ഈ ഭക്ഷണങ്ങള്‍ തലച്ചോറിന് ദോഷകരമാണ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍...
Saturday, May 25, 2024 5:10 PM IST
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. ഹൃദയമിടിപ്പും ശ്വസനവും ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ പ്രക്രിയകളിലും മസ്തിഷ്കം ഭാഗഭാക്കാണ്.
അതുകൊണ്ട് സന്തുലിതമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിന് അഭികാമ്യമാണ്. ചില ഭക്ഷണങ്ങള്‍ മസ്തിഷ്കത്തിന് ദോഷകരമാണ്. കാരണം അവ ഓര്‍മയെയും മാനസികാവസ്ഥയെയും ബാധിക്കുകയും ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
അതുകൊണ്ട് തലച്ചോറിന്റെ ആരോഗ്യം സുപ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് മോശമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം...
ഉയര്‍ന്ന പഞ്ചസാര ഭക്ഷണങ്ങള്‍
അമിതമായി മധുരമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം, ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വര്‍ധിക്കും.
ഇത് ഹൃദ്രോഗത്തിനും ടൈപ്പ്-2 പ്രമേഹത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു. രണ്ട് രോഗങ്ങള്‍ക്കും തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.
പഞ്ചസാര അമിതമായി കഴിക്കുന്നത് തലച്ചോറിലെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും ഇത് പഠനം, ഓര്മ, ന്യൂറോണ്‍ വികസനം എന്നിവയില്‍ പ്രതികൂല സ്വാധീനം ചെലുത്തുകയും ചെയ്യും.
ട്രാന്‍സ് കൊഴുപ്പ്
മൃഗങ്ങളില്‍നിന്നുള്ള അപൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം തലച്ചോറിന് ദോഷമാണ്. ഫ്രോസ്റ്റിംഗ്, മാര്‍ഗറിന്‍, ഹൈഡ്രജനേറ്റഡ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ഇത്തരം കൊഴുപ്പ് കാണപ്പെടുന്നു.
ട്രാന്‍സ് ഫാറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന വീക്കം തലച്ചോറിന്റെ ഉത്പാദനക്ഷമതയും ന്യൂറോണല്‍ പ്രവര്‍ത്തനവും മന്ദഗതിയിലാക്കും.
തലച്ചോറിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
മദ്യം
അമിതമായ മദ്യപാനം നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഹാനികരമാണ്. തുടര്‍ച്ചയായ മദ്യപാനം തലച്ചോറിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആശയവിനിമയത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ദീര്‍ഘകാല എക്സ്പോഷര്‍ കാഴ്ച വൈകല്യം, ദിശാബോധമില്ലായ്മ, ഓര്മ നഷ്ടം എന്നിവയ്ക്കു കാരണമാകും.
ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
വെളുത്ത മാവ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണങ്ങളില്‍ സംസ്കരിച്ച ധാന്യങ്ങള്‍ അടങ്ങിയിരിക്കാം. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികകള്‍ ഉള്ളതിനാല്‍ അവ നിങ്ങളുടെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും.
അവ സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് വര്‍ധിപ്പിക്കും. ഓര്മ വികസനത്തെ ഇത് ബാധിക്കുന്നു. തലച്ചോറിലെ ഹിപ്പോകാമ്പസിനെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
കൃത്രിമ മധുരങ്ങള്‍
ഡയറ്റ് സോഡകളിലും പഞ്ചസാരയുടെ കുറവുള്ള മറ്റ് ഉത്പന്നങ്ങളിലും അസ്പാര്‍ട്ടേം സാധാരണയായി കാണപ്പെടുന്നു. രക്ത-മസ്തിഷ്ക തടസം മറികടന്ന് നിങ്ങളുടെ ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഇടപെടാന്‍ കഴിയുന്ന അമിനോ ആസിഡായ ഫിനൈലാലനൈന് ഇതില്‍ ഉണ്ട്.
ഇക്കാരണത്താല്‍, ഫ്രീ റാഡിക്കലുകളാലുള്ള ശാരീരിക സമ്മര്‍ദ്ദത്തിന് തലച്ചോര്‍ കൂടുതല്‍ ഇരയാക്കപ്പെടും.