സുന്ദരം....മനോഹരം....
സുന്ദരം....മനോഹരം....
കയറുംതോറും പിന്നെയും പിന്നെയും ഉയരങ്ങൾ തേടുവാൻ തോന്നിപ്പിക്കുന്നവയാണ് ഓരോ ഹിമാലയ യാത്രകളും- ഹിമാലയം താണ്ടിയവരെല്ലാം പറയുന്ന വാക്കുകളാണിത്. അതുകൊണ്ടു തന്നെയായിരിക്കണം ഒരിക്കൽ പോയവർ വീണ്ടും വീണ്ടും ഇവിടം തേടിയെത്തുന്നത്. ഉയരങ്ങൾ തേടിയുള്ള ഹിമാലയൻ യാത്രയിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു നാടുണ്ട്...ഒരു കുതിരയെ വിൽക്കണമെങ്കിൽ വരെ മൂന്നു ദിവസം കാൽനടയായി യാത്ര ചെയ്ത് പോകേണ്ട, വേനൽക്കാലത്ത് മാത്രം ബസ് എത്തുന്ന ഒരു നാട്. ലോകത്തിലെ വാഹന സൗകര്യമുള്ള ഏറ്റവും ഉയരത്തിലുള്ള ഗ്രാമം എന്നറിയപ്പെടുന്ന കിബ്ബർ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിലൊന്നും ഇതു തന്നെയാണ്.

ഹിമാചൽ പ്രദേശിൽ സ്പിതിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമങ്ങളിലൊന്നാണ് കിബ്ബർ. വളരെ കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ഇവിടം ഹിമാലയത്തിന്‍റെ കാണാക്കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ലാഹൗൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്‌വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 4,270 മീറ്റർ അഥവാ 14,200 അടി ഉയരത്തിലുള്ള ഗ്രാമം.

വേനൽക്കാലത്ത് മാത്രം ബസുകൾ

സ്പിതിയിലെ മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് ഇവിടെ എത്തിപ്പെടുക എന്നത് ഇത്തിരി ദുഷ്കരമാണ്. ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമായ കാസായിൽ നിന്ന് 20 കിലോമീറ്ററുണ്ട് ഇവിടേക്ക്. വേനൽസമയത്ത് മാത്രമേ ഇവിടേക്ക് ബസ് സർവീസുകൾ ഉള്ളൂ. അല്ലാത്ത സമയത്ത് ചെറുവാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

ചുണ്ണാന്പ് പാറയിലെ നാട്

കുമ്മായക്കല്ലുകൾ കൊണ്ട് സന്പന്നമാണ് ഇവിടം. എവിടെ നോക്കിയാലും കാണാൻ സാധിക്കുന്നത് കുമ്മായക്കല്ലുകൾ നിറഞ്ഞ പാറകൾ. ലഡാക്കിനോടും ടിബറ്റിനോടു സാമ്യമുള്ളവയാണ് ഇവിടത്തെ ഗ്രാമം.

കല്ലിൽ നിർമ്മിച്ച വീടുകൾ

ലഡാക്കിലും മണാലിയിലും കാണുന്നതുപോലെ ഇഷ്ടിക കൊണ്ടല്ല ഇവിടത്തെ ഗ്രാമീണർ തങ്ങളുടെ ഭവനം നിർമിച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന്, കല്ലുകൾ ഒരു പ്രത്യേക തരത്തിൽ അടുക്കി നിർമിച്ചിരിക്കുന്ന ഇവിടത്തെ വീടുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. തണുപ്പിനെ പ്രതിരോധിക്കുവാനും ലഭ്യമായ സാധനങ്ങളിൽ നിർമാണം ചുരുക്കുവാനുമാണ് ഇത്തരത്തിലുള്ള വീടുകൾ ഇവർ നിർമിക്കുന്നത്. ഒടുവിൽ നടന്ന 2011 ലെ സെൻസസ് അനുസരിച്ച് വെറും 77 വീടുകളിലായി 187 പുരുഷന്മാരും 179 സ്ത്രീകളുമാണ് ഇവിടെ വസിക്കുന്നത്.

ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ വേനൽക്കാലത്ത് മാത്രമാണ് ഇവിടേക്കുള്ള സഞ്ചാരം സാധ്യമാകുന്നത്. ഈ സമയത്ത് കാസായിൽ നിന്നു ബസുകൾ ദിവസത്തിൽ രണ്ടു പ്രാവശ്യം സർവീസ് നടത്തും. രാവിലെയും വൈകിട്ടും. അല്ലെങ്കിൽ ഇവിടെ എത്തിപ്പെടുവാനുള്ള മാർഗം ഷെയർ ടാക്സികളാണ്. വളരെ കൂടിയ തുകയാണ് അവർ ചോദിക്കുന്നതെന്നതിനാൽ മിക്കവരും യാത്ര ബസിലാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടത്തുകാർ നടപ്പ് ശീലമാക്കിയവരാണ്. ബസ് പോകുന്ന വഴിയിലൂടെയല്ലാതെ എളുപ്പ വഴികളിലൂടെ കാടും മേടും കടന്നാണ് ഇവർ ഗ്രാമത്തിലെത്തുന്നത്

പുറംലോകവുമായിഅധികമൊന്നും ബന്ധമില്ലാത്തവരാണ് ഇവിടെയുള്ളവർ. ഈ ഗ്രാമത്തിനും പ്രത്യേകതകളുണ്ട്. മനുഷ്യവാസമുള്ള ഏറ്റവും ഉയരത്തിലുള്ള ഇടങ്ങളിലൊന്നു മാത്രമല്ല കിബ്ബർ. ലോകത്തിലെ വാഹന സൗകര്യമുള്ള ഏറ്റവും ഉയരത്തിലുള്ള ഗ്രാമം, ഏറ്റവും ഉയരത്തിലുള്ള സ്കൂൾ സ്ഥിതി ചെയ്യുന്നിടം, ഒരു കൂട്ടമായി ജീവിക്കുന്നതിന്‍റെ നന്മയും മഹത്വവും പങ്കുവയ്ക്കുന്നവരുള്ളിടം എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ ഇവിടെയുണ്ട്. ഒരു സിവിൽ ഡിസ്പെൻസറി, ഒരു ഹൈസ്കൂൾ, ഒരു പോസ്റ്റ് ഓഫീസ്, ഒരു ടെലിഗ്രാഫ് ഓഫീസ്, കമ്യൂണിറ്റി ടിവി സെറ്റ് എന്നിവയാണ് ഇവിടെയുള്ള മറ്റു കാര്യങ്ങൾ.

ആശ്രമം

ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് കിബ്ബർ മൊണാസ്ട്രിയാണ്. ടിബറ്റൻ ബുദ്ധിസത്തിന്‍റെ ഭാഗമാണ് ഇത്. പുരാതനമായ ചുവർ ചിത്രങ്ങൾ, കൈയെഴുത്തു പ്രതികൾ, കോട്ടണിലും സിൽക്കിലുമുള്ള മനോഹരമായ പെയിന്‍റിംഗുകൾ, തുടങ്ങിയവ ഇവിടെ സംരക്ഷിക്കുന്നു. അതിന്‍റെ പേരിലാണ് ഈ മൊണാസ്ട്രി അറിയപ്പെടുന്നത്.

കുതിരയ്ക്ക് പകരം യാക്ക്

ഇന്നും ബാർട്ടർ സന്പ്രദായം എന്ന കൈമാറ്റ രീതി പിന്തുടരുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ് കിബ്ബർ. ലഡാക്കുകാരുമായാണ് ഇവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുതിരയ്ക്ക് പകരം യാക്കിനെ (വളർത്തുന്ന ഒരിനം പോത്ത്) നല്കുന്ന രീതിയും ഇവിടെയുണ്ട്.

കിബ്ബർ വൈൽഡ് ലൈഫ് സാങ്ച്വറി

കിബ്ബറിലെ മറ്റൊരു പ്രധാന കാഴ്ചയാണ് കിബ്ബർ വൈൽഡ് ലൈഫ് സാങ്ച്വറി. ഹിമാലയത്തിലെ അപൂർവ്വങ്ങളായ പല ചെടികളും വളരുന്ന ഒരിടമാണിത്. 2,220 ചതുരശ്ര കിലോമീറ്ററിലധികമായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. അപൂർവ്വങ്ങളായ ഒൗഷധ ഗുണങ്ങളുള്ള സസ്യങ്ങൾ ഇവിടെ ഒരുപാടുണ്ട്. ടിബറ്റിലെ നാട്ടു വൈദ്യത്തിൽ ഉപയോഗിക്കുന്ന പല ചെടികളും ഇവിടെ കാണാം. പു​ള്ളി​പ്പു​ലി, ചെ​ന്നാ​യ, ചെ​മ്മ​രി​യാ​ട്, കു​റു​ക്ക​ൻ, മാ​ൻ, കാ​ട്ടു​പോ​ത്ത് തുടങ്ങിയ വയും ഇവിടെ വിഹരിക്കുന്നു.

വേനൽ സമയമാണ് സ്പിതിയും കിബ്ബറും സന്ദർശിക്കുവാൻ പറ്റിയത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് യാത്രയ്ക്കായി സഞ്ചാരികൾ സാധാരണയായി തെരഞ്ഞെടുക്കുന്നത്. അല്ലാത്ത സമയങ്ങളിൽ തണുപ്പ് വളരെ കൂടുതലായിരിക്കും.

കാസയിൽ നിന്ന് ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. വേനൽ സമയമാണെങ്കിൽ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ രണ്ടു ബസുകൾ സർവീസ് നടത്തും. ബസ് യാത്രയ്ക്ക് ഒരു മണിക്കൂർ സമയമാണ് വേണ്ടത്. ടാക്സികളെ ആശ്രയിക്കുന്നവരുമുണ്ട്. താല്പര്യമുണ്ടെങ്കിൽ ഗ്രാമീണരോടൊപ്പം നടന്നു പോകുവാനും സാധിക്കും.

പ്രദീപ് ഗോപി