ജയൻ ഹെലികോപ്റ്ററിൽ പിടിച്ചു കയറിയാൽ പെട്ടെന്ന് തന്നെ കൈ വിടണം. ഇതായിരുന്നു ഷോട്ട്. ചെറിയ ഉയരത്തിലാണ് ഇത് ചിത്രീകരിച്ചത്. അതിനാൽ തന്നെ ജയന് കൈ വിട്ടാൽ താഴെ ചാടി നിൽക്കാൻ പറ്റും. ജയൻ കൈ വിട്ടാൽ ബക്കി ഭാഗം ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ജയൻ ഹെലികോപ്റ്ററിൽ കയറി പിടിച്ച ശേഷം ഹെലികോപ്റ്ററിന്റെ റോഡിൽ കാലുപയോഗിച്ച് ലോക്ക് ചെയ്തു. ആ സമയത്ത് ബാലൻ കെ.നായരും ജയനും ഹെലികോപ്റ്ററിന്റെ ഒരേ ഭാഗത്തായി.
ജയൻ നല്ല വെയ്റ്റ് ഉള്ള ആളാണ്. അപ്പോൾ ഹെലികോപ്റ്ററിന്റെ ബാലൻസിന് പ്രശ്നമുണ്ടായി. പൈലറ്റ് ഹെലികോപ്റ്റർ താഴെ ഇറക്കാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ ഒരു ചിറക് തറയിൽ ആദ്യം തട്ടി. രണ്ടാമതും തട്ടി. അപ്പോഴേക്കും ബാലൻസ് നഷ്ടമായി ഹെലികോപ്റ്റർ താഴെ ഇരുന്നു. ജയന് കാലെടുക്കാൻ പറ്റിയില്ല. ജയന്റെ തലയുടെ പിൻഭാഗം തറയിൽ തട്ടി. പൈലറ്റ് രക്ഷപ്പെട്ടു. ബാലൻ കെ.നായർക്ക് കാലിനു പരുക്കേറ്റു. ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും മാറ്റിയ ഉടൻ ഹെലികോപ്റ്റർ പൂർണമായും കത്തിപ്പോയി.
അപകടം ഉണ്ടായി അൽപ്പ സമയത്തിനകം ചെന്നൈയിൽ വെളളപ്പൊക്കം ഉണ്ടായി. കാറുകൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥ. ഇതുമൂലം ജയനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതു അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി. ആശുപത്രിയിൽ എത്തിക്കുന്പോൾ ജയന് ചെറിയ അനക്കം ഉണ്ടായിരുന്നു. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്തം ഒരുപാട് വാർന്നുപോയതാണ് മരത്തിന് ഇടയാക്കിയത്.
ക്രെയിൻ വഴിയും ദുരന്തം കമൽഹാസന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിൽ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്.
ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു.
ഏതാനും മാസങ്ങൾക്കു മുന്പ് നടൻ വിജയ് അഭിനയിച്ച ബിഗിൽ സിനിമയുടെ സെറ്റിലും ഇത്തരത്തിൽ ക്രെയിൻ മറിഞ്ഞ് അപകടം നടന്നിരുന്നു.
(അവസാനിച്ചു)
തയാറാക്കിയത്
എൻ.എം