതെങ്കിലും എടിഎം കൗണ്ടറിൽ പോകുന്നതാണ് നല്ലതെന്നും സൂചിപ്പിക്കും. പണത്തിന്റെ ആവശ്യകത ഉള്ളതിനാൽ പലരും എടിഎമ്മിലെ തങ്ങളുടെ അക്കൗണ്ട് ഇടപാടുകൾ തത്കാലം അവസാനിപ്പിച്ച് അവിടുന്ന് പോകും. മറ്റാരുമില്ലെന്ന് ബോധ്യം വരുത്തി ഇരുവരും ആ എടിഎം കിയോസ്കിലെ തുടർപ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകും. മറ്റൊരു കൗണ്ടറിലെത്തുന്ന വ്യക്തി അവിടുന്ന് പണം നിക്ഷേപിക്കാൻ ശ്രമിക്കുന്പോൾ അക്കൗണ്ടിൽ സീറോ ബാലൻസ് ആണെന്ന നടുക്കുന്ന യാഥാർഥ്യം തിരിച്ചറിയും. പലരും ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടതിനെത്തുടർന്നാണ് പരാതികൾ ബന്ധപ്പെട്ട ബാങ്ക് അധികൃതർക്കും പോലീസിനും ലഭ്യമായത്. ഇക്കഴിഞ്ഞ വർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രമായി 16 പേരിൽ നിന്നും ഏഴു ലക്ഷത്തോളം രൂപയാണ് മിശ്ര സഹോദരങ്ങൾ നേടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പല പോലീസ് സ്റ്റേഷനുകളിലായി സമാനമായ വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോകം ചുറ്റിയടിച്ച്
എടിഎം കൗണ്ടറുകളിലെ തട്ടിപ്പുകൾ വ്യാപകമായി അരങ്ങേറുന്പോഴും ഉപഭോക്താക്കൾ അത്രത്തോളം ജാഗരൂകരല്ലെന്നതാണ് ഓരോ കേസുകളും വ്യക്തമാക്കുന്നത്. 28 കാരനായ സന്ദീപിനെ ഷഹാദ്രയിൽ നിന്നു പോലീസ് പിടികൂടുന്നത് എടിഎം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ആ സമയത്ത് തന്നെ അയാളുടെ പക്കൽ നിന്നു 12 വ്യാജ എടിഎം കാർഡുകൾ പോലീസ് കണ്ടെടുത്തു. മൂന്നു വർഷത്തിനകം അന്പതോളം പേരെയാണ് അയാൾ കബളിപ്പിച്ചിട്ടുള്ളത്. വളരെ ആർഭാടമായ ജീവിതം നയിക്കാനാണ് ഈ തുകകൾ സന്ദീപ് ചെലവഴിക്കുകയെന്ന് പോലീസ് പറഞ്ഞു. സന്ദീപിന് യാത്രകൾ ഒരു ഹരമാണ്. ഇന്ത്യയിലെയും വിദേശത്തെയും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അയാൾ സന്ദർശിച്ചിട്ടുണ്ടത്രെ. ഷഹാദ്ര സ്വദേശിയായ സഞ്ജയ് ജെയ്ൻ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന ഉൗർജിതമായ അന്വേഷണമാണ് സന്ദീപിനെ കുടുക്കിയത്. അനാജ് മണ്ഡിയിലെ എടിഎം കൗണ്ടറിൽ സഞ്ജയ് പണം എടുക്കാൻ ചെന്നപ്പോൾ തൊട്ടടുത്ത് സന്ദീപ് നിൽക്കുന്നുണ്ടായിരുന്നു. എടിഎം മെഷീനിൽ കാർഡ് നിക്ഷേപിച്ച് പിൻ നന്പർ രേഖപ്പെടുത്തിയപ്പോഴേക്കും സന്ദീപ് ഇടപെട്ടു. പുറത്തുള്ള മറ്റൊരു എടിഎം മെഷീൻ ഉപയോഗിക്കണമെന്ന് നിർദേശിച്ചു. ഈ മെഷീനിൽ പണമില്ലെന്നും കൂട്ടിച്ചേർത്തു. അജ്ഞാതന്റെ വാക്കുകൾ വിശ്വസിച്ച് അദ്ദേഹം അടുത്ത എടിഎം കൗണ്ടറിലേക്ക് നടക്കുന്പോഴേക്കും ആദ്യത്തെ മെഷീനിൽ നിന്നു പണമെടുത്ത് സന്ദീപ് അപ്രത്യക്ഷനായി. കബളിപ്പിക്കൽ നടന്നിട്ടുള്ള എടിഎം കൗണ്ടറുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളൊക്കെ പോലീസ് വിശദമായി പരിശോധിച്ചു. ആ ദൃശ്യങ്ങളിലെല്ലാം സന്ദീപ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. അയാളുടെ കൃത്യമായ രേഖാചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചു. എടിഎം കൗണ്ടറുകളിലെ സെക്യൂരിറ്റി ഗാർഡുമാർക്കും വ്യാപാരികൾക്കും മുതൽ പ്രാദേശികതലങ്ങളിലെ ബീറ്റ് ഓഫീസർക്കു വരെ ഇയാളുടെ ചിത്രം പരിചിതമാക്കി. പത്തു ദിവസത്തിനു ശേഷം ഷഹാദ്രയിലെ തന്നെ ഒരു എടിഎം കൗണ്ടറിൽ പണം എടുക്കാനെത്തിയ സന്ദീപിനെ സെക്യൂരിറ്റി ഗാർഡ് തിരിച്ചറിഞ്ഞു. ഫ്രഷ് ബസാർ പോലീസ് സ്റ്റേഷനിൽ അദ്ദേഹം വിവരം അറിയിച്ചു. സന്ദീപിനെ എടിഎം കൗണ്ടറിൽ പോലീസ് വരുന്നതുവരെ പൂട്ടിയിടുകയും ചെയ്തു. പഞ്ചാബ് സ്വദേശിയായ സന്ദീപ് നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഹൗസ് കീപ്പറായി ജോലി നോക്കിയിട്ടുണ്ട്. അവിടങ്ങളിൽ സമയം ചെലവഴിക്കാൻ വരുന്ന ധനികരുടെ ജീവിതരീതി സന്ദീപിനെ വല്ലാതെ ആകർഷിച്ചു. അതിരുകളില്ലാതെ പണം സന്പാദിക്കണമെന്ന മോഹം അങ്ങനെയാണ് ഉടലെടുത്തത്. പെട്ടെന്ന് പണക്കാരനാകാൻ സ്വീകരിച്ച കുറുക്കുവഴിയാണ് എടിഎം കബളിപ്പെന്നും സന്ദീപ് സമ്മതിച്ചതായി പോലീസ് പറയുന്നു.
ഒരു തീപ്പെട്ടിക്കൊള്ളി മതിയെന്നേ...
സൗത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് ഈയിടെ പോലീസ് അറസ്റ്റ് ചെയ്ത അമീർഖാനും എടിഎം ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിൽ സമർഥനാണ്. കേവലം ഒരു തീപ്പെട്ടിക്കോൽ മാത്രം മതി തനിക്കെന്നാണ് അമീർഖാന്റെ വാദം. നാലാം ക്ലാസിൽ പഠനം നിർത്തിയ അമീർ പിന്നീട് ഡൽഹിയിലെ കുപ്രസിദ്ധ കുറ്റവാളി സംഘത്തിൽ അംഗമായി. ചെറിയ കുറ്റകൃത്യങ്ങളാണ് തുടക്കത്തിൽ ചെയ്തത്. എടിഎം തട്ടിപ്പ് തുടങ്ങിയിട്ട് അധിക കാലമായില്ല. തീപ്പെട്ടി കോലിന്റെ ഒരറ്റം നന്നായി കൂർപ്പിച്ചതിനുശേഷം എടിഎം മെഷീന്റെ കീപാഡിന്റെയും ഫ്രെയിമിന്റെയും ഇടയിൽ ഉറപ്പിക്കും. ഇതറിയാതെ ഉപഭോക്താവ് എടിഎം മെഷീനിൽ കാർഡ് നിക്ഷേപിച്ച് പിൻ നന്പർ രേഖപ്പെടുത്തും. എന്നാൽ മെഷീൻ പ്രവർത്തന രഹിതമായതായി അയാൾക്ക് അനുഭവപ്പെടും. ഉപഭോക്താവ് മടങ്ങുന്പോൾ ഒന്നും അറിയാത്തതുപോലെ കൗണ്ടറിൽ കയറി തീപ്പെട്ടികോൽ മാറ്റി അമീർഖാൻ പണം പിൻവലിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കും. മുംബൈയിൽ ഇക്കഴിഞ്ഞ ഡിസംബറിലെ രണ്ടു ദിവസങ്ങളിലായി മാത്രം അറുപതോളം പേർ എടിഎം തട്ടിപ്പിന് വിധേയരായി. 14.80 ലക്ഷത്തോളം രൂപയാണ് വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടപ്പെട്ടത്. ചിപ്പുകളും കാമറകളുമൊക്കെ സ്ഥാപിച്ചാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ചെറുതും വലുതുമായ എടിഎം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നു. എടിഎം ഇടപാടുകൾ സംബന്ധിച്ച അറിവില്ലായ്മയാണ് പല ഉപഭോക്താക്കളെയും തട്ടിപ്പിന് ഇരകളാക്കുന്നത്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും എടിഎം കിയോസ്കുകളിൽ ചതിയുടെ കുരുക്കുമായെത്താറുണ്ട്. അത്ര കാര്യക്ഷമമായി പ്രവർത്തിക്കാത്ത എടിഎം കിയോസ്കുകൾ കണ്ടെത്തി തട്ടിപ്പ് പതിവാക്കിയ ഡൽഹി മോഡലിനെയും ഡ്രൈവറെയും പോലീസ് വലയിലാക്കിയതും അടുത്ത കാലത്താണ്. എടിഎം ഉപയോഗിക്കുന്ന വിധം അത്ര വശമില്ലാത്തവരെ തന്നെയാണ് ഇരുവരും കബളിപ്പിച്ചിരുന്നത്. സഹായിക്കാനെന്ന വ്യാജേനെ അടുത്തുകൂടി പിൻ നന്പർ മനസിലാക്കും. പിന്നത്തെ കഥ പറയേണ്ടതില്ലല്ലോ...
ഗിരീഷ് പരുത്തിമഠം