ഹൂസ്റ്റൺ കൺവൻഷനിൽ ക്രിസ്തീയ സാക്ഷ്യമാകാൻ ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും
ഹൂസ്റ്റൺ കൺവൻഷനിൽ ക്രിസ്തീയ സാക്ഷ്യമാകാൻ ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും
ഹൂസ്റ്റണിൽ നടക്കുന്ന സീറോമലബാർ ദേശീയ കൺവൻഷനിൽ ക്രിസ്തുവിന് ഉറച്ച സാക്ഷ്യവുമായി ക്രിസ്റ്റീന മോഹിനി ശ്രീനിവാസനുമുണ്ടാകും. കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ്രമുഖ സാ​മൂ​ഹ്യ- ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർക്കൊപ്പം ക്രിസ്റ്റീനയും ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക​ളി​ൽ സാക്ഷ്യം നല്കും. ക്രിസ്തുമതം സ്വീകരിച്ച അഭിനേത്രി കൂടിയായ ക്രിസ്റ്റീന ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വചനപ്രഘോഷക കൂടിയാണ്.

മഹാലക്ഷ്മി എന്ന തമിഴ് ബ്രാഹ്മണ പെൺ‌കുട്ടി വെള്ളിത്തിരയിൽ എത്തിയപ്പോഴാണ് മോഹിനിയായത്. പതിമൂന്നാം വയസിൽ അഭിനയജീവിതം ആരംഭിച്ച മോഹിനി മലയാളം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബൈബിൾ വായിച്ചുതുടങ്ങിയതോടെ ക്രിസ്തുമതത്തിൽ ആകൃഷ്ടയായ മോഹിനി മുപ്പതാം വയസിൽ ക്രിസ്ത്യാനിയായി. ക്രിസ്തുവിന്‍റെ അനുയായി എന്നർഥമുള്ള ക്രിസ്റ്റീന എന്ന പേരും സ്വീകരിച്ചു. പരിശുദ്ധ മാതാവിലൂടെ താൻ ഈശോയിലെത്തിയെന്നാണ് തന്‍റെ പരിവർത്തനത്തെക്കുറിച്ച് ഒറ്റവാക്കിൽ‌ മോഹിനി വിശേഷിപ്പിക്കുന്നത്.

വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ കഴിഞ്ഞ പത്തുവർഷമായി ക്രിസ്തുവിന്‍റെ സന്ദേശം ലോകത്തെ അറിയിക്കുന്നതിൽ വ്യാപൃതയാണ്. വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പം കുടുംബജീവിതം നയിക്കുന്ന അവർ പ്രദേശത്തെ വിവിധ പ്രാർഥനാ ഗ്രൂപ്പുകളിലും സജീവമാണ്. സിയാറ്റിലിലെ വെസ്റ്റ് വാഷിംഗ്ടൺ കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിൽ നിന്നാണ് ക്രിസ്റ്റീന വചനപ്രഘോഷകയാകാൻ പരിശീലനം നേടിയത്. സിയാറ്റിൽ അതിരൂപതയിലെ ക്രിസ്ത്യൻ കരിസ്മാറ്റിക് ഗ്രൂപ്പിലെ മുതിർന്ന വചനപ്രഘോഷകയാണ് ഇന്ന് ക്രിസ്റ്റീന. ധ്യാനഗുരു എന്ന നിലയിലും ഗായിക എന്ന നിലയിലും ക്രിസ്തുവിന്‍റെ സന്ദേശം അറിയിക്കുന്ന ക്രിസ്റ്റീന ടെലിവിഷൻ ചാനലുകളിലും വചനപ്രഘോഷണം നയിക്കുന്നു.

ദൈവവചനം മനുഷ്യഹൃദയങ്ങളെ എങ്ങനെ ആഴത്തിൽ സ്വാധീനിക്കുമെന്നത് സ്വജീവിതംകൊണ്ട് കാണിച്ചുതന്ന വ്യക്തിയാണ് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ. അഭിനേത്രിയിൽ നിന്ന് ക്രിസ്തുവിന്‍റെ വചനപ്രഘോഷകയിലേക്കെത്തിയ പാതയിലെ വിശ്വാസ അനുഭവങ്ങൾ ക്രിസ്റ്റീന പങ്കുവയ്ക്കുമ്പോൾ അത് അമേരിക്കൻ വിശ്വാസികൾക്കും പുതുചൈതന്യമാകും.



ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉൾപ്പെടെ വിവിധ പരിപാടികൾ കൺവൻഷനിലുണ്ട്. കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് smnchouston.org എന്ന കൺവൻഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാനാകും.