സ്വകാര്യ ജെറ്റ്, ഏഴു റോൾസ് റോയ്സ്, മെഴ്സിഡസ് മെയ്ബാക്ക് അടക്കമുള്ള ആഡംബര വാഹനങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പ്രോപർട്ടി സ്വന്തമാക്കി. 2014ൽ വാങ്ങിയ ഒരു പ്രൈവറ്റ് ജെറ്റ് കമ്പനിയിൽ ഷെട്ടിക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്.
ഷെട്ടിയുടെ സൗഭാഗ്യങ്ങൾക്ക് മേൽ കരിനിഴൽ വീണത് 2019 വർഷത്തിലാണ്. ഷോർട് സെല്ലറായ കാർസൺ ബ്ലോക്കിന്റെ യുകെ ആസ്ഥാനമായുള്ള, നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്സ് ഷെട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതാണ് തുടക്കം.
കമ്പനിയുടെ കാഷ് ഫ്ലോ ഷെട്ടി കൃത്രിമമായി ഉയർത്തി നിർത്തിയിരിക്കുകയാണെന്നും, ഇത് യഥാർഥ കടബാധ്യതകൾ മറച്ചുകൊണ്ടാണെന്നും ട്വിറ്ററിലൂടെയായിരുന്നു ആരോപണം. മഡ്ഡി വാട്ടേഴ്സിനും എംഎൻസിയിൽ ഓഹരികൾ ഉണ്ടായിരുന്നു.
എന്നാൽ ഇവയുടെ വിലകൾ കാര്യമായി ഉയർന്നിരുന്നില്ല. ഇതാണ് കാർസൺ ബ്ലേക്ക് ഷെട്ടിക്കെതിരേ ആരോപണവുമായി രംഗത്തെത്താൻ കാരണം. ഗുരുതരമായ ആരോപണത്തെ തുടർന്ന് കമ്പനിയുടെ ഓഹരിവിലകൾ തകർന്നു വീണു.
ലണ്ടൻ ഓഹരിവിപണിയിൽനിന്ന് കമ്പനിയെ പിൻവലിച്ചു. 12,478 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനി വില്പന നടത്താൻ ഷെട്ടി നിർബന്ധിതനായി. അവസാനം ഒരു ഇസ്രയേലി-യുഎഇ കൺസോർഷ്യത്തിന് ഒരു ഡോളർ അഥവാ 74 രൂപ എന്ന പ്രതീകാത്മക വിലയ്ക്ക് അദ്ദേഹം കമ്പനി വില്പന നടത്തി.
സാമ്പത്തികം എന്നതിലുപരി നിരവധി നിയമ നടപടികളാണ് ഷെട്ടിക്ക് വെല്ലുവിളികൾ സൃഷ്ടിച്ചത്. അബുദാബി കൊമേഷ്യൽ ബാങ്ക്, ഇന്ത്യൻ അഥോറിറ്റികൾ തുടങ്ങിയവയിൽനിന്ന് അദ്ദേഹത്തിന് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
ഷെട്ടിയുടെ അക്കൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് കണ്ടു കെട്ടി. അദ്ദേഹത്തിൻ ബിസിനസുകൾക്ക് നിരോധനം നേരിടേണ്ടി വന്നു. അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ച് നിയമനടപടികൾ ആരംഭിച്ചപ്പോൾ 2020ന്റെ തുടക്കത്തിൽ ഷെട്ടി ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യയിലും ഷെട്ടിക്ക് വായ്പ നൽകിയിരുന്ന ചില ബാങ്കുകൾ അദ്ദേഹത്തിനെതിരേ തിരിഞ്ഞു.
വായ്പ തിരിച്ചടയ്ക്കൽ നടപടികൾ നേരിട്ട ഷെട്ടിക്ക് വിദേശത്തേക്ക് പോകാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെ ഷെട്ടി യുഎഇയിൽ തിരിച്ചത്തിയിരുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസുകൾ കോടതി തള്ളുകളയും അബുദാബിയിലേക്ക് യാത്ര ചെയ്യാൻ സോപാധിക അനുമതി നൽകുകയുമായിരുന്നു.
ചികിത്സയ്ക്കായി അബുദബിയിലേക്ക് പോകണമെന്നാണ് ഷെട്ടി കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയത്. ഡോക്ടറും എംഎൻസിയുടെ മുൻ ഡയറക്ടറുമായ ഭാര്യ ഡോ. ചന്ദ്രകുമാരിയും അദ്ദേഹത്തോടൊപ്പം അബുദാബിയിലേക്ക് പോയിട്ടുണ്ട്.
എംഎൻസിയിലെ ആദ്യ ജീവനക്കാരിയായിരുന്ന ചന്ദ്രകുമാരിയെ 2020ൽ പുതിയ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. അവർക്ക് രണ്ടു ലക്ഷം ദിർഹമാണു കന്പനിയിൽനിന്നു ശന്പളമായി നൽകിക്കൊണ്ടിരുന്നത്. അബുദാബിയിൽ തിരിച്ചെത്തിയ ഷെട്ടി ശ്രമിക്കുക നിയമക്കുരുക്കുകളിൽനിന്നു തന്റെ കന്പനികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാവും.
പക്ഷേ ഇപ്പോൾ 81 വയസ് പ്രായമുള്ള ഷെട്ടിക്ക് അത് എത്രത്തോളം പ്രാവർത്തികമാക്കാനാവുമെന്ന് കണ്ടറിയുകതന്നെ വേണം. സന്പത്ത് വേണ്ടുവോളമുണ്ടായിരുന്ന കാലത്ത് എല്ലവരെയും അകമഴിഞ്ഞു സഹായിച്ചിരുന്നയാളാണ് ഷെട്ടി.
നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു. അങ്ങനെയുള്ള ബി.ആർ. ഷെട്ടി ബിസിനസിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും മുൻ ജീവനക്കാരും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്.
എസ്. റൊമേഷ്