പ്രൊലാക്ടിൻ അളവ് ഉയരുന്നത് വന്ധ്യതയ്ക്ക് കാരണമാകാം
പ്രൊലാക്ടിൻ അളവ് ഉയരുന്നത് വന്ധ്യതയ്ക്ക് കാരണമാകാം
തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമാൺ ആണ് പ്രൊലാക്ടിൻ. സ്ത്രീകളിലും പുരുഷൻമാരിലും ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളിൽ സ്തനങ്ങൾ വലുതാകുന്നതിനും മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോർമോണാണിത്. പുരുഷൻമാരിൽ പ്രൊലാക്ടിൻ ഉണ്ടെങ്കിലും അതിനു പ്രത്യേക പ്രവർത്തനം ശരീരത്തിലില്ല. സ്ത്രീകളുടെ പ്രൊലാക്ടിൻ ഹോർമോൺ ലെവൽ പുരുഷൻമാരുടേതിനേക്കാൾ ഉയർന്നിരിക്കും.

പ്രസവിച്ചിരിക്കുന്ന അവസ്‌ഥയിലോ മുലയൂട്ടുന്ന അവസ്‌ഥയിലോ അല്ലാതെ പ്രൊലാക്ടിൻ അളവ് ഉയരുന്നത് വന്ധ്യത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാം. പ്രൊലാക്ടിൻ അളവു വർധിക്കുന്നതിനു പല കാരണങ്ങളുമുണ്ട്.

ഔഷധങ്ങളുടെ അധിക ഉപയോഗം

പിറ്റുവേറ്ററിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പല ഹോർമോണുകളും അളവിൽ കൂടാതെ തടഞ്ഞു നിർത്തുന്നതു ഡോപമിൻ എന്ന രാസവസ്തുവാണ്. ചില പ്രത്യേകമരുന്നുകൾ കഴിക്കുമ്പോൾ ഡോപമിന്റെ അളവുകുറയുകയും മറ്റു ഹോർമോണുകളുടെ അളവു കൂടുകയും ചെയ്യുന്നു. മനോരോഗത്തിനു കഴിക്കുന്ന മരുന്നുകൾ, അന്റാസിഡ് മരുന്നുകൾ, ചില ആന്റീബയോട്ടിക്സ്, ഛർദ്ദിലിനുകഴിക്കുന്ന മരുന്നുകൾ ഇവ ഡൊപാമിന്റെ അളവു കുറയ്ക്കുകയും അതുവഴി ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഈ വ്യതിയാനങ്ങൾ പ്രൊലാക്ടിന്റെ അളവു കൂടുന്നതിനു കാരണമാകുന്നു.

പ്രൊലാക്ടിനോമ

പിറ്റുവേറ്ററി ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ പ്രൊലാക്ടിൻ കൂടുന്നതിനു കാരണമാകാറുണ്ട്. പ്രൊലാക്ടിനോമ എന്നാണിതിനു പറയുന്നത്. പിറ്റുവേറ്ററിയിൽ വരാവുന്ന മറ്റൊരസുഖമാണ് നീർക്കെട്ട്. ഇതുകൊണ്ടും പ്രൊലാക്ടിൻ അളവുകൂടാം.

അസുഖങ്ങൾ മൂലമുണ്ടാകുന്ന വ്യതിയാനം

വൃക്കതകരാറുകൾ, ഹൈപ്പോതൈറോയിഡ്, ലിവർ സിറോസിസ്, നട്ടെല്ലിനു വരു്ന തകരാറുകൾ പോളിസിസ്റ്റിക്ക് ഓവറിയിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇവയും പ്രൊലാക്ടിൻ അളവു കൂട്ടാൻ ഇടയാക്കുന്നു.

ഇതല്ലാതെ താൽകാലികമായി പ്രൊലാക്ടിൻ കൂടാറുണ്ട്. അതിനുള്ള കാരണങ്ങൾ ഇവയാണ്

* മാനസികമോ ശാരീരികമോ ആയ സമ്മർദം.

* അമിതമായി പ്രോട്ടീൻ ചേർന്ന ഭക്ഷണം

* ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം

* സ്തന പരിശോധനയ്ക്കു ശേഷം

* വ്യായാമത്തിനുശേഷം

പ്രൊലാക്ടിൻ ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യങ്ങൾകൂടെ പരിഗണിക്കേണ്ടതുണ്ട്.

പ്രൊലാക്ടിൻ അളവ് 200 ൽ താഴെയാണെങ്കിൽ മരുന്നുകൊണ്ടു ഭേദമാക്കാവുന്നതാണ്. അളവു കൂടുതലാണെങ്കിൽ എംആർഐ സ്കാനിംഗ് നടത്തി മുഴയോ നീർക്കെട്ടോ ഉണ്ടെങ്കിൽ ആവശ്യമായ മറ്റു ചികിൽസയോ വേണ്ടിവന്നാൽ ശസ്ത്രക്രിയയോ തേടേണ്ടതാണ്.

<യ>രോഗ ലക്ഷണങ്ങൾ

സ്വാഭാവികമായല്ലാതെ പ്രൊലാക്ടിൻ വർധിക്കുന്നതു തലവേദനയ്ക്കും കാഴ്ച പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഗർഭിണികളിലോ, പ്രസവത്തിനുശേഷം അധിക സമയം കഴിയാത്ത സ്ത്രീകളിലോ ആർത്തവം ക്രമം തെറ്റുന്നതും സ്തനങ്ങളിൽ നിന്നും വെളുത്തദ്രാവകം വരുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. പുരുഷൻമാരിൽ പ്രകടമായ ലക്ഷണങ്ങൾ കാണാറില്ല. അതുകൊണ്ടു തന്നെ പ്രൊലാക്ടിനോമ വൈകിയാണ് കണ്ടെത്തുന്നത്. വന്ധ്യത ഉണ്ടാകാനുള്ള സാധ്യതയാണ് പുരുഷൻമാരിൽ ഉള്ളത്. മിക്ക പുരുഷൻമാരും വന്ധ്യതാ ചികിൽസയ്ക്കെത്തുമ്പോഴാണു പ്രൊലാക്ടിനോമ കണ്ടെത്തുന്നത്.

പ്രൊലാക്ടിൻ വ്യതിയാനങ്ങൾ കുട്ടികളിൽ ഉണ്ടാകാറുണ്ടെങ്കിലും വളരെ അപൂർവമായേ കണ്ടുവരുന്നുള്ളൂ. മുലയൂട്ടുന്ന സ്ത്രീകൾ ഗർഭിണികളാകില്ല എന്നുപറയുന്നന്റെ കാരണവുമിതാണ്.

ചികിൽസ


എന്തുകാരണം കൊണ്ടാണു പ്രൊലാക്ടിൻ കൂടിയിരിക്കുന്നത് എന്നു കണ്ടെത്തുക. മനോരോഗത്തിനു കഴിക്കുന്ന മരുന്നുകൾ ചിലപ്പോൾ ഒഴിവാക്കിയേക്കാൻ പറ്റുന്നവയല്ല. ഡോക്ടറുമായി ബന്ധപ്പെട്ടു ഡോസ് കുറയ്ക്കുക.

തൈറോയിഡിലെ ടിഎസ്എച്ച് ഹോർമോൺ കൂടുന്ന സമയത്തു പ്രൊലാക്ടിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകൾ പ്രവർത്തന ക്ഷമമാകുകയും ഡൊപാമിന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ പ്രൊലാക്ടിന്റെ അളവു കൂടുന്നതു തടയാനായി തൈറോയിഡ് മരുന്നുകൾ കൃത്യമായി രാവിലെ വെറും വയറ്റിൽ കഴിക്കുക.

ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുതന്നെ അമിതവണ്ണമുണ്ടാകാം. കൃത്യമായി മരുന്നു കഴിക്കുകയും വ്യായാമവും ഭക്ഷണ നിയന്ത്രണവും ചെയ്യുകയാണെങ്കിൽ ഹോർമോൺ വ്യതിയാനങ്ങളും നിയന്ത്രിക്കാൻ സാധിക്കും.

മരുന്നു കൊണ്ടുതന്നെ മാറ്റാനാകുന്നതാണു പ്രൊലാക്ടിൻ. വലിയ മുഴയാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത്തരത്തിൽ വലുതാകുന്ന മുഴ കാഴ്ച്ചശക്‌തിയെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അല്ലാതെ കണ്ടുവരുന്നതെല്ലാം മരുന്നുകൊണ്ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്. മുഴയുടെ വലുപ്പം അനുസരിച്ചാണു മരുന്നു നിശ്ചയിക്കുക. മരുന്നു തുടങ്ങിയാൽ 2–3 മാസം കൊണ്ടു ശരിയാക്കിയെടുക്കാനാകും. പ്രൊലാക്ടിൻ തീരെ കുറഞ്ഞു പോകാനും പാടില്ല. അണ്ഡോത്പാദനത്തിലും ബീജോത്പാദനത്തിനും ആവശ്യമായ ഒന്നാണു പ്രൊലാക്ടിൻ.

പ്രൊലാക്ടിൻ അളവുകൾ

സാധാരണ പുരുഷൻമാരിൽ 2þ18 ng/mL(nanograms per milliliter) ഉം സ്ത്രീകളിൽ 2þ29 ng/mLഉം ആണ് നോർമൽ അളവകുകൾ. ഗർഭിണികളായ സ്ത്രീകളിൽ ഇത് 10þ209 ng/mL വരെ ആകാം.

പ്രൊലാക്ടിൻ ഗർഭധാരണത്തെ ബാധിക്കുന്നു

പ്രൊലാക്ടിൻ കൂടിയ അവസ്‌ഥയിലാണു മുലപ്പാൽ ഉണ്ടാകുന്നത്. മുലയൂട്ടുന്ന അവസ്‌ഥയിൽ സ്ത്രീകൾ ഗർഭിണികളാകാനുള്ള സാധ്യത കുറയുന്നതു പ്രൊലാക്ടിൻ കൂടന്നതുകൊണ്ടാണ്. ഉയർന്ന പ്രൊലാക്ടിൻ അളവ് അണ്ഡോത്പാദനത്തെ തടയുന്നു. ഇതു പ്രകൃതി തന്നെ സ്ത്രീക്കു കൊടുത്തിരിക്കുന്ന ഗർഭ നിരോധന മാർഗമാണ്. ഒരു ഗർഭധാരണവും പ്രസവവും കഴിഞ്ഞ് ഉടനെ ഗർഭം ധരിക്കാതിരിക്കാനും സ്ത്രീക്ക് ആവശ്യമായ വിശ്രമം കിട്ടുന്നതിനും വേണ്ടിയാണിത്.

ഹൈപ്പൊതൈറോയിഡിസവും പോളിസിസ്റ്റിക് ഓവറിയും ഉള്ള സ്ത്രീകളിൽ ഗർഭധാരണത്തിനു പൊതുവേ തടസം നേരിടാറുണ്ട്. ഇതു രണ്ടും പ്രൊലാക്ടിൻ ലെവൽ കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗർഭധാരണത്തിനു തടസം നേരിടാൻ സാധ്യതയുണ്ട്.

പ്രൊലാക്ടിനോമയോ (പിറ്റുവേറ്ററിയിൽ കണ്ടു വരുന്ന മുഴ) പിറ്റുവേറ്ററിയിൽ വരുന്ന നീരോ ആണ് പ്രൊലാക്ടിൻ കൂടുന്നതിനു കാണുന്ന കാരണമെങ്കിൽ എംആർഐ സ്കാനിംഗും ശസ്ത്രക്രിയയും ആവശ്യമായി വരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* വന്ധ്യതാ ചികിൽസയ്ക്കെത്തുമ്പോൾ തൈറോയിഡ് ഹോർമോൺപ്രശ്നങ്ങളും പോളിസിസ്റ്റിക്ക് ഓവറിയും ഉള്ളവർക്ക് പ്രൊലാക്ടിൻ കൂടാനും വന്ധ്യതാ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

* ആർത്തവം ക്രമം തെറ്റുകയോ വരാതിരിക്കുകയോ ചെയ്താൽ, സ്തനങ്ങളിൽ നിന്നും വെളുത്ത ദ്രാവകം വന്നാൽ സ്ത്രീകൾ നിർബന്ധമായും പ്രൊലാക്ടിൻ പരിശോധിക്കേണ്ടതാണ്.

* പുരുഷൻമാരിൽ ഉദ്ധാരണക്കുറവും വന്ധ്യതയും ഉണ്ടെന്നു തോന്നിയാൽ പ്രൊലാക്ടിൻ പരിശോധിക്കണം.

* പോളിസിസ്റ്റിക്ക് ഓവറിയും തൈറോയിഡ് പ്രശ്നങ്ങളും പ്രൊലാക്ടിനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

* പിറ്റുവേറ്ററി ട്യൂമർ ഉണ്ടോയെന്നു സംശയിക്കുമ്പോഴാണു പ്രൊലാക്ടിൻ ടെസ്റ്റിന് അയയ്ക്കുന്നത്.

നിമ്മി ഏബ്രാഹം