അരും ക്രൂരത
Friday, October 26, 2018 2:55 PM IST
ഒക്ടോബർ രണ്ട്. പ്രാദേശിക സമയം പുലർച്ചെ 3.20. സ്ഥലം ഇസ്റ്റാംബൂൾ വിമാനത്താവളം. ജമാൽ ഖഷോഗിയെ കൊല്ലാനുള്ള അച്ചാരവുമായി കൊലയാളി സംഘത്തിന്റെ ഒരു സ്വകാര്യ ജെറ്റ് പറന്നിറങ്ങി.
5.50- സൗദി സംഘം തുർക്കിയിലെ സൗദി കോൺസുലേറ്റിന് സമീപമുള്ള രണ്ട് ഹോട്ടലുകളായി മുറികളെടുത്തു.
12.13- നയതന്ത്ര പരിരക്ഷയുള്ള ചില വാഹനങ്ങൾ സൗദി കോൺസുലേറ്റിലേക്ക് എത്തി.
ഉച്ചകഴിഞ്ഞ് 1.14- ജമാൽ ഖഷോഗി കോൺസുലേറ്റിലേക്ക് എത്തുന്നു.
3.08 - കോൺസുലേറ്റിൽ നിന്ന് ചില വാഹനങ്ങൾ പുറത്തേക്ക് പോകുന്നു.
5.15- രണ്ടാമതൊരു സ്വകാര്യ വിമാനം കൂടെ ഇസ്റ്റാംബൂൾ വിമാനത്താവളത്തിലെത്തുന്നു.
5.33- ജമാൽ ഖഷോഗിയുടെ കാമുകി ഹാത്തിസ് സെൻഗിസ് കോൺസുലേറ്റിന് മുന്നിൽ കാത്തുനിൽക്കുന്നു.
6.20- ഇസ്റ്റാംബൂളിൽ നിന്ന് ഒരു സ്വകാര്യവിമാനം പുറത്തേക്ക് പോകുന്നു.
9.00 - രണ്ടാമതൊരു വിമാനം കൂടെ പുറത്തേക്ക് പോകുന്നു.
വീഡിയോകളും ഒാഡിയോകളും പുറത്തുവിട്ട് തുർക്കിയിലെ യെനി സഫാക് പത്രം സംഭവം കൃത്യമായി പറയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഖഷോഗിയുടെ വിധി എന്താണെന്ന് ആദ്യമായി എംബസിയിൽ എത്തിയ സെപ്റ്റംബർ 28ന് തന്നെ സൗദി തീരുമാനിച്ചുവെന്നാണ്. കൃത്യമായ പദ്ധതിയോടെ സൗദി ആസൂത്രണം ചെയ്ത കൊലപാതകം. ഒക്ടോബർ രണ്ടിന് കോണ്സുലേറ്റിലെ തുർക്കിക്കാരായ ജീവനക്കാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തെളിവുകൾ പൂർണമായും ഇല്ലാതാക്കുവാനും സംഘത്തിനായി.
ക്രൂരമായ പീഡനങ്ങൾക്കു പിന്നാലെ ഖഷോഗിയുടെ കൈവിരലുകൾ ഓരോന്നായി വെട്ടിമാറ്റുകയും, മർദ്ദിക്കുകയും ചെയ്തു. തുടർന്ന് തലയറുത്തു മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ സൗദി പ്രതീക്ഷിച്ചതല്ല പിന്നീട് സംഭവിച്ചത്. ത ുർക്കി നിലപാട് കടുപ്പിച്ചതോടെ അന്തരീക്ഷം മാറി.
കൺകെട്ട് വിദ്യ
ഖഷോഗിയെ വധിച്ചശേഷം 15 അംഗ കൊലയാളിസംഘത്തിലെ ഒരാളായ മുസ്തഫ അൽ മദനി ഖഷോഗിയുടെ വസ്ത്രവും കണ്ണടയും ആപ്പിൾ വാച്ചും ധരിച്ച് കോൺസുലേറ്റ് മന്ദിരത്തിന്റെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യം സിഎൻഎൻ സംപ്രേഷണം ചെയ്തിരുന്നു. ഖഷോഗി ജീവനോടെ കോൺസുലേറ്റിനു പുറത്തുപോയെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ വേഷംകെട്ടൽ. ഖഷോഗിയുടെ അപരനായി ഇയാളെ സംഘത്തിൽ ഉൾപ്പെടുത്തിയതുതന്നെ മുൻകൂട്ടി ആസുത്രണം ചെയ്താണു വധം നടത്തിയതെന്നതിന്റെ തെളിവാണ്.
ഇയാൾ ഒരു സഹായിയോടൊപ്പം ടാക്സി പിടിച്ച് ഇസ്റ്റാംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കിലേക്കാണു പോയത്. പിന്നീട് പൊതുശൗചാലയത്തിലെത്തി വേഷം മാറി തിരിച്ചുപോയി. തുർക്കി കോൺസുലേറ്റിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥലത്തു പുതുതായി പെയിന്റടിച്ചതു കണ്ടെത്തിയെന്നും \ഇതു തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു. എട്ടു മണിക്കൂർ ദീർഘിച്ച തെരച്ചലിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർ മണ്ണിന്റ സാന്പിളും ഒരു ലോഹവാതിലും തെളിവായി ശേഖരിച്ചാണ് മടങ്ങിയത്.

മൃതദേഹം എവിടെ?
ഖഷോഗിയുടെ കൊലപാതകം നടന്നത് തുർക്കിയിലെ സൗദി എംബസിക്കുള്ളിൽവച്ചാണെന്നതാണ് തുർക്കിയെ ചൊടിപ്പിച്ചത്. ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാനുള്ള സാധ്യതയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതായി എനി സഫാക് പത്രം റിപ്പോർട്ട് ചെയ്തു. മൃതദേഹം പരുക്കൻ കന്പിളിയിൽ പൊതിഞ്ഞ് ഒരു പ്രാദേശിക കൂട്ടാളിക്കു നൽകി മറവു ചെയ്യാൻ നിർദേശിച്ചതായി പേരു വെളിപ്പെടുത്താൻ തയാറാവാത്ത സൗദി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഇപ്പോഴും ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. മൃതദേഹം കണ്ടെത്താതെ ഒരാൾ മരിച്ചതായി എങ്ങനെ സ്ഥിരീകരിക്കും.
മാറിമറിഞ്ഞ് അമേരിക്ക
ഖഷോഗിയെ കാണാതായതുമുതൽ ശക്തമായി പ്രതികരിച്ചുവന്ന അമേരിക്ക കൊലപാതകം സൗദി സ്ഥിരീകരിച്ചതോടെ മലക്കം മറിയുകയാണുണ്ടായത്. ഖഷോഗിയുടെ മരണത്തിൽ അമേരിക്ക ഖേദിക്കുന്നതായും ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
റിയാദിൽ ആരംഭിച്ച ത്രിദിന നിക്ഷേപക ഉച്ചകോടിയിൽനിന്ന് നിരവധി പ്രമുഖ കന്പനികൾ പിൻവാങ്ങി. ഗോൾഡ്മാൻ സാക്സ്, ജെപി മോർഗൻ, ഊബർ പ്രതിനിധികൾ, ഐഎംഫ് മേധാവി ക്രിസ്റ്റീൻ ലാഗാർദ് എന്നിവർ ഇതിൽപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സൗദിക്ക് ആയുധം നല്കാനാവില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. 4.8 കോടി ഡോളറിന്റെ ആയുധം നല്കാമെന്ന് കഴിഞ്ഞമാസം ജർമനി സമ്മതിച്ചതായിരുന്നു.
പശ്ചിമേഷ്യയിൽ ഇറാനെതിരായ പ്രവർത്തനങ്ങളിൽ യുഎസിന് സൗദിയുടെ സഹായം വേണം. സൗദിക്ക് ആയുധം വില്ക്കുന്നത് നിർത്തുന്നത് യുഎസിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ട്രംപ് ഭരണകൂടം വിലയിരുത്തുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്ന് തുർക്കി അവകാശപ്പെട്ടതോടെ സൗദിയും പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മർദ്ദത്തിലായിരിക്കുകയാണ്.
ജമാൽ ഖഷോഗി ഒരു പ്രതീകമാണ്. ഭരണകൂടങ്ങൾക്കെതിരേ ശബ്ദിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്. ഒരുപാട് ചോദ്യങ്ങളും ദുരൂഹതകളും ബാക്കിവച്ചാണ് ഖഷോഗി യാത്രയായത്.
(അവസാനിച്ചു)