ഒറിജിനലിനെ വെല്ലും
Monday, May 20, 2019 5:09 PM IST
കോട്ടയം: ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്... അല്ല ഒറിജിനൽ തന്നെ ഫോർഎക്സ് ഷീറ്റും കാർബോർഡും മൾട്ടിവുഡും ഗ്ലാസും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ലോഫ്ളോർ ബസും് എൻഫീൽഡ് ബുള്ളറ്റും ജെസിബിയും പണ്ടുകാലത്ത് വീഡിയോ കോച്ച് എന്നു വിളിച്ചിരുന്ന ഇപ്പോഴത്തെ ടൂറിസ്റ്റ് ബസുകളും ഓട്ടോയും കാറും ജീപ്പും എന്നുവേണ്ട നിരത്തിലൂടെ ഓടുന്ന എല്ലാ വാഹനങ്ങളും അതേപടി നിർമിക്കുന്ന കലാകാരൻമാരുടെ എണ്ണം കൂടുകയാണ്. കൈവിരലുകളിൽ ഇങ്ങനെ വിസ്മയം തീർക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. ഇവർ എല്ലാവരും ഒത്തുചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ് ഫേസ്ബുക്കിൽ അതിന്റെ പേരാണ് മിനിയേച്ചർ ക്രാഫ്റ്റേഷ്സ്. ലോകത്തിന്റെ വിവിധ കോണുകളിലുളളവർ അണിചേർന്നിരിക്കുന്ന ഈ കൂട്ടായ്മ ഇപ്പോൾ തങ്ങളുടെ അംഗങ്ങൾ നിർമിച്ചിരിക്കുന്ന വിസ്മയങ്ങൾ മാലോകരെ അറിയിക്കാനായി പ്രദർശനം സംഘടിപ്പിക്കുകയാണ്.
കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ കോട്ടയം മണർകാടുള്ള നാലുമണിക്കാറ്റ് വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തിൽ നടത്തിയ പ്രദർശനം ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞൻ സ്കൂട്ടർ മുതൽ ട്രെയിൻവരെ, കെഎസ്ആർടിസി ബസുകളും കാറുകളും ബൈക്കുകളും ഓട്ടോറിക്ഷയും ടെന്പോ ട്രാവലറും മണ്ണുമാന്തിയന്ത്രവും ബോക്സ് ഓഫീസിൽ ഹിറ്റായ മോഹൻലാൽ ചിത്രമായ ലൂസിഫറിലെ നെടുന്പള്ളി ജീപ്പും ഇങ്ങനെ കൈവിരലിൽ തീർത്ത കലാസൃഷ്്ടികൾ നാലുമണിക്കാറ്റിൽ കാഴ്ചയുടെ വിസ്മയം തീർത്തു. പരിചിതമായ വാഹനങ്ങളുടെ മാതൃകകൾ നേരിൽ കണ്ടപ്പോൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളവയായിരുന്നു. തങ്ങളുടെ ഇഷ്ടവാഹനമായ ബുള്ളറ്റും ബൈക്കുകളും കൈയിൽ എടുത്ത് കുട്ടികൾ ഫോട്ടോയെടുക്കാൻ മത്സരിച്ചു. മിനിയേച്ചർ ക്രാഫ്റ്റേഷ്സ് ഗ്രൂപ്പിൽ അംഗങ്ങളായ വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ നൂറുകണക്കിനു മാതൃകകളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.
കെഎസ്ആർടിസിയുടെ പഴയ ബസ് മുതൽ ഏറ്റവും പുതിയ മോഡലായ ലോഫ്ളോർ, സ്കാനിയ ബസുകളുടെ മാതൃകകൾവരെ ഏവരെയും ആകർഷിക്കുന്നതായിരുന്നു. ജെസിബിയുടെ വിവിധ മോഡലുകളും ഹിറ്റാച്ചി എന്നിവയും അതേ പടി നിർമിച്ച കാഴ്ച പലരെയും അദ്ഭുതപ്പെടുത്തി. എൽഇഡി ബൾബുകൾ ഘടിപ്പിച്ചു മുഴുവൻ വൈദ്യുതീകരിച്ചാണ് ടൂറിസ്റ്റ് ബസുകളുടെ മാതൃക അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ടൂറിസ്റ്റ് ബസുകളായ കൊന്പൻ, കല്ലട, വണ്നെസ്, സൽമാസ് തുടങ്ങിയ ബസുകളുടെ മാതൃകകൾ നിരവധിയുണ്ട്. സ്വകാര്യ ബസുകളുടെ മിനിയേച്ചറുകളാണ് എല്ലാവരെയും ആകർഷിച്ചത്. നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പായുന്നതും നിത്യവും സഞ്ചരിക്കുന്നതുമായ ബസുകളുടെ മാതൃകകൾ കാണുവാനായിരുന്നു തിരക്കേറെ. കോട്ടയം നിവാസികൾക്ക് ചിരപരിതമായ ബീന, പീറ്റേഴ്സ്, ചന്പക്കര, ഗോമതി, കളത്തിൽ തുടങ്ങിയ ബസുകളുടെ മാതൃകകൾ കുട്ടികൾക്കും മുതിർന്നവർക്കും കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. ബുള്ളറ്റിന്റെയും ന്യൂജൻ ബൈക്കുകളുടെ മാതൃകയാണ് യുവാക്കൾക്ക് ഹരമായത്.
വാഹനങ്ങൾ മാത്രമായിരുന്നില്ല വിനോദസഞ്ചാരകേന്ദ്രമായ ചടയമംഗലത്തെ ജഡായു പാറയും ഈഫൽ ടവറും വിവിധ വീടുകളുടെ മാതൃകയും ഏവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അയ്യായിരത്തോളം ആളുകൾ അംഗങ്ങളായിട്ടുളള ഈ ഫേസ്ബുക്ക് ഗ്രൂപ്പിലുള്ളവർ തങ്ങളുടെ മാതൃകകൾ ഉണ്ടാക്കുന്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുന്നു. ഈജിപ്റ്റ്, മലേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർ വരെ ഗ്രൂപ്പിൽ അംഗങ്ങളാണ്. തങ്ങളുടെ മാതൃകകൾ ഇവർ വിൽപനയും നടത്തുന്നുണ്ട്. ഞീഴൂർ സ്വദേശി ശ്യാംകുമാറിന്റെ മിനിയേച്ചർ മാതൃകകൾ ഒരു അഡാർ ലൗ എന്ന സിനിമയിലെ ഗാനരംഗത്തിലും രാജമാണിക്യം സിനിമയിലും ചിത്രീകരിച്ചിരുന്നു.
ജിബിൻ കുര്യൻ