അവസാനിക്കാത്ത മുന്നറിയിപ്പുകള്‍
Wednesday, November 28, 2018 3:13 PM IST
കണ്ണീരുണങ്ങാതെ...3/ എസ് രാജേന്ദ്രകുമാര്‍
ഇതിനിയിൽ നിരവധി തവണ തിരമാലകളുടെ ആക്രമണം. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ നിരാശയുടെ പടുകുഴിയിലായ ഇവരുടെ അരികിലൂടെ ഒരു ചരക്ക് കപ്പൽ കടന്നു പോയി. രക്ഷപ്പെടുത്തണമെന്ന് കൈ വീശി ഉറക്കെയുള്ള നിലവിളി കേൾക്കാൻ അവർ കാത്തു നിന്നില്ല. പക്ഷെ ഇരുവരെയും കുറിച്ചുള്ള വിവരങ്ങൾ കപ്പൽ അധികൃതർ അപ്പോൾ തന്നെ നേവിക്ക് കൈമാറിയിരുന്നു. പ്രതീക്ഷകൾ അസ്തമിച്ച സംഘത്തെ രക്ഷി്ക്കാൻ മണിക്കൂറുകൾക്കുള്ളിൽ നേവിയുടെ കപ്പൽ എത്തി. രണ്ട് ദിവസത്തെ കപ്പൽ ജീവിതത്തിന് ശേഷം ഇവർ കൊച്ചിയിൽ കാൽ കുത്തി. അവിടെ നിന്ന് നാട്ടിൽ എത്തുന്നതു വരെയും വിഴിഞ്ഞത്തുകാരായ തങ്ങളുടെ 36 സുഹൃത്തുക്കളെ കടൽ വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. തിരിച്ചെത്തിയ വിവരം പള്ളിയിൽ അറിയിക്കാൻ വന്നപ്പോഴാണ് അവർ ആ ദുഃഖവാർത്തയറിഞ്ഞത്.
കാത്തിരിപ്പ്
കുടുംബത്തിന്റെ ഏക അത്താണിയായ വിൻസെന്റിന്റെ വരവും പ്രതീക്ഷിച്ചുള്ള അടിമലത്തുറ ബിജി ഹൗസിൽ ലൂർദ്ദ് മേരിയുടെ കാത്തിരിപ്പിന് ഒരു വർഷം പൂർത്തിയാകുന്നു. ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെ ഉണ്ടാകണമേയെന്ന ദിവസവുമുള്ള പ്രാർത്ഥന. കുടുംബപ്രാരാബ്ധങ്ങൾക്കിടയിലും മക്കളായ ബിജി, ബിജിൻ, ബിജിന, ലിജ എന്നിവരെ പഠിപ്പിച്ച് ഒരു കരപറ്റിക്കണമെന്ന ആഗ്രഹമായിരുന്നു വിന്‍സെന്റിന്. നാല് മക്കളുടെ ഉന്നതിയും സുരക്ഷിതത്വവും ഓർത്ത് മനസിൽ തീ ആളുമ്പോഴും ഭർത്താവ് തിരിച്ച് വരുമെന്ന വിശ്വാസമാണ് ലൂർദ്ദ് മേരിക്ക് ബലം നൽകുന്നത്. വീടു നിർമ്മിച്ചതിന്റെ ബാധ്യതയും മറ്റും തീർക്കാൻ പശു വളർത്തൽ ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. സർക്കാർ നൽകിയ ധനസഹായമെല്ലാം ബാങ്ക് നിക്ഷേപമായതിനാൽ കടം തീർക്കാനും സാധിക്കാതെയായി. അയൽക്കൂട്ടങ്ങളിൽ നിന്നെടുത്ത ലോണിന്റെ പിൻബലമാണ് കുടുംബം പുലർത്തുന്നതിന് ഇവർക്ക് പര്യാപ്തമായത്. 2017 നവംബർ 29 ന് വൈകുന്നേരം സഹപ്രവർത്തകരായ അന്തോണീസ്, ആന്റണി, സെസ് ലാന്റ്, ആന്റണി, ലോർദ്ദോൻ ഉൾപ്പെടെയുള്ള പതിമൂന്നംഗ സംഘത്തോടൊപ്പമാണ് വിൻസെന്റ് പുറപ്പെട്ടത്. ഒരുമിച്ച് രണ്ട് വള്ളങ്ങളിൽപോയ ആരെയും കടലമ്മ വെറുതെ വിട്ടില്ല. തിരച്ചുഴിയിൽപ്പെട്ട് മണിക്കൂറുകൾ വട്ടം ചുറ്റിയ സംഘത്തെ രക്ഷപ്പെടുത്താനാകാതെ മറ്റുള്ളവർ തീരത്തു നിസ്സഹായരായി നിന്നു. രക്ഷിക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞത്തെ സേനാ ഓഫീസുകളിലേക്ക് ബന്ധുക്കൾ പരക്കം പാഞ്ഞെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയി. ദിവസങ്ങൾക്ക് ശേഷം പത്ത് പേരുടെ മൃതദേഹം വിവിധ സ്ഥലങ്ങളിൽ നിന്ന് തീരം ഏറ്റുവാങ്ങിയെങ്കിലും വിൻസെന്റ് ഉൾപ്പെടെ മൂന്ന് പേരെക്കുറിച്ച് പുറംലോകത്തിന് ഇപ്പോഴും അറിവില്ല.
ജസീന്തയുടെ കുടുംബം
കടയ്ക്കുളം കുന്നത്തു വീട്ടിൽ മുപ്പത്തൊൻപതുകാരനായ സിൽവസ്റ്ററിനെ ഭാര്യ ജെസീന്തയും കുഞ്ഞുമക്കളായ ഗിൽഡയും ആശയും ഒരു മാസത്തോളം കാത്തിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് എന്നെങ്കിലുംസിൽവസ്റ്റർ ജീവനോടെതിരിച്ചു വരുമെന്ന് അവർവിശ്വസിച്ചു. ജീവന്റെ തുടിപ്പുകൾ തേടിപ്പോയവരുടെ വള്ളങ്ങൾ തീരത്തണയുമ്പോൾ ജസീന്തയും മക്കളും ആകാംക്ഷയോടെ ഓടിയെത്തും. വിഴിഞ്ഞത്തെ പള്ളിയങ്കണത്തിലെ ക്യാമ്പിലിരുന്ന് അവർ ഉള്ളുരുകി പ്രാർത്ഥിച്ചു വീടിന്റെ തുണയായ പ്രിയതമന്റെ ജീവനായ്. പക്ഷെ പ്രതീക്ഷകൾ വിഫലമാക്കി ഒരു മാസം കഴിഞ്ഞപ്പോൾ സിൽവസ്റ്ററിന്റെ ചേതനയറ്റ ശരീരം തകർന്ന മനസ്സോടെ അവർ ഏറ്റു വാങ്ങി. 30 ന് പുലർച്ചെ പതിവ് പ്പോലെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയത് വിടചൊല്ലൽ ആകുമെന്ന് ആരും കരുതിയില്ല. അന്നുണ്ടായ ഞെട്ടലിൽ നിന്ന് ജസീന്ത മുക്തയാകാൻ മാസങ്ങൾ വേണ്ടിവന്നു.പുതിയ വീട് നിർമ്മിച്ചപ്പോൾ ഉണ്ടായ ലക്ഷങ്ങളുടെ കടബാധ്യത തീർത്ത ശേഷം മക്കളുടെ ഭാവിയുംമനസിൽസ്വപ്നം കണ്ട് അത് സഫലമാക്കുകയെന്ന ലക്ഷ്യവുമായാണ് കടലമ്മയെ വിശ്വസിച്ച് പ്രതികൂല കാലാവസ്ഥയിലും വള്ളമിറക്കിയത്. കടൽത്തിരകൾ സിൽവസ്റ്ററിനൊപ്പം സഹപ്രവർത്തകരായ ഫ്രെഡി, അരുൾദാസ് എന്നിവരുടെ ജീവൻ അപഹരിച്ചെങ്കിലും നാലു പേരിൽ ജോൺസനെ വെറുതെ വിട്ടു.സർക്കാർ ധനസഹായമായി ഇരുപത് ലക്ഷം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും കടബാധ്യത തീർക്കാൻ കഴിയാതെ വന്നെന്ന് ജസീന്ത പറയുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ താമസിച്ചതോടെ പരാതിയുമായി ചിലർ രംഗത്തെത്തി.
ഓഖിയെത്തുടര്‍ന്ന് കാണാതായവരുടെയും മരണമടഞ്ഞവരുടെയും ബന്ധുക്കൾക്ക് സർക്കാർ ഇരുപത് ലക്ഷം രൂപ വീതം ധനസഹായമായി അനുവദിച്ചു. മത്സ്യത്തൊഴിലാളി കടലിൽ വച്ച് മരണപ്പെട്ടാൽ കിട്ടുന്ന ഇൻഷ്വറൻസ് തുകയായ പത്ത് ലക്ഷവും ചേർത്തായിരുന്നു സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. ചില വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ രൂപയും അധികൃതർ ബാങ്കിൽ നിക്ഷേപിച്ച ശേഷം രേഖകൾ ബന്ധുക്കൾക്ക് കൈമാറി. നിക്ഷേപത്തുകയിൽ നിന്ന് മാസം തോറും കിട്ടുന്ന തുച്ഛമായ പലിശയാണ് പല കുടുംബത്തിന്റെയും ആശ്വാസം. വള്ളവും വലയും നഷ്ടപ്പെട്ട ആദ്യ ലിസ്റ്റിൽപ്പെട്ടവർക്ക് ധനസഹായം ലഭിച്ചെങ്കിലും പിന്നെയുള്ള പലരെയും അധികൃതർ പരിഗണിച്ചില്ലെന്നും ഒരു വിഭാഗം പറയുന്നു.
അതിനിടയില്‍ ജീവഹാനിയും ധനനഷ്ടവും വരുത്തിയ കാറ്റിന്റെ വരവിനെപ്പറ്റി മുന്നറിയിപ്പ് നൽകാത്തതിന്റെ പേരിൽ അധികൃതർ തമ്മിൽ തല്ലാരംഭിച്ചു. ദിവസങ്ങൾ കൊണ്ട് പഴിചാരൽ അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനസിലുണ്ടായ മുറിവുണക്കാനായില്ല. അതിന് ശേഷം മുന്നറിയിപ്പുകളുടെ ഘോഷയാത്ര തന്നെ നടത്തി കടലിന്റെ മക്കളെ പേടിയുടെ മുൾമുനയിൽ നിർത്തി. "മറക്കാനാകാത്ത ഒരു കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ സമ്മാനിച്ച് കടന്നു പോയ മഹാദുരന്തത്തിന് ശേഷം 230 പ്രാവശ്യം മുന്നറിയിപ്പെത്തി .ഇതോടെ ഭീതിയുടെ നിഴലിലായ നിരവധി പേർ തൊഴിലിനോട് വിട പറയാൻ തയ്യാറെടുത്തു. അപകടാവസ്ഥ മനസിലാക്കിയ അധികൃതരും സന്നദ്ധ സംഘടനകളും ധൈര്യം നൽകാൻ രംഗത്തെത്തിയെങ്കിലും കാര്യമായ മാറ്റം വരുത്താനായില്ല. പണത്തെക്കാൾ വലുത് ജീവനെന്ന തിരിച്ചറിവും ഓഖി മനസിന് നൽകിയ മുറിപ്പെടുത്തലും കാരണം മുന്നറിയിപ്പുകളെ അവര്‍ അവഗണിച്ചു. ബഹുഭൂരിപക്ഷം ദിവസവും തൊഴിലുപേക്ഷിക്കേണ്ടി വന്നതോടെ തീരം പട്ടിണിയുടെ പിടിയിലായി. പട്ടിണിക്കും പരിവട്ടത്തിനും തെല്ല് ആശ്വാസം നൽകാനായി ഓരോ കുടുംബത്തിനും മാസം രണ്ടായിരം രൂപ വീതം നാല് മാസം നൽകാൻ സർക്കാർ തയ്യാറായി. പക്ഷെ ഒരു മാസം പണംനൽകിയ ശേഷം അവരും കയ്യൊഴിഞ്ഞു.
(തുടരും)