കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം
ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, കൂരിയ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്‍റ് ചെറുവത്തൂരിനും ഹൂസ്റ്റണില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍റെ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. അലക്‌സ് വിരുതകുളങ്ങര, ഫാ. അനില്‍ വിരുതകുളങ്ങര, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ഫൊറോനാ ട്രസ്റ്റി സണ്ണി ടോം, മറ്റു എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും വിശ്വാസിസമൂഹവും ചേര്‍ന്ന് ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മാര്‍ ആലഞ്ചേരിയെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.



അമേരിക്കയിലെ ആയിരക്കണക്കിന് സീറോ മലബാര്‍ സഭാഅംഗങ്ങള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു വ്യാഴാഴ്ച തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കും. ഉദ്ഘാടനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും.

മാര്‍തോമാ ശ്ലീഹായുടെ പൈതൃകത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഉണര്‍ന്നു പ്രശോഭിക്കുവാന്‍ ഉള്ള തയാറെടുപ്പിലാണ് സീറോ മലബാര്‍ സഭാ വിശ്വാസികള്‍. ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ സെന്‍ററാണ് വേദി. 'മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം; ഉണര്‍ന്നു പ്രശോഭിക്കുക' എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം സംഗമിക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണ്‍ ഫൊറോനയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍