നോമ്പിന്റെ കാലത്തു മനസിൽ ഉറപ്പിച്ചെടുക്കേണ്ട ഒരു യാഥാർഥ്യമുണ്ട്. പാപം തലയിൽ നിക്ഷേപിക്കുന്ന ഭാരങ്ങളിൽ നിന്നു മുക്തരാകണം. പകരം തേജോമയത്വം പ്രദാനം ചെയ്യുന്ന സഹനകൃപകളെ ഏറ്റുവാങ്ങണം. വിശ്വാസികൾ രണ്ടു ഹൃദയങ്ങൾക്കു മുമ്പിലേ പ്രാർഥന അർപ്പിക്കാറുള്ളൂ. ഒന്ന് ഈശോയുടെ തിരുഹൃദയവും, മറ്റൊന്നു മറിയത്തിന്റെ വിമലഹൃദയവും.
ആ രണ്ടു ഹൃദയങ്ങളും പിളർക്കപ്പെട്ട ഹൃദയങ്ങളാണ്. പിളർക്കപ്പെട്ട ഹൃദയങ്ങൾക്കു മുമ്പിൽ നിന്നു സൗഖ്യത്തിനായി പ്രാർഥിക്കുമ്പോൾ അതിൽ നിറഞ്ഞു നില്ക്കുന്ന സത്യം മുറിയുന്ന ഒരു ഹൃദയത്തിനു നല്കാൻ പിളർക്കപ്പെട്ട ഹൃദയത്തിൽ മുറിവുണക്കാനുള്ള തൈലമുണ്ടാകും എന്നതാണ്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ എല്ലാ ഹൃദയങ്ങളും ഈ ലോകത്തിനു നല്കുക വലിയ സംഭാവനകളാണ്. അനേകരുടെ നിന്നുപോകാമായിരുന്ന ഹൃദയത്തുടിപ്പുകൾക്കു നവജീവൻ നല്കാൻ അവരുടെ സഹനങ്ങൾക്കായിട്ടുണ്ട്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ മദർ തെരേസയുടെ കൈകളിൽ എത്രയോ പേർക്കു നവജന്മങ്ങളുണ്ടായി.
ക്രിസ്തുവിനെ പ്രതിയുള്ള എല്ലാ സഹനങ്ങളും ജീവിക്കുന്ന രക്തസാക്ഷിത്വത്തിന്റെ പ്രതീകങ്ങളാണ്. കുടുംബത്തെയും ബന്ധങ്ങളെയും പറുദീസയാക്കാനുള്ള ഒരാത്മീയശക്തിയായി സഹിക്കാനുള്ള കൃപ നമ്മുടെ ഉള്ളിലുണ്ട്. പാപത്തിന്റെ ദുർവാസനകളെ കുരിശിൽ തറച്ചു ക്രിസ്തുവിനെ പ്രതിയുള്ള സഹനങ്ങൾ തോളിലേന്തി കാൽവരിയിലേക്ക് ഒരു യാത്ര. പിന്നെ സർവ മഹത്വത്തോടും കൂടിയുള്ള ഒരു ഉയിർപ്പ്. പാപം നല്കുന്ന ഭാരങ്ങളോടു വിട. സഹനങ്ങൾക്കു പുഞ്ചിരിതൂകി ഒരു സ്വീകരണം. അപ്പോൾ നാം പാപമില്ലാതെ പുഞ്ചിരി തൂകുന്ന മനുഷ്യരാകും, നല്ല തീർഥാടകരാകും.